അസർബയ്ജാനിലെ കുട്ടികൾ: ലേഖനം, മിനി സുരേഷ്

അസർബയ്ജാനിലെ കുട്ടികൾ:  ലേഖനം,  മിനി സുരേഷ്

പുരാതന സംസ്കാരത്തിന്റെമൂല്യമേറിയ പൈത്യക സമ്പത്തും  , പ്രകൃതിഭംഗിയും ഒരു പോലെ സമ്പുഷ്ടമാക്കിയ അതിമനോഹരമായ ഭൂപ്രദേശമാണ് അസർബയ്ജാൻ.അസോസിയേഷൻ ഓഫ് എഞ്ചിനിയേഴ്സ്  കേരള സംഘടിപ്പിച്ച ടൂറിന്റെ ഭാഗമായാണ് അസർബയ്ജാൻസന്ദർശിക്കുവാൻ ഭാഗ്യം ലഭിച്ചത്.

കാക്കസസ്സ് മലനിരകളും ,കാസ്പിയൻ സമുദ്രവും തഴുകി തലോടുന്ന വടക്കൻഏഷ്യാ ഭൂവിഭാഗം.മുൻപിവിടംസോവിയറ്റ് റിപ്പബ്ലിക്കിന്റെഭാഗമായിരുന്നു.ഇപ്പോൾ കൗൺസിൽ ഓഫ് യൂറോപ്പിൽ അംഗമാണ്.മതേതര രാഷ്ട്രത്തിലെ ഭൂരിപക്ഷം ആളുകളും മുസ്ലീം വിശ്വാസികളാണ്.റഷ്യൻഓർത്തഡോക്സ് കൃസ്ത്യൻ വിഭാഗത്തിൽ ഉൾപ്പെടുന്ന ചെറിയൊരു ന്യൂനപക്ഷവിഭാഗവുമുണ്ട്.കൊട്ടാരങ്ങളും,ദേശീയോദ്യാനങ്ങളും,പൈതൃക സമ്പത്ത് വിളിച്ചോതുന്നഗോപുസ്ഥാൻ കലാചാതുരിയും ഫയർ ടെമ്പിളും,ഗുഹകൾ ,ഫയർ മൗണ്ടൻ, മഡ് വൾക്കാനോ ,മഞ്ഞിലൂടെയുള്ള സ്‌കയ്യിംഗ് ഒക്കെ അസർബയ്ജാനിലേക്ക് ധാരാളമായി വിനോദ സഞ്ചാരികളെആകർഷിക്കുന്നു.

സഹസ്രാബ്ദങ്ങൾക്ക്' മുൻപ് പൂർവ്വികർ അഗ്നിയെ ആരാധിച്ചിരുന്നു. അസർ എന്നാൽ തുർക്കിഭാഷയിൽ അഗ്‌നിഎന്നാണർത്ഥം.

'ലാൻഡ് ഓഫ് ഫയർ'എന്ന് വിശേഷിപ്പിക്കുന്ന ഈ നാട് അതിരു പങ്കിടുന്ന റഷ്യ,ജോർജിയ,അർമേനിയ,ഇറാൻ,ടർക്കി ,എന്നീ രാജ്യങ്ങളുടെയെല്ലാം സംസ്കാരങ്ങൾ നെഞ്ചിലേറ്റുന്നു.

ബാക്കു സിറ്റിയിൽ എയർ പോർട്ടിന് അധികം ദൂരെയല്ലാതെഒരു കുന്നിനു മുകളിലായി ഫ്ലേം ടവേഴ്സ്(flametower)കാണാം..ഓറഞ്ച് ,ചുമപ്പ് ,പിങ്ക് നിറത്തിലുള്ള LED ലൈറ്റുകൾ  മൂന്ന് ഗോപുരങ്ങളിലുമായി നൃത്തമാടുന്ന ചാരുതയോടെ അഗ്നിനാളങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ വിസ്മയാവഹമായി വിലസുന്നു.

സമ്പന്നത വിളിച്ചോതുന്ന അപ്പാർട്ട്മെൻറുകളും ,5star സൗകര്യമുള്ള ഹോട്ടലുമെല്ലാം ഉൾപ്പെടുത്തി നഗരത്തിൽ എവിടെ നിന്ന് നോക്കിയാലും  ദൃശ്യമാകുന്ന വിധത്തിലാണ് ആർക്കിട്ടെക്റ്റ് Hok International,Pierre Baillargeon ടവറുകൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്.മറ്റൊരു ശ്രദ്ധാകേന്ദ്രം

കുഞ്ഞൻ പുസ്തകങ്ങളുടെ ലൈബ്രറിയാണ്.പൊടിയുടെ കണിക പോലും സ്പർശിക്കാത്ത ചില്ലലമാരികളിൽ വൃത്തിയായും ,ഭംഗിയായും ഒരുക്കിയിട്ടുള്ള കുഞ്ഞൻ പുസ്തകങ്ങൾ ആരിലും കൗതുകമുണർത്തുന്നവയാണ്.

അസർബയ്ജാനിലെ വിസ്മയക്കാഴ്ചകളെക്കുറിച്ച് ധാരാളം ലേഖനങ്ങളും ,വീഡിയോകളും നവമാധ്യമങ്ങളിൽ സുലഭമാണ്.ബാലകഥകൾ എഴുതാറുള്ളതിനാലാവണം പ്രകൃതിയെപ്പോലെതന്നെ അവിടുത്തെ കുഞ്ഞുങ്ങളും ,എന്റെ ഹൃദയത്തെ ഏറെ സ്പർശിച്ചു. 

ബാക്കു സിറ്റിയിൽ ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിനോട് ചേർന്നായിരുന്നു അവിടുത്തെ

ഗവൺമെൻറ് സ്കൂൾ.നമ്മുടെ നാട്ടിലെ ഇന്റർനാഷണൽ സ്കൂളുകളെ അതിശയിപ്പിക്കുന്ന കെട്ടിടങ്ങളും ,പരിസരവും കണ്ട് അത്ഭുതം തോന്നി.

പഠനോപകരണങ്ങളും , യൂണിഫോമുമെല്ലാം നൽകി സ്കൂൾ തലത്തിൽ വിദ്യാഭ്യാസം പൂർണ്ണമായും ഗവൺമെന്റിന്റെ ചുമതലയാണ്.വിദേശികളാണെന്ന യാതൊരു

അപരിചിതത്വ ഭാവവും കാണിക്കാതെ അധ്യാപകരും ,കുട്ടികളും ഞങ്ങളുടെ സംഘത്തിലുള്ളവരോട് കുശലങ്ങൾ പങ്കിട്ടു.ജലസേചന വകുപ്പിൽ നിന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയറായി വിരമിച്ച മർക്കോസ് സാർ മറ്റൊരു കൊച്ചു കുട്ടിയായി കുട്ടികളോടൊപ്പം ആടുവാനും ,പാടാനും തുടങ്ങി.ഒരു നാടൻ പാട്ടു പാടി ഞാനും അതിന്റെ ഭാഗമായി. കുഞ്ഞുങ്ങളുടെ കണ്ണുകളിൽ തെളിഞ്ഞു.

നിന്നിരുന്ന ആത്മവിശ്വാസത്തിന്റെ തിളക്കം ആ രാഷ്ട്രത്തിന്റെ തന്നെ കരുത്തും ,പ്രതീക്ഷയുമാണെന്നോർത്തപ്പോൾ വളരെ സന്തോഷം തോന്നി.പ്രാഥമികാവശ്യങ്ങൾ പോലെ സുപ്രധാനമാണ്കുഞ്ഞുങ്ങളുടെ മാനസികാരോഗ്യവും. അക്കാര്യത്തിന് നല്ല മുൻതൂക്കം അധ്യാപകർ കൊടുക്കുന്നുണ്ടെന്ന്

കുട്ടികളോട് ഇടപെടുമ്പോൾ തന്നെ നിസ്സംശയം ബോധ്യപ്പെടും. കുഞ്ഞുങ്ങൾക്കെതിരെയുള്ള

അതിക്രമങ്ങളും ,ചൂഷണങ്ങളും തടയുവാനുള്ള നിയമങ്ങളും പ്രബലമാണ്.അനാഥരായിട്ടുള്ള

കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനും ഭരണകൂടം മുൻതൂക്കം കൊടുക്കുന്നുണ്ട്.

ഏത് രാജ്യത്തായാലും കുഞ്ഞുങ്ങൾ നിഷ്കളങ്കതയുടെ പ്രതീകങ്ങളാണ്. നന്നായി പരിപാലിച്ച് ശ്രദ്ധയോടെ തേച്ചു മിനുക്കിയെടുക്കേക്കത് മുതിർന്നവരുടെ ചുമതലയാണ്. കുഞ്ഞുങ്ങളോട് ഇടപെടുമ്പോൾ അവരുടെ മനസ്സിലേക്കിറങ്ങിച്ചെല്ലുവാൻ നമുക്ക്

കഴിയണം. ആ ഉത്സാഹം പടുതിരി കത്തിയണയാതെ ആത്മ വിശ്വാസത്തിന്റെ ഊർജ്ജം പകർന്നാൽ അവരിലെ കഴിവുകൾ

വീടിനും , നാടിനും പ്രകാശം പരത്തും.