വിനേഷ് ഫോഗട്ടിന് ഏഷ്യൻ ഗെയിംസ് ട്രയൽസിൽ പങ്കെടുക്കാം; ഗുസ്തി ഫെഡറേഷന്റെ വിലക്ക് നീക്കി ഹൈക്കോടതി
പ്രമുഖ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ തിരിച്ചുവരവ് തടയാൻ ശ്രമിച്ച ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് ഡൽഹി ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഫോഗട്ടിന് അയോഗ്യത കൽപ്പിച്ച ഫെഡറേഷന്റെ തീരുമാനത്തിൽ ഇടപെട്ട കോടതി, മെയ് 30-ന് നടക്കുന്ന ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ താരത്തിന് പങ്കെടുക്കാൻ അനുമതി നൽകി.
ഏഷ്യൻ ഗെയിംസ് സെലക്ഷൻ പ്രക്രിയയിൽ വിനേഷ് ഫോഗട്ടിന്റെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് കോടതി കർശന നിർദേശം നൽകി. ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ, ജസ്റ്റിസ് തേജസ് കാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഫെഡറേഷന്റെ നടപടികൾക്കെതിരെ രംഗത്തുവന്നത്. രാജ്യത്ത് മാതൃത്വം ആഘോഷിക്കപ്പെടുന്നുണ്ടെന്നും കായിക സംഘടനകൾ താരങ്ങളോട് പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കരുതെന്നും കോടതി ഓർമ്മിപ്പിച്ചു.
ട്രയലുകളിൽ മത്സരിക്കുന്നതിനായി വിനേഷ് ഫോഗട്ടിനെ ലക്ഷ്യമിട്ട് ഫെഡറേഷൻ പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയതിനെ കോടതി ശക്തമായി വിമർശിച്ചു. ഫോഗാട്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൃത്യമായി വിലയിരുത്തുന്നതിനായി ഒരു വിദഗ്ധ സമിതി രൂപീകരിക്കാനും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.