ഇന്ത്യയ്ക്ക് 25% തീരുവയും പിഴയും ചുമത്തി ട്രംപ്

Jul 30, 2025 - 15:28
 0  12
ഇന്ത്യയ്ക്ക് 25% തീരുവയും പിഴയും ചുമത്തി ട്രംപ്

ഇന്ത്യൻ ഇറക്കുമതികൾക്ക് 25 ശതമാനം തീരുവയും അധിക പിഴകളും ചുമത്തുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഓ​ഗസ്റ്റ് ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും ട്രംപ് പറഞ്ഞു. റഷ്യയിൽ നിന്നുളള ഇന്ത്യയുടെ തുടർച്ചയായുളള ക്രൂഡോയിൽ ഇറക്കുമതിയും യുഎസുമായുളള ദീർഘകാല വ്യാപാര തടസങ്ങളുമാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി യു.എസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

എക്സിലൂടെയായിരുന്നു ട്രംപ് പ്രഖ്യാപനം നടത്തിയത്. നേരത്തെ അമേരിക്കയുമായി പുതിയ വ്യാപാരക്കരാറുകള്‍ ഓഗസ്റ്റ് ഒന്നിന് മുന്‍പ് ഉണ്ടാക്കിയില്ലെങ്കില്‍ കൂടുതല്‍ തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

സമയപരിധിക്ക് രണ്ട് ദിവസം മുമ്പാണ് ട്രംപിന്റെ പുതിയ നീക്കം. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ ഇതുവരെ അന്തിമമായിട്ടില്ലാത്ത സാഹചര്യത്തിലാണ് ട്രംപ് തീരുവ ചുമത്തുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലാണ് ട്രംപ് ഇന്ത്യയുടെ ദീർഘകാല വ്യാപാര രീതികളെയും വിദേശനയങ്ങളെയും, പ്രത്യേകിച്ച് റഷ്യയുമായുള്ള അടുത്ത ബന്ധത്തെയും വിമർശിച്ചത്.

“ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും, വർഷങ്ങളായി നമ്മൾ അവരുമായി താരതമ്യേന വളരെ കുറച്ച് മാത്രമേ ഇടപാടുകൾ നടത്തിയിട്ടുള്ളൂ, കാരണം അവരുടെ താരിഫ് വളരെ ഉയർന്നതാണ്. അതായത്, ലോകത്തിലെ ഏറ്റവും ഉയർന്ന തീരുവയിൽ ഒന്ന്. കൂടാതെ മറ്റ് ഏതൊരു രാജ്യത്തേക്കാളും കൂടുതൽ വ്യാപാര തടസ്സങ്ങൾ അവർക്കുണ്ട്”, എന്ന് ട്രംപ് കുറിച്ചു . അതിനാൽ ഓഗസ്റ്റ് 1 മുതൽ ഇന്ത്യ 25% താരിഫും റഷ്യൻ ആയുധങ്ങളും എണ്ണയും ഉപയോഗിച്ചതിന് പിഴയും നൽകേണ്ടി വരുമെന്ന് ട്രംപ് പോസ്റ്റിൽ പറഞ്ഞു.

റഷ്യയുമായുള്ള ഇന്ത്യയുടെ സൈനിക, ഊർജ്ജ പങ്കാളിത്തം തുടരുന്നതിനെയും ട്രംപ് വിമർശിച്ചു. സൈനിക ഉപകരണങ്ങളിൽ ഭൂരിഭാഗവും ഇന്ത്യ വാങ്ങിയിരുന്നത് റഷ്യയിൽ നിന്നാണ് എന്ന് യു.എസ് പ്രസിഡന്റ് പറ‍ഞ്ഞു.