ഇലക്ടറൽ ബോണ്ട് റദ്ദാക്കി സു​പ്രീംകോടതി, കേന്ദ്രത്തിന് വൻ തിരിച്ചടി

ഇലക്ടറൽ ബോണ്ട് റദ്ദാക്കി സു​പ്രീംകോടതി, കേന്ദ്രത്തിന് വൻ തിരിച്ചടി

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്ന ഇലക്ടറല്‍ ബോണ്ട് കേസില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. ഇലക്ടറല്‍ ബോണ്ട് റദ്ദാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവന സ്വീകരിക്കുന്ന വിവരങ്ങള്‍ രഹസ്യമാക്കുന്നത് ഭരണഘടന വിരുദ്ധമെന്ന് കോടതി അറിയിച്ചു. ഇലക്ടറല്‍ ബോണ്ട് സ്‌കീം വിവരാവകാശത്തിന്റെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.

ഇലക്ടറല്‍ ബോണ്ടുകളുടെ വിതരണം നിറുത്താന്‍ കോടതി എസ്ബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കി. ഇതോടൊപ്പം ഇതുവരെയുള്ള ബോണ്ടുകളുടെ വിവരം തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാനും കോടതി കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിക്കുന്ന വിവരങ്ങള്‍ അടുത്ത മാസം 31ന് മുന്‍പ് കമ്മീഷന്‍ പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവിട്ടു.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബിആര്‍ ഗവായ്, ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരുള്‍പ്പെട്ട അഞ്ചംഗ ബെഞ്ചാണ് ഹര്‍ജികളില്‍ വിധി പറഞ്ഞത്. ഇലക്ടറല്‍ ബോണ്ടുകളിലെ രഹസ്യാത്മക സ്വഭാവം രാഷ്ട്രീയ ഫണ്ടിങ്ങിലെ സുതാര്യതയെ ബാധിക്കുകയും വോട്ടര്‍മാരുടെ വിവരാവകാശം ലംഘിക്കുകയും ചെയ്യുന്നുവെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

2018ലാണ് കേന്ദ്രസർക്കാർ ഇലക്ടറല്‍ ബോണ്ടുകള്‍ പുറത്തിറക്കിയത്. രാഷ്ട്രീയ പാർട്ടികള്‍ക്ക് സംഭാവന നല്‍കാനാണ് ഇത്തരം ഒരു രീതി കൊണ്ടുവന്നത്. എന്നാല്‍ ആരാണ് സംഭാവന നല്‍കിയതെന്നോ, ഏത് രാഷ്ട്രീയപാർട്ടിക്ക് സംഭാവന നല്‍കിയതെന്നോ, ഒരു വ്യക്തി എത്ര രൂപ നല്‍കിയെന്നോ ഇലക്ടറല്‍ ബോണ്ടുകളിലൂടെ അറിയാൻ സാധിക്കില്ല. SBI ശാഖകളില്‍ ലഭിക്കുന്ന ഈ ബോണ്ടുകള്‍ ആയിരം, പതിനായിരം തുടങ്ങി മുകളിലോട്ടുള്ള മൂല്യങ്ങളിലാണ് ലഭിക്കുക. ഏത് രാഷ്ട്രീയപാർട്ടിക്കാണോ സംഭാവന ലഭിച്ചത്, അവർ 15 ദിവസത്തിനുള്ളില്‍ അവയെ പണമാക്കി മാറ്റണമെന്നും നിർദ്ദേശമുണ്ട്.

മേല്‍പ്പറഞ്ഞ നിബന്ധനകളിലാണ് സുപ്രീംകോടതി സുതാര്യതയുടെ ചോദ്യം ഉന്നയിച്ചിരിക്കുന്നത്. പാർട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവന എത്രയെന്നറിയാൻ വോട്ടർമാർക്ക് അവകാശമുണ്ടെന്ന് പറഞ്ഞ സുപ്രീംകോടതി, വിവരം അറിയാനുള്ള പൗരന്റെ ഭരണഘടനാ അവകാശത്തെ ഉയർത്തിപ്പിടിച്ചു. കള്ളപ്പണം തടയാമെന്നായിരുന്നു ഇലക്ടറല്‍ ബോണ്ടുകള്‍ പുറത്തിറക്കുമ്ബോള്‍ കേന്ദ്രസർക്കാരിന്റെ വാദം. എന്നാല്‍ കള്ളപ്പണം തടയാനുള്ള ഏക മാർഗം ഇലക്ടറല്‍ ബോണ്ടല്ലെന്നും മറ്റു മാർഗങ്ങളുണ്ടെന്നും പറഞ്ഞ്, കോടതി കേന്ദ്രസർക്കാർ വാദത്തിന്റെ മുനയൊടിച്ചു.

2018ലാണ് കേന്ദ്രസർക്കാർ ഇലക്ടറല്‍ ബോണ്ടുകള്‍ കൊണ്ടുവന്നത്. അന്നുമുതല്‍ ഇന്നുവരെ ബിജെപിക്കാണ് ഇവയെക്കൊണ്ട് ഏറ്റവും കൂടുതല്‍ ഗുണമുണ്ടായതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ഈ ബോണ്ടുകള്‍ വഴി ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത് ബിജെപിക്കാണെന്ന് കണക്കുകളുണ്ട്. ഇലക്ടറല്‍ ബോണ്ടുകള്‍ വഴി മൊത്തം സംഭാവന നല്‍കപ്പെട്ട തുക 9,208 കോടി രൂപയാണ്. ഇതില്‍ പകുതിയിലേറെയും, അതായത് 5,270 കോടി രൂപ ലഭിച്ചത് ബിജെപിക്ക് മാത്രമായാണ്. കോണ്‍ഗ്രസിന് ലഭിച്ചതാകട്ടെ, 964 കോടി രൂപയും. 

അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റീഫോംസിനൊപ്പം സിപിഐഎമ്മും ഡോ ജയാ താക്കൂറും നല്‍കിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് സുപ്രധാനമായ ഈ വിധി പറഞ്ഞിരിക്കുന്നത്. മാർച്ച്‌ 13നകം പാർട്ടികള്‍ക്ക് നല്‍കിയ ബോണ്ട്‌ വിവരങ്ങള്‍ SBI തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്നും സുപ്രീംകോടതി നിർദ്ദേശമുണ്ട്. മാർച്ച്‌ 31ന് മുൻപായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി പറഞ്ഞു.