കോവിഡ് വാക്സിൻ യുവാക്കളില്‍ പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നില്ലന്ന് ഐ.സി.എം.ആര്‍ പഠനം

കോവിഡ് വാക്സിൻ യുവാക്കളില്‍ പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നില്ലന്ന് ഐ.സി.എം.ആര്‍ പഠനം

ന്യൂഡല്‍ഹി: യുവാക്കള്‍ പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുന്ന സംഭവങ്ങള്‍ രാജ്യത്ത് വിവിധയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) നടത്തിയ  പഠന റിപ്പോര്‍ട്ട് പുറത്ത്.

യുവാക്കളില്‍ പെട്ടെന്നുള്ള മരണത്തിന് കോവിഡ് വാക്സിൻ കാരണമാകുന്നില്ലെന്നും, വാക്സിൻ ചെറുപ്പക്കാര്‍ക്കിടയില്‍ മരണ സാധ്യത കുറക്കുന്നുവെന്നുമാണ് പഠനഫലം. കുറഞ്ഞത് ഒരു ഡോസ് വാക്സിൻ സ്വീകരിക്കുന്നത് മരണ സാധ്യത കുറക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്.

2021 ഒക്ടോബര്‍ 1 മുതല്‍ 2023 മാര്‍ച്ച്‌ 31 വരെയുള്ള കാലയളവില്‍ രാജ്യത്തുടനീളമുള്ള 47 ഹോസ്പിറ്റലുകളിലായി 18-45 വയസ് പ്രായമുള്ള ആളുകളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവര്‍ക്ക് പെട്ടെന്നുള്ള മരണം സംഭവിക്കാനുള്ള സാധ്യത കുറവാണെന്ന് പഠനത്തില്‍ കണ്ടെത്തി.

അതേസമയം, പെട്ടെന്നുള്ള മരണത്തിന്‍റെ കാരണമായി ഏതാനും കാര്യങ്ങളും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കുടുംബത്തില്‍ പെട്ടെന്നുള്ള മരണത്തിന്‍റെ പാരമ്ബര്യമുള്ളവര്‍, കോവിഡ്-19 മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗി 48 മണിക്കൂറിനുള്ളില്‍ അമിതമായി മദ്യപിക്കുന്നത്, ലഹരി വസ്തുക്കളുടെ അമിത ഉപയോഗം, കഠിനമായ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍ എന്നിവയാണ് പെട്ടെന്നുള്ള മരണ സാധ്യത വര്‍ധിപ്പിക്കുന്നതെന്ന് പഠനം പറയുന്നു.