മരിച്ച ബിന്ദുവിന്റെ വീട് സന്ദർശിച്ച് ആരോഗ്യമന്ത്രി ; സർക്കാർ കുടുംബത്തിനൊപ്പം, വേണ്ടതെല്ലാം ചെയ്യുമെന്ന് വീണ ജോർജ്

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ വീട്ടിൽ ആരോഗ്യമന്ത്രി എത്തി. രാവിലെ 7.30 ഓടെയാണ് മന്ത്രി വീണ ജോർജ് തലയോലപ്പറമ്പിലെ ബിന്ദുവിന്റെ വീട്ടിൽ എത്തിയത്. ബിന്ദുവിന്റെ ഭർത്താവിനോടും മക്കളോടും സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തശേഷമാണ് മന്ത്രി മടങ്ങിയത്. കുടുംബത്തിനു വേണ്ട സഹായമെല്ലാം ചെയ്യുമെന്ന് മന്ത്രി ഉറപ്പു നൽകുകയും ചെയ്തു.
ആരോഗ്യമന്ത്രി ബിന്ദുവിന്റെ വീട് സന്ദർശിച്ചില്ലെന്ന വ്യാപക വിമർശനങ്ങൾക്കിടെയായിരുന്നു മന്ത്രിയുടെ സന്ദർശനം. പ്രാദേശിക സിപിഎം നേതാക്കൾക്കൊപ്പമാണ് മന്ത്രി എത്തിയത്. അത്യന്തം ദുഃഖകരമായ സംഭവമാണെന്നും ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം തന്റേതു കൂടിയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി തന്നെ സഹായത്തെ കുറിച്ച് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
ബിന്ദുവിന്റെ മകളുടെ തുടര്‍ചികിത്സ കുടുംബം എവിടെയാണോ ആവശ്യപ്പെടുന്നത് അവിടെ ചെയ്യാന്‍ വേണ്ട ഏര്‍പ്പാടുകളെല്ലാം ചെയ്യുമെന്നും മന്ത്രി ഉറപ്പുനല്‍കി.