എയര്‍ ഇന്ത്യക്കെതിരായ ഭീഷണി: ഖലിസ്താൻ നേതാവിനെതിരെ എൻ.ഐ.എ. കേസ്

എയര്‍ ഇന്ത്യക്കെതിരായ  ഭീഷണി: ഖലിസ്താൻ  നേതാവിനെതിരെ എൻ.ഐ.എ. കേസ്

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യക്കും യാത്രക്കാര്‍ക്കും നേരെ ഭീഷണിമുഴക്കിയ ഖലിസ്താൻ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നുന്റെ പേരില്‍ യു.എ.പി.എ.

ചുമത്തി എൻ.ഐ.എ. കേസെടുത്തു.

ഹര്‍ദീപ് സിങ് നിജ്ജര്‍ വധവുമായി ബന്ധപ്പെട്ട് കാനഡ-ഇന്ത്യ വിവാദം കത്തിനില്‍ക്കുന്നതിനിടെ നവംബര്‍ നാലിനു പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് പന്നുൻ ഭീഷണിമുഴക്കിയത്. നവംബര്‍ 19-നും അതിനുശേഷവും എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്രചെയ്യുന്നത് നിര്‍ത്താൻ ഇയാള്‍ സിഖുക്കാരോട് ആവശ്യപ്പെട്ടു. മുന്നറിയിപ്പ് പാലിക്കാത്തവരുടെ ജീവൻ അപകടത്തിലാകുമെന്നും വീഡിയോസന്ദേശത്തില്‍ പറഞ്ഞിരുന്നു.

നിരോധിതസംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ സ്വയം പ്രഖ്യാപിത ജനറല്‍ കൗണ്‍സിലായ പന്നുൻ നിരവധി സാമൂഹ്യ മാധ്യമങ്ങളില്‍ ഈ വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും കാനഡ, ഇന്ത്യ തുടങ്ങി എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്ന രാജ്യങ്ങളിലെ സുരക്ഷാസേന അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

തീവ്രവാദ വിരുദ്ധ ഏജൻസി പന്നുനെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത 2019 മുതല്‍ ഇയാള്‍ എൻഐഎയുടെ നിരീക്ഷണത്തിലായിരുന്നു.