ആയുധകലമ്പൽ, മല്ലയുദ്ധങ്ങൾ, പ്രണയം.. ഈ കോട്ടയിൽ കിടന്ന് നാം ഇല്ലാതാകും: 'മലൈ കോട്ടൈ വാലിബൻ' - മോഹൻലാലെന്ന ഒറ്റക്കൊമ്പൻ്റെ പ്രകടനം ; ഏബ്രഹാം കുര്യൻ എഴുതുന്നു

ആയുധകലമ്പൽ,  മല്ലയുദ്ധങ്ങൾ, പ്രണയം.. ഈ കോട്ടയിൽ കിടന്ന് നാം ഇല്ലാതാകും:  'മലൈ കോട്ടൈ  വാലിബൻ' - മോഹൻലാലെന്ന ഒറ്റക്കൊമ്പൻ്റെ പ്രകടനം ; ഏബ്രഹാം കുര്യൻ എഴുതുന്നു
"കണ്ണീരും ചോരയും വീണാണ് കടലുണ്ടാകുന്നത്.
ആ കടലിൻ്റ അടിയിൽ നിന്നും സൂര്യനുദിച്ചു വരും.
സൂര്യൻ്റെ തീ, ഈ കോട്ട ചാമ്പലാക്കും...''
മലൈ കോട്ടൈ വാലിബൻ.
പറഞ്ഞ ദൃശ്യങ്ങളെക്കാൾ പറയപ്പെടാത്ത ദൃശ്യങ്ങളേറെയുള്ള സിനിമ. മനസ്സൊരുക്കി യാത്ര തുടരുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒരത്ഭുതപ്പിറവി.
ബാലരമയിലെ അമർ ചിത്രകഥ പോലെ കൂളായി വായിച്ചു പോകാവുന്ന മുത്തശ്ശിക്കഥയൊന്നുമല്ല മലൈക്കോട്ടെ വാലിബൻ. 100 % ഫിലോസഫിക്കലായ ഒരു ഹൈബ്രിഡ് ചിത്രം.
ഉത്തരം കണ്ടെത്താൻ വർണ്ണത്തിൽ ചാലിച്ച ഒരു ജിഗ്സോ പസിൽ നമുക്ക് മുന്നിലേക്ക് വലിച്ചെറിയുന്നു ലിജോ. ചേർത്ത് വെച്ച് ഉത്തരം കണ്ടെത്താൻ ശ്രമിക്കും തോറും മലകൾക്കും ചുട്ടുപഴുത്ത മണൽപ്പുഴകൾക്കും ഇടയിൽ കെട്ടുപിണഞ്ഞു കിടക്കുന്ന വഴികളിൽ നാം പെട്ടു പോകുന്നു. അട്ടഹാസം. ആയുധകലമ്പൽ. മല്ലയുദ്ധങ്ങൾ. പ്രണയം. തടവറ തകർക്കൽ......
 ഇതിനൊക്കെ ഇടയിൽ കിടന്ന് നാം പുറത്ത് വരില്ല. 
വാലിബൻ്റ കോട്ടയിൽ കിടന്ന് നാം ഇല്ലാതാകും.
 വാലിബനെന്ന മല്ലൻ, അയ്യനാരെന്ന ആശാൻ, 
ചിന്നൻ എന്ന അനുജൻ.
ഇവരുടെ മല്ലയുദ്ധ യാത്രയാണീ ചലച്ചിത്രം.
 മനുഷ്യകുലത്തിൻ്റെ യാത്ര.
100 പേരെ അടിച്ചുവീഴ്ത്തുന്ന ഒരു വാലിബൻ.
മോഹൻലാലിന് മാത്രം ആർജിച്ചെടുക്കാൻ കഴിയുന്ന വിശ്വസനീയതയാണത്.
 ഒരർത്ഥത്തിൽ മോഹൻലാലെന്ന ഒറ്റക്കൊമ്പൻ്റെ പ്രകടനമാണീ ചിത്രം.
ആകാശം മുട്ടെയുള്ള കേളു മല്ലൻ്റെ മുന്നിൽ യുദ്ധത്തിനായി മണലിലിരുന്ന്,
കേളുമല്ലനെ തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന ലാലിൻ്റെ അനായാസമായ അഭിനയത്തിൽ നിന്നാരംഭിക്കുന്നു
 ഒറ്റക്കൊമ്പൻ്റെ യാത്ര.
മുടിയും മുഖവും ഉടുത്തുകെട്ടും 
കവച കുണ്ഡലവും കൊണ്ട് ധീരോദാത്തനായ നായകൻ്റെ കണ്ണുകളിൽ മാറിമറിയുന്ന ശൗര്യവും ക്രോധവും പ്രണയവും നിസ്സഹായതയും കനിവും വീര്യവും പുറത്തേക്ക് കുതിക്കുന്ന 
ഊർജ്ജപ്രവാഹവും മോഹൻലാലെന്ന നടൻ്റെ നഷ്ടപ്പെട്ട അഭിനയ മികവിൻ്റെ തിരിച്ചുവരവാണ്.
മങ്ങാട്ടെ പോർക്കളത്തിൽ ചൂണ്ടുവിരലിനും തള്ളവിരലിനുമിടയിൽ സൂര്യനെ  കൊണ്ടുവരുന്നതും മെക്കാളെയുടെ കൊട്ടാരത്തൂണുകളിൽ ബന്ധിതനായ ഒരു ക്രൂശിത രൂപം പോലെ കിടക്കുന്നതും ഉടക്കു കയറുകൾക്കിടയിൽ നിസ്സഹായതയുടെ ആൾരൂപമായി വാലിബൻമാറുന്നതുമൊക്കെ മോഹൻലാൽ അയത്നലളിതമായി അവതരിപ്പിച്ചിരിക്കുന്നു.
ഇരുമ്പ് വൻമതിൽ പറിച്ചെടുത്ത് സ്വതന്ത്യത്തിൻ്റെ വഴിത്താരയിലേക്ക് കുതിച്ചു നീങ്ങുന്ന വാലിബനും ഇലച്ചാർത്തുകൾക്കിടയിൽ പുഞ്ചിരി തൂകി മരിച്ചു കിടക്കുന്ന ചിന്നനെയും ജമന്തിയേയും സ്വപ്നം കാണുന്ന വാലിബനേയും മറക്കാനാവില്ല.
ഒരു 64 വയസ്സുകാരൻ.
മനസ്സ് ആഗ്രഹിക്കുന്നിടത്ത് ശരീരം വഴങ്ങുമെന്ന് പ്രിയപ്പെട്ട മോഹൻലാൽ കാണിച്ചു തരുന്നു.
The complete actor.
മലയാളത്തിലെ ഈ വലിയ മഹത്തായ സിനിമ അനായാസം മോഹൻലാൽ ചുമന്ന് നീക്കുകയാണ്.
ഒരു ക്ലാസ്സിക് കഥാപാത്രമാണ് ഈ ചിത്രത്തിലെ ഡാനിഷ് സേത്ത് അവതരിപ്പിക്കുന്ന ചമതകൻ. കൊല്ലുന്ന അലറൽ, രക്തമൂറ്റുന്ന കണ്ണുകൾ, പരിഹാസച്ചിരി.. 
ഒരു നൂറു വ്യാഖ്യാനങ്ങൾ എഴുതി ചേർക്കാവുന്ന കഥാപാത്രം. തലമുടിയും മീശയും പാതിവടിച്ച് അർദ്ധനഗ്നനായി കഴുതപ്പുറത്തേറി കൂകിയും കാറിയും പോകുന്ന ചമതകൻ!
എന്തൊരു കാഴ്ചയാണത്.
" യുദ്ധം നമ്മൾ തമ്മിലല്ലേ? നിങ്ങൾ രണ്ടു പേർ എതിർ നിന്നാൽ ... "
"ഞങ്ങൾ രണ്ടു പേരും ഒന്നാണ്!"
ഇംഗ്ലീഷ് പട്ടാളക്കാരനെ കൊന്ന് അവൻ്റെ ചുമന്ന തൊപ്പിയണിഞ്ഞ് സല്യൂട്ട് ചെയ്യുന്ന ചമതകൻ.
ചതിയുടെ ചരിത്രമുള്ള മങ്ങാട്ടെ മല്ലനെ തവിടുപൊടിയാക്കി കുലം തകർത്തപ്പോൾ ദുഃഖിതയായി നടന്നു നീങ്ങുന്ന മങ്ങാട്ടെ മല്ലൻ്റെ അമ്മ.താഴേയ്ക്ക് പതിക്കുന്ന കൊടിക്കൂറ. ചതിയിൽപെട്ട് തളർന്ന് കിടക്കുന്ന പഴയ മല്ലൻ്റെ സന്തോഷച്ചിരി.
പിന്നിൽ നിന്നായാലും മുന്നിൽ നിന്നായാലും ചതിച്ചു ജയിച്ചവർ നീണ്ടുനിന്ന ചരിത്രമുണ്ടോ?
.....
ലിജോ നമുക്ക് മുന്നിലേക്കെറിയുന്ന രാഷ്ടീയ ദൃശ്യങ്ങൾ ഇനിയുമേറെയുണ്ട്.

മെക്കാളെയുടെ പട്ടാളം വാലിബനെ രണ്ടു വശത്തു നിന്നും പൂട്ടുമ്പോൾ മുകളിലേക്ക് ചൂണ്ടി കാട്ടി വാലിബൻ പറയുന്നു:
"കൊഞ്ചം അങ്ങേ പാർ."
തടവറകൾ ഭേദിച്ച് അടിച്ചമർത്തപ്പെട്ടവരുടെ തോക്കും കല്ലും വെളുത്തവൻ്റെ തലയിലേക്ക് ഇടിത്തീയായി വീഴുന്നു.
 മണികണ്ഠൻ്റെ വിളി ,
"ദേവേ "...
സ്വാതന്ത്ര്യത്തിലേക്കുള്ള കറുത്ത അലർച്ചയായി അത് മാറുന്നു.
ചമതകൻ തീയാഴിക്ക് മുന്നിൽ മരിച്ചുവീഴുമ്പോൾ അയ്യനാർ ചമതകനെ പോലെ ആർത്ത് ചിരിക്കുന്നു. കൊടിയ വിഷം ആർക്കാണ് കൂടുതൽ?
പഴയ സങ്കല്പങ്ങളും അതിർവരമ്പുകളും എലുകയും നടപ്പു വഴികളും തകർത്തെറിഞ്ഞ് ലിജോ ജോസ് നിൽക്കുന്നു. 
മലയാള സിനിമ വഴിമാറുകയാണ്.
അവസാന ഭാഗത്തൊരു കത്രിക പ്രയോഗം വന്നിരുന്നുവെങ്കിൽ നന്നായിരുന്നു എന്ന് തോന്നുന്നു.
അപൂർവ സുന്ദരമാണ്
 ശ്രീ പി.എസ്.റെഫീക്കിൻ്റെ തിരക്കഥ. മിഴിവുള്ള കഥാപാത്രങ്ങൾ.
കണ്ടാലും കണ്ടാലും കൊതിതീരാത്ത നൂറായിരം ദൃശ്യങ്ങൾ കൊണ്ട് 
ശ്രീ മധു നീലകണ്ഠൻ ഈ ചിത്രത്തെ ക്ലാസ്സിക്കാക്കി മാറ്റി.
ലിജോയ്ക്കും വാലിബനും കഥയ്ക്കും ഒപ്പം സഞ്ചരിക്കുന്ന ശ്രീ പ്രശാന്ത് പിള്ളയുടെ സംഗീതം പ്രേക്ഷകനിൽ ചിത്രത്തെ ആഴത്തിലുറപ്പിച്ചു.
കാട്ടുമല്ലൻമാരേയും കാപ്പിരികളേയും പൊരുതി ജയിച്ചവൻ!
അവൻ നടക്കുമ്പോൾ ഭൂമി വിണ്ടുമാറും !
പെയ്യാനുള്ളത് വേഗം പെയ്യും!
വൻമരങ്ങൾ ഇലവീഴ്ത്താതെ നിൽക്കും.
കാറ്റ് വഴി മാറും! 
കടൽ മിണ്ടാതെയാകും!
ഇത് വരെ നീങ്കൾ കണ്ടതെല്ലാം പൊയ്!
 ഇനി കാണാൻ പോകുന്നത് നിജം!
ഏബ്രഹാം കുര്യൻ,
Living leaf  views paper.
Tel 9447703408.