തുരങ്കത്തിന്‍റെ നിർമാണം തുടരുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം

തുരങ്കത്തിന്‍റെ നിർമാണം തുടരുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം

ന്യൂഡൽഹി: സുരക്ഷാ പരിശോധനയ്ക്കുശേഷം സിൽക്യാരയിലെ തുരങ്കത്തിന്‍റെ നിർമാണം തുടരുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയ വൃത്തങ്ങൾ. തകർന്ന ഭാഗത്തെ അവശിഷ്ടങ്ങൾ നീക്കിയശേഷം വീണ്ടും കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തും. ഇതിനുശേഷം സുരക്ഷ ഉറപ്പാക്കി നിർമാണം തുടരും. വർഷം മുഴുവനും ചാർധാം തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് സൗകര്യമൊരുക്കുന്നതാണ് 12,000 കോടിയുടെ റോഡ് പദ്ധതി.

 അതേസമയം, തുരങ്കത്തിൽ നിന്നു രക്ഷപെടുത്തിയ 41 തൊഴിലാളികളെയും ഇന്ന് ഋഷികേശിലെ എയിംസിൽ വൈദ്യപരിശോധനയ്ക്കു വിധേയരാക്കി. ഇന്നുച്ചയ്ക്കുശേഷം ഹെലികോപ്റ്ററിലാണു തൊഴിലാളികളെ എത്തിച്ചത്. നിലവിൽ ആർക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. ഇവിടെ നിന്ന് തൊഴിലാളികൾക്ക് അവരവരുടെ നാടുകളിലേക്ക് മടങ്ങാൻ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.

തൊഴിലാളികളെ ആശുപത്രിയിൽ സന്ദർശിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഇവർക്ക് ഓരോ ലക്ഷം രൂപ വീതം സഹായധനം കൈമാറി. തുരങ്കത്തിലേക്കുള്ള രക്ഷാ കുഴൽ നിർമാണത്തിലേർപ്പെട്ട എല്ലാ തൊഴിലാളികൾക്കും അരലക്ഷം രൂപ വീതം പ്രോത്സാഹനമായും സർക്കാർ നൽകും.