ട്രംപ് എന്ന് പേരിട്ട അപൂർവ വെളുത്ത പോത്തിന് ജീവൻ രക്ഷ; ബംഗ്ലാദേശ് മൃഗശാലയിലേക്ക് മാറ്റി
പ്രസാദ് തീയാടിക്കൽ
ബംഗ്ലാദേശ് : ബംഗ്ലാദേശിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ന്റെ പേരിൽ അറിയപ്പെട്ടിരുന്ന അപൂർവ ആൽബിനോ പോത്തിന് സർക്കാർ ഇടപെടലിനെ തുടർന്ന് ജീവൻ രക്ഷ ലഭിച്ചു. തലയിൽ സ്വർണനിറത്തിലുള്ള രോമവും ഇളം പിങ്ക്-വെളുത്ത ശരീരനിറവും ഉണ്ടായിരുന്നതിനാലാണ് പോത്തിന് “ട്രംപ്” എന്ന പേര് ലഭിച്ചത്.
ഈദ് അൽ അദ്ഹ ആഘോഷത്തിന്റെ ഭാഗമായി പോത്തിനെ ബലി നൽകാൻ തീരുമാനിച്ചിരുന്നുവെങ്കിലും, മൃഗത്തിന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ വിഷയത്തിൽ സർക്കാർ ഇടപെട്ടു. ആൽബിനോ വർഗത്തിൽപ്പെട്ട പോത്തുകൾ അത്യപൂർവമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആഭ്യന്തര മന്ത്രി സലാഹുദ്ദീൻ അഹമ്മദ് നൽകിയ നിർദേശപ്രകാരം പോത്തിനെ രക്ഷിക്കുകയായിരുന്നു.
മത്സ്യബന്ധന-കന്നുകാലി വകുപ്പ് സഹമന്ത്രി സുൽത്താൻ സലാഹുദ്ദീൻ തുകു ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ, ഗവേഷണത്തിനും സംരക്ഷണത്തിനുമായി പോത്തിനെ ധാക്കയിലെ മിർപൂരിലുള്ള ദേശീയ മൃഗശാലയിലേക്ക് മാറ്റിയതായി അറിയിച്ചു. മൃഗത്തിന് ആവശ്യമായ സംരക്ഷണവും പരിചരണവും ഉറപ്പാക്കാൻ വലിയ പ്രത്യേക ഷെഡ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയതായും അദ്ദേഹം വ്യക്തമാക്കി.
വാർത്ത പുറത്തുവന്നതോടെ നിരവധി സന്ദർശകർ മൃഗശാലയിലെത്തി “ട്രംപ്” എന്ന പേരിൽ ശ്രദ്ധ നേടിയ വെളുത്ത പോത്തിനെ കാണാൻ എത്തി. പോത്തിന്റെ കൂടിനുമുന്നിൽ ബംഗാളിയിൽ “വെളുത്ത പോത്ത് (ഡൊണാൾഡ് ട്രംപ്)” എന്നും ഇംഗ്ലീഷിൽ “Albino Buffalo” എന്നും എഴുതിയ ബോർഡുകളും സ്ഥാപിച്ചു.