തെരുവിലെ പ്രതിഷേധം അവസാനിപ്പിക്കണം; കെസിയെ എങ്ങനെ തള്ളിക്കളയാന്‍ പറ്റുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
തിരുവനന്തപുരം : മുഖ്യമന്ത്രി കസേരയെ ചൊല്ലി തെരുവില്‍ നടക്കുന്ന പ്രതിഷേധം പ്രവര്‍ത്തകര്‍ അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് വിഭാഗീയ പ്രവര്‍ത്തനമാണെന്നും സംഘടന മര്യാദ പാലിക്കണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ മുന്നറിയിപ്പ് നല്‍കി.
ഉമ്മന്‍ചാണ്ടിയുടെ ഫ്‌ലക്‌സ് കീറിയവര്‍ കോണ്‍ഗ്രസുകാരല്ലെന്നും ഉണ്ണിത്താന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെ സി വേണുഗോപാലിനൊപ്പം രാഹുല്‍ ഗാന്ധിയുടെ ചിത്രമുണ്ടെങ്കില്‍ അതും നശിപ്പിക്കുമായിരുന്നു. സംഘടന ജനറല്‍ സെക്രട്ടറിയായ കെ സി വേണുഗോപാലിനെ എങ്ങനെ തള്ളിക്കളയാന്‍ പറ്റുമെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിലെ ഒരു കോണ്‍ഗ്രസ് നേതാക്കളും മിണ്ടുന്നില്ല. സാമൂഹിക മാധ്യമങ്ങളില്‍ ആക്രമിക്കപ്പെടുമെന്ന് നേതാക്കള്‍ക്ക് പേടിയാണ്. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി നേതാക്കള്‍ക്ക് അവസാനം വരെ പൊരുതാം. തെരുവ് യുദ്ധം നടത്തരുത്. ഹൈക്കമാന്‍ഡ് തീരുമാനം വന്നാല്‍ ഒരു എതിര്‍ ശബ്ദവും ഉയരില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് അഭിപ്രായം പറയാന്‍ ലീഗ് ഉള്‍പ്പടെ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അഭിപ്രായപ്പെട്ടു. അവകാശമില്ലെന്ന് ഒരു നേതാവിനും പറയാനാകില്ല. അങ്ങനെ പറഞ്ഞവരുടെ പാരമ്പര്യം എല്ലാവര്‍ക്കും അറിയാം. അല്‍പ്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ധ രാത്രിയും കുട പിടിക്കുമെന്നാണ് സ്ഥിതിയെന്നും മാത്യു കുഴല്‍നാടനെ പരോക്ഷമായി വിമര്‍ശിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.