രമ്യ ഹരിദാസ് എം എല്‍ എയും കോണ്‍ഗ്രസ്സ് നേതാക്കളും തമ്മിലുണ്ടായ സംഘര്‍ഷം; അന്വേഷണം പ്രഖ്യാപിച്ച് കെ പി സി സി
തിരുവനന്തപുരം : ചിറയിന്‍കീഴ് മണ്ഡലം യു ഡി എഫ് എം എല്‍ എ. രമ്യ ഹരിദാസും കോണ്‍ഗ്രസ്സ് നേതാക്കളും തമ്മിലുണ്ടായ അടിപിടി വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കെ പി സി സി. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതായി അധ്യക്ഷന്‍ സണ്ണി ജോസഫ് അറിയിച്ചു. കെ പി സി സി മുന്‍ അധ്യക്ഷന്‍ എം എം ഹസന്‍ ആണ് സമിതിയുടെ അധ്യക്ഷന്‍.
മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന കെ പി സി സി ജനറല്‍ സെക്രട്ടറി രമണി പി നായര്‍, നെയ്യാറ്റിന്‍കര സനല്‍ എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങള്‍. വിഷയം ഗൗരവമായി കാണുന്നുവെന്നും സംഭവത്തില്‍ സംഘടനാ മര്യാദ പാലിക്കപ്പെട്ടിട്ടില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. തെറ്റുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.