കോട്ടയത്തിന്റെ സുവിശേഷം -1 ചരിത്രസഞ്ചാരി ©️

ഈ കോട്ടയം ഒരു സംഭവം തന്നെയാ. ഈ നാട്ടിൽ ഒരു യഥാർത്ഥ ചക്രവർത്തി എഴുന്നള്ളി . പണ്ട് 1956 -ൽ ആണത്. അതേ, എത്യോപ്യൻ ചക്രവർത്തി His Imperial Majesty Haile Selassie 1, Conquering Lion of the Tribe of Judah, King of Kings and Elect of God എന്ന സാക്ഷാൽ ഹൈലി സെലാസി കോട്ടയത്തെത്തി. ഇവിടെ കോട്ടയം ക്നാനായ വലിയ പള്ളി സന്ദർശിച്ചു. ഒരു ഫോട്ടോയും, മാർബിൾ ഫലകവും തെളിവായി അവശേഷിപ്പിച്ച് ചക്രവർത്തി യാത്രയായി.
ആരുടെ പ്രേരണയിൽ ആണ് അദ്ദേഹം കോട്ടയത്തിന് എഴുന്നെള്ളിയത് എന്ന് എനിക്കറിയില്ല. ചക്രവർത്തിയുടെ കോട്ടയം സന്ദർശനം വിശേഷങ്ങൾ അറിയാൻ എത്തിയോപ്പിയൻ എംബസിക്ക് കത്തെഴുതി കാത്തിരിക്കുന്നു. അധികാരഭൃഷ്ടനായി, വിപ്ലവസംഘത്താൽ കൊല്ലപ്പെട്ട ചക്രവർത്തിയുടെ പിൻതലമുറ ഇംഗ്ലണ്ടിലെവിടെയോ ജീവിച്ചിരിക്കുന്നു എന്ന് ഇന്റർനെറ്റ് അമ്മായിയിൽ നിന്നറിവായി. അടുത്ത തവണ പോകുമ്പോൾ അവരെ ഒന്ന് തപ്പി പിടിക്കണം.
ചക്രവർത്തി എഴുന്നള്ളിയ കാര്യം കോട്ടയംകാരുടെ സ്വകാര്യ കാര്യമായി ആരോടും പറയാതെ അവർ ""ഞങ്ങളും ചക്രവർത്തിയും തമ്മിൽ പല കാര്യങ്ങളും ഉണ്ട്"" എന്ന മട്ടിൽ മനസ്സിൽ സൂക്ഷിച്ചു കൊണ്ടിരിക്കുന്നു.
ഇതിന് മുൻപ് 1929-ൽ സാക്ഷാൽ ഇർവിൻ പ്രഭു, ഇന്ത്യയുടെ വൈസ്രോയി , കോട്ടയത്തെ സെന്റ് മേരീസ് ക്നാനായ വലിയ പള്ളി സന്ദർശിക്കാൻ എത്തിയിരുന്നു. അങ്ങേരും കല്ലിൽ കൊത്തിവെച്ചു തന്റെ വരവറിയിച്ചു കടന്നുപോയി. ഇവരൊക്കെ എത്തിയത് കല്ലിൽ കൊത്തിയ ആ പുരാതന സിറിയൻ കുരിശ് കാണാനായിരുന്നു എന്ന് പഴമക്കാർ സാക്ഷ്യപെടുത്തുന്നു.
ഒരു കോട്ടയംകാരൻ ഇന്ത്യൻ പ്രസിഡന്റ്( കെ.ആർ.നാരായണൻ ) ആയിട്ടും കോട്ടയംകാർക്ക് വലിയഭാവം ഒന്നും ഇല്ല. നമ്മുടെ CMS കോളേജിൽ പഠിച്ച ആളല്ലേ എന്ന ഒരു ഭാവം. കോട്ടയംകാർക്ക് അത്രേയുള്ളൂ.
ഇതിനൊക്കെ മുൻപ് ഒരു സായിപ്പ് കോട്ടയത്ത് ഒരു കോളേജ് തുടങ്ങാൻ വേണ്ടി കത്തെഴുതി കൊണ്ടിരുന്നു. മൺറോ സായിപ്പ് അന്ന് ഇന്നാട്ടിലെ ആൾക്കാർക്ക് കുറച്ച് വിദ്യാഭ്യാസം കിട്ടട്ടെ എന്നേ കരുതിയുള്ളൂ.
മൺറോ സായിപ്പ് കൊണ്ടുവന്നത് വിദ്യാഭ്യാസത്തിന്റെ പ്രകാശ ഗോപുരങ്ങൾ ആയിരുന്നു. വിദ്യാഭാസത്തിന്റെ മന്ദിരങ്ങൾക്കൊപ്പം കോട്ടയത്ത് ഒരു ലൈറ്റ് ഹൌസും, കൊല്ലത്തിനടുത്ത് മൺറോ തുരുത്തും സായിപ്പിന്റെ പേരിൽ ഇന്നും കാലത്തിനെ അതിജീവിച്ചു നിൽക്കുന്നു.
എഴുത്തിനു മറുപടിയായി തോമസ് നോർട്ടൻ സായിപ്പ് പ്രകാശസാരഥിയായി എത്തി.
നോർട്ടൻ സായിപ്പ് ആലപ്പുഴയിൽ സ്കൂൾ തുടങ്ങി വിദ്യാഭ്യാസത്തിന്റെ വിപ്ലവ പാത തുറന്നു.തൊട്ടു പുറകെ അവരോരോരുത്തരായി എത്തി.
കോട്ടയം ഒരു കൊള്ളാവുന്ന സ്ഥലമായിട്ടാണല്ലോ 1817-ൽ ബെഞ്ചമിൻ ബെയ്‌ലി സായിപ്പ് അണ്ണാൻകുന്നിൽ CMS കോളേജും, തൊട്ടടുത്ത് ചാലുകുന്നിൽ CMS സ്കൂളും, CMS പ്രസ്സും ഒക്കെ സ്ഥാപിച്ചത്.
ജാടയില്ലാതെ കോട്ടയംകാർ അവിടെ പഠിച്ചു. CMS പ്രെസ്സിൽ അച്ചടിച്ചതൊക്ക മേടിച്ചു വായിച്ചവർ പതുക്കെ അക്ഷരങ്ങളുടെയും, വായനയുടെയും ലോകത്തേക്ക് മനസ്സ് തുറന്നു. അന്നുവരെയുള്ള കോട്ടയത്തെ സംസ്കാരവും ആയി വായനയും , എഴുത്തും ചേർത്തുകെട്ടിയ ജനിതകമാറ്റം അന്ന് സംഭവിച്ചു.
അണ്ണാൻ കുന്നിലും, ചാലുകുന്നിലും വരാനുള്ള കാലത്തേക്കായി സ്വപ്നസദൃശ്യമായ സ്കൂളും, കോളേജും സൃഷ്ടിക്കപ്പെട്ടു. ചൂളമരങ്ങളുടെ നടുവിലുയർന്ന സ്കൂളും, കോളേജും വിദ്യാർത്ഥികൾക്ക് അറിവും, ശോഭനമായ ഭാവിയും, നല്ല ഓർമകളും നൽകിയപ്പോൾ , കാഴ്ചക്കാർക്ക് സ്കൂളും, കോളേജും മനോഹരമായ പ്രകൃതിയുടെ ദ്രശ്യവിരുന്നൊരുക്കി.
ബാരിസ്റ്റർ പദവി വേണ്ടന്ന് വെച്ച് ജോസഫ് ഫെൻ 1818-ൽ കോട്ടയത്ത് എത്തി സി.എം. എസ് കോളേജിന്റെ സാരഥ്യം ഏറ്റെടുത്തു. അടുത്ത വര്ഷത്തോട് കൂടി ഹെൻറി ബേക്കർ കോട്ടയത്തിന്റെ വഴിയിലേക്ക് നടന്നെത്തി.
മിസ്സ് അമേലിയ ഡൊറോത്തി ബേക്കർ എന്ന ഡൊറോത്തി മദാമ്മ 1819-ൽ കോട്ടയത്തിന്റെ ഹൃദയ ഭാഗത്തുള്ള കുന്നിൽ പെൺകുട്ടികൾക്ക് വേണ്ടി ഒരു പള്ളിക്കൂടം തുടങ്ങി. 6 പെൺകുട്ടികളും ആയി തുടങ്ങിയ ആ സ്കൂൾ രണ്ടു നൂറ്റാണ്ട് കഴിഞ്ഞും കോട്ടയത്തിന്റെ ഹൃദയത്തിൽ തലയുയർത്തി നിൽക്കുന്നു. തങ്ങളുടെ പെൺകുട്ടികളെ പഠിപ്പിച്ച സ്കൂൾ ഇരിക്കുന്ന സ്ഥലത്തിന് കോട്ടയംകാർ ബേക്കർ ഹിൽ എന്ന് ഓമന പേർ നൽകി ഇന്നുവരെയും വിളിച്ചുപോരുന്നു.
"ചെറുപൈതങ്ങൾക്ക് ഉപകരാർത്ഥം" എന്ന മലയാളത്തിലെ ആദ്യ ബാലസാഹിത്യത്തിലൂടെ ബെഞ്ചമിൻ ബെയ്‌ലി കഥപറച്ചിൽ തുടങ്ങി. "വിദ്യാസംഗ്രഹം" എന്ന ആദ്യ കോളേജ് മാഗസീനിലൂടെ പുതിയ തലമുറയുമായി സി. എം. എസ് കോളേജ് സംവദിക്കാൻ തുടങ്ങി..
ബെഞ്ചമിൻ ബെയ്‌ലി ആദ്യം ഇംഗ്ലീഷ് ഗ്രാമർ സ്കൂളിന്റെ വിത്ത് പാകിയത് കോട്ടയത്തുണ്ടായിരുന്ന പുലിക്കോട്ടിൽ മാർ ദിവന്യാസിസ് തിരുമേനി സ്ഥാപിച്ച പഴയ സെമിനാരിയിൽ ആയിരുന്നു . അവിടുന്നാണ് ചാലുകുന്നിലേക്കും, അണ്ണാൻകുന്നിലേക്കും യഥാക്രമം സ്കൂളും, കോളേജും പറിച്ചു നട്ടത്.
ചാലുകുന്നിൽ നിന്നും, അണ്ണാൻ കുന്നിൽ നിന്നും പഠിച്ചിറങ്ങിവരുടെ മനസ്സ് വിസ്തൃതമായി.
തിരുനക്കര കുന്നിലെത്തി അവർ ലോകത്തിന്റെ അതിരുകളിലേക്ക് നോക്കി.
ബെഞ്ചമിൻ ബെയ്‌ലിയും, ജോസഫ് ഫെന്നും, ഹെൻറി ബേക്കറും അടങ്ങുന്ന ""കോട്ടയം ത്രിമൂർത്തികൾ"" എന്ന സി.എം.എസ് പാതിരിമാർ കോട്ടയം എന്ന
അക്ഷരനഗരിക്ക് തറക്കലിട്ടു. അങ്ങനെ ദക്ഷിണേന്ത്യയിലെ അച്ചടിയുടെയും, വിദ്യാഭാസത്തിന്റെയും തറവാടായി കോട്ടയം മാറി. ആ മാറ്റം മധ്യതിരുവതാംകൂറിന്റെ തലവര മാറ്റി എഴുതി.
അങ്ങനെ മധ്യതിരുവതാംകൂർ എഴുത്തും, വായനയും വശത്താക്കി തുടങ്ങി.
ഒരു റവന്യൂ ജില്ലയുടെ പേരിനപ്പുറം കോട്ടയം ഒരു സംസ്കാരത്തിന്റെ പേരായി മാറി. കോട്ടയം , ഇടുക്കി, പത്തനംതിട്ട ആലപ്പുഴ തുടങ്ങിയ ജില്ലകളും മാവേലിക്കര തുടങ്ങി കാവാലം ഉൾപ്പടെ, മൂവാറ്റുപുഴയും, പിറവം തുടങ്ങിയ പ്രദേശങ്ങൾ വരെ ആ സംസ്കാരം, ശുദ്ധമായ സംസാര ഭാഷയിലൂടെ, തെളിവുള്ള ചില സ്വഭാവ വിശേഷങ്ങളിലൂടെ, ചെറു ചിരിയോടെ ഒരു വയസൻ മാവിന്റെ പ്രൗഢിയിൽ തലയുയർത്തി, തണൽ വിരിച്ച് കേരളത്തിന്റെ ഒത്ത നടുക്ക് നിൽക്കുന്നു.
ചുരുക്കിപ്പറഞ്ഞാൽ പഴയ മധ്യതിരുവതാംകൂറിന്ന് കോട്ടയം എന്ന ബ്രാൻഡിൽ അറിയപ്പെടുന്നു.
തിരുവനന്തപുരത്തിനും, കൊല്ലത്തിനും, ആലപ്പുഴക്കും, എറണാകുളത്തിനും, തൃശൂരിനും, പാലക്കാടിനും കോഴിക്കോടിനും, കണ്ണൂരിനും വലിയ, വലിയ കഥകളും, ചരിത്രവും എഴുത്തുകാരും, മറ്റാൾക്കാരും ചാർത്തികൊടുത്തപ്പോൾ, കോട്ടയം മുണ്ട് മടക്കിക്കുത്തി, കാലൻ കുട ചുഴറ്റി, ഉറച്ച കാൽവെപ്പുകളോടെ കേരളത്തിന് കുറുകെ നിശബ്ദമായി നടന്നു.
കോട്ടയത്തിന് സ്വന്തമായിട്ടുള്ളത് ഫലഭൂഷ്ഠിയുള്ള മണ്ണും, സാഹസികതയും, അക്ഷരങ്ങളോടുള്ള കമ്പവും, ഇസ്തിരിയിട്ട വെള്ള മുണ്ടും ഷർട്ടും, കനിവുള്ള മനസ്സും, മര്യാദയും മാത്രമായിരുന്നു.
തീവ്രവികാരങ്ങളുടെ വിപ്ലവങ്ങൾക്ക് കോട്ടയം വളമിടാറില്ല. പക്വതക്ക് വെള്ളമൊഴിച്ചു കൊടുക്കും.
നാലുപാടും നിന്ന് ശത്രുക്കൾ ചെളിവാരിയെറിഞ്ഞപ്പോഴും പി.ടി. ചാക്കോയും, കെ.എം. മാണിയും, ഉമ്മൻ ചാണ്ടിയും സഭ്യമല്ലാത്ത ഒരു വാക്കുപോലും ഉരിയാടിയില്ല. എന്നാൽ ചങ്കുറപ്പോടെ അതിനെ നേരിട്ടു. സൗമ്യമായി ലോകത്തിനോട് സംസാരിച്ചു. അതിന് കാലം സാക്ഷി.
"എം.എ. ജോൺ നമ്മെ നയിക്കും" എന്ന് കേരളത്തിലെ മതിലുകളായ മതിലുകളിലെല്ലാം എഴുതപ്പെട്ടപ്പോൾ കോട്ടയം തിരുനക്കര മൈതാനത്തു നിന്ന് എം.എ.ജോൺ യുവ കേരളത്തിനോട് ആഹ്വാനം ചെയ്തു :
"നിങ്ങൾ നിഷേധികളാവൂ , പക്ഷെ അഹങ്കാരികൾ ആകരുത്."
അതേ, അതാണ് പക്വതയുടെ "കോട്ടയം സ്പെഷ്യൽ"
രാഷ്ട്രീയസംസ്കാരം.
മണ്ണ് കോട്ടയംകാർക്ക് ഒരു വിശ്വാസം ആണ്.
കോട്ടയത്ത് നിന്ന് ബോട്ടിൽ കയറി എറണാകുളത്തെത്തി , അവിടെ നിന്ന് ട്രെയിനിൽ ഒലവക്കോട്ട് എത്തി അവിടെ നിന്ന് പോത്തുണ്ടി വരെ കാളവണ്ടിയിൽ യാത്ര ചെയ്ത് , പിന്നീട് നടന്ന് നെല്ലിയാമ്പതിയിലെത്തുമ്പോഴേക്കും നാലു ദിവസം ആകുമായിരുന്നു. അങ്ങിനെയാണ് പാലാമ്പടം ഡോക്ടർ പി. ടി തോമസ് തോട്ടങ്ങൾ വെച്ചു പിടിപ്പിച്ചു തുടങ്ങിയത്..
വലിയ പ്ലാന്ററും കാഞ്ഞിരപ്പിള്ളിയുടെ സ്വന്തം MLA യും ആയിരുന്ന ജോർജ് ജെ മാത്യു ബ്രസിലിൽ ഒരു ലക്ഷം acre തോട്ട കൃഷിയെക്കുറിച്ച് ഈ എൺപത്തിനാലാം വയസ്സിലും സ്വപ്നം കാണുന്നു. ALS academy എന്ന ഇന്ത്യയിലെ ഏറ്റവും വലിയ IAS അക്കാഡമിയുടെ ഉടമസ്ഥൻ ജോജോ മാത്യു ഉഗാണ്ടയിൽ അയ്യായിരം acre തോട്ടകൃഷിയെ കുറിച്ചു കണക്കുകൾ കൂട്ടുന്നു...
എവറസ്റ്റ് കീഴടക്കി വരുന്ന മകനോട് കാപ്പി കുടിച്ചോ എന്ന് ചോദിക്കുന്ന അപ്പന്മാരുടെ നാട്. കോട്ടയം.
ചരിത്രസഞ്ചാരി ©️
[email protected]