ഗ്രീൻലൻഡ് പിടിച്ചടക്കുന്നത് എതിർക്കുന്ന രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്ന് ട്രംപ്

Jan 18, 2026 - 20:10
 0  4
ഗ്രീൻലൻഡ് പിടിച്ചടക്കുന്നത് എതിർക്കുന്ന രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്ന് ട്രംപ്
നാറ്റോ (NATO) സഖ്യകക്ഷിയായ ഡെന്മാർക്കിന്റെ ഭാഗമായ ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള തന്റെ പദ്ധതികളെ എതിർക്കുന്ന രാജ്യങ്ങൾക്കെതിരെ വ്യാപാര നികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി.
ഗ്രീൻലാൻഡ് വിഷയത്തിൽ സഹകരിക്കാത്ത രാജ്യങ്ങൾക്കുമേൽ നികുതി ഏർപ്പെടുത്താൻ തനിക്ക് സാധിക്കുമെന്നും, ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലാൻഡ് അത്യന്താപേക്ഷിതമാണെന്നും വൈറ്റ് ഹൗസിൽ നടന്ന ആരോഗ്യ സംബന്ധമായ ഒരു വട്ടമേശ ചർച്ചയ്ക്കിടെ അദ്ദേഹം വ്യക്തമാക്കി.
ധാതു സമ്പന്നമായ ഗ്രീൻലാൻഡ് പിടിച്ചടക്കുക എന്ന ലക്ഷ്യത്തോടെ ട്രംപ് പ്രയോഗിക്കുന്ന ഏറ്റവും പുതിയ സമ്മർദ തന്ത്രമാണിത്. ആവശ്യമെങ്കിൽ സൈനിക നടപടിയിലൂടെ ലക്ഷ്യം കാണുമെന്ന് അദ്ദേഹം നേരത്തെ ഭീഷണിമുഴക്കിയിരുന്നു. ഗ്രീൻലാൻഡിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഡെന്മാർക്ക് പരാജയപ്പെടുന്നുവെന്നും ഇത് റഷ്യയും ചൈനയും പോലുള്ള എതിരാളികൾക്ക് അവസരമാകുന്നുവെന്നുമാണ് ട്രംപിന്റെ ആരോപണം.
ഗ്രീൻലാൻഡ് ലഭിച്ചില്ലെങ്കിൽ അത് യുഎസ് സുരക്ഷയിൽ വലിയൊരു വിടവുണ്ടാക്കുമെന്നും, പ്രത്യേകിച്ച് അമേരിക്കയുടെ മിസൈൽ പ്രതിരോധ പദ്ധതിയായ 'ഗോൾഡൻ ഡോമിനെ' ഇത് ബാധിക്കുമെന്നും ട്രംപ് പറയുന്നു. ഗ്രീൻലാൻഡ് വിഷയത്തിൽ നാറ്റോ സഖ്യം സഹായിച്ചില്ലെങ്കിൽ അമേരിക്ക സഖ്യത്തിൽ നിന്ന് പുറത്തുപോകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, നാറ്റോ ഇതിൽ തങ്ങളുമായി ചർച്ച നടത്തുന്നുണ്ടെന്നും കാര്യങ്ങൾ കണ്ടറിയാമെന്നുമായിരുന്നു ട്രംപിന്റെ മറുപടി.