വി എസ് ഇനി ജന ഹൃദയങ്ങളില്‍

Jul 23, 2025 - 18:18
 0  6
വി എസ് ഇനി ജന ഹൃദയങ്ങളില്‍

വിഎസ് അച്യുതാനന്ദന് ആലപ്പുഴയിലെ  പോരാട്ടഭൂമിയിൽ നിത്യനിദ്ര .നിരവധി വിപ്ലവ പോരാളികൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിന്റെ മണ്ണിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. മകൻ അരുൺ കുമാർ അദ്ദേഹത്തിന്റെ ചിതയ്ക്ക് തിരികൊളുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ സംസ്കാര ചടങ്ങുകൾക്ക് സാക്ഷിയായി.

പെരുമഴയിലും 'കണ്ണേ കരളേ വിഎസേ, ജീവിക്കുന്നു ഞങ്ങളിലൂടെ' എന്ന മുദ്രാവാക്യം വിളികളുമായി  അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ എത്തിയിരുന്നു.  വിഎസ് എന്ന രണ്ടക്ഷരത്തോടുള്ള സ്‌നേഹവും ബഹുമാനവും കലര്‍ന്ന മുദ്രാവാക്യങ്ങള്‍ ആലപ്പുഴയുടെ സമര ഭൂമികയില്‍ മുഴങ്ങിക്കൊണ്ടേയിരുന്നു.

വൈകിട്ട് അഞ്ചിന് വലിയ ചുടുകാടില്‍ സംസ്‌കാരം നടത്തുമെന്നായിരുന്നു തീരുമാനം. എന്നാല്‍ പ്രിയ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തിയ ജനപ്രവാഹം കണക്കുകൂട്ടലുകള്‍  തെറ്റിച്ചു. വേലിക്കകത്ത് വീട്ടിലും റീക്രിയേഷന്‍ ഗ്രൗണ്ടിലും നടന്ന പൊതുദര്‍ശനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പതിനായിരങ്ങള്‍ പങ്കെടുത്തു.

മണിക്കൂറുകള്‍ കാത്തുനിന്നും മഴ നനഞ്ഞും ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ച് കാത്തുനിന്ന പ്രിയപ്പെട്ടവര്‍ക്ക് അരികിലൂടെ വിഎസ് കടന്നുപോയി.