ഹോളിവുഡ് താരം വിന്‍ ഡീസലിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

ഹോളിവുഡ് താരം വിന്‍ ഡീസലിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

വാഷിംഗ്ടണ്‍: ഹോളിവുഡ് താരം വിന്‍ ഡീസലിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്. നടന്റെ മുന്‍ സഹായിയാണ് ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയത്.

2010ല്‍ ഫാസ്റ്റ് ഫൈവിന്റെ ചിത്രീകരണ സമയത്ത് ലൈംഗികമായി പീഡിപ്പിച്ചതായും ആക്രമണത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്നുമാണ് വിന്‍ ഡീസലിന്റെ മുന്‍ സഹായി ആസ്റ്റ ജോനാസണ്‍ പരാതിയില്‍ വിശദമാക്കുന്നത്. ഫാസ്റ്റ് ഫൈവിന്റെ ചിത്രീകരണത്തിനിടെ അറ്റ്ലാന്റയിലെ സെന്റ് റെജിസ് ഹോട്ടലില്‍ വച്ചായിരുന്നു അതിക്രമം എന്നാണ് ആരോപണം.

വ്യാഴാഴ്ചയാണ് ആസ്റ്റ പരാതി നല്‍കിയത്. സമ്മതം കൂടാതെ 56കാരനായ വിന്‍ ഡീസല്‍ കയറിപ്പിടിച്ചതായും എതിര്‍പ്പ് അവഗണിക്കാതെ സ്യൂട്ട് റൂമിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് പരാതി. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ജോലിയില്‍ നിന്ന് പുറത്താക്കിയതായും പരാതിക്കാരി വിശദമാക്കുന്നു.

വിന്‍ ഡീസലിന്റെ നിര്‍മ്മാണ കമ്ബനിയായ വണ്‍ റേസ് ഫിലിംസില്‍ നിന്ന് നടന്റെ സഹോദരിയാണ് പരാതിക്കാരിയെ പുറത്താക്കിയത്. ലൈംഗിക പീഡനത്തിനൊപ്പം ലിംഗ വിവേചനം, നിയമവിരുദ്ധമായ പ്രതികാരം, മാനസിക ബുദ്ധിമുട്ട് എന്നിവ അടക്കമുള്ളവ നടനില്‍ നിന്നും സഹിക്കേണ്ടി വന്നതായാണ് പരാതി.