കിഷ്ക്കിന്ധാ കാണ്ഡം. അഡാർ ത്രില്ലർ ; എബ്രഹാം കുര്യൻ

ഒന്ന് .. മൂന്ന്.. അഞ്ച് ..
രണ്ട്.. നാല് .. ആറ് ...
കാട്.
കാടിന് നടുവിലൊരു
വീട്.
പടികളും നീണ്ട വഴികളും മുറ്റവും.
വീടിന് ചുറ്റും കൂറ്റൻ മരങ്ങൾ. മരത്തിന് മുകളിലൊരു റേഡിയോ.മരക്കമ്പുകളിൽ നിന്നും ഊർന്നിറങ്ങുന്ന കുരങ്ങൻമാർ.
ഇടയ്ക്ക് അലറിയെത്തുന്ന മഴ.
വീടിനുള്ളിൽ പട്ടാള ഉദ്യോഗസ്ഥനായിരുന്ന മർക്കടമുഷ്ടിക്കാരനായ അപ്പുപിള്ള,( വിജയരാഘവൻ). സങ്കീർണ്ണമായ ഒരു ജീവിതവൃത്തത്തിൽ കുരുങ്ങിക്കിടക്കുന്ന ആസിഫ് അലിയുടെ അജയൻ.ഇരുട്ടറകളുടെ അടരുകൾ തപ്പിയിറങ്ങുന്ന അപർണ്ണ ബാലമുരളി അവതരിപ്പിച്ച അപർണ്ണ;അജയൻ്റെ ജീവിത പങ്കാളി.
ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമ കിഷ്ക്കിന്ധാ കാണ്ഡം മലയാളത്തിലെ ഒരു സൂപ്പർ സ്മാർട്ട് ത്രില്ലർ സിനിമയാണ്.
അപ്പുപിള്ളയ്ക്ക് ഷോട്ട് ടേം മെമ്മറി ലോസ്സാണ്. പുതിയ ഓർമ്മകൾ രൂപപ്പെടുത്താൻ കഴിയില്ല. അതിനാൽ കാര്യങ്ങൾ ഒരുമിച്ചു ചേർക്കുന്നതിന് ബാഹ്യ ഘടകങ്ങളെ ആശ്രയിക്കേണ്ടി വരുന്നു.താൻ തന്നെ സൃഷ്ടിച്ച ഒരു കുരുക്കിൽ ദുരന്ത പൂർണ്ണമായി കുടുങ്ങിക്കിടക്കുകയാണ് അപ്പുപിള്ള.
അജയൻ്റെ ആദ്യ ഭാര്യ പ്രവീണയെ ആശുപത്രിയിലാക്കിയ ദിവസമാണ് മകൻ ചച്ചുവിനെ കാണാതായത്.വീട്ടിലപ്പോൾ ചച്ചുവിനൊപ്പം ഉണ്ടായിരുന്നത് അവൻ്റെ വല്യച്ഛൻ അപ്പുപിള്ള മാത്രം.
ചച്ചുവിന് എന്ത് പറ്റി?അച്ഛൻ്റെ തോക്ക്?
ഒരു ഷെർലഹോംസിനെപ്പോലെ അപർണ അന്വേഷണം ആരംഭിക്കുന്നു.ചച്ചുവിന് എന്ത് സംഭവിച്ചുവെന്ന് അച്ഛനറിയാമോ? അച്ഛൻ സംശയിക്കുന്നത് അച്ഛനെ തന്നെയാണോ?
നല്ല പൊളപ്പൻ മിസ്റ്ററി സിനിമ. ഒരിക്കലും അവസാനിക്കാത്ത പടിക്കെട്ടുകളുള്ള സിനിമ. അതിസങ്കീർണ്ണമായ മനുഷ്യാവസ്ഥയുടെ ദുരന്തപൂർണ്ണമായ നിർഭാഗ്യകഥകൾ പ്രേക്ഷകനെ ഭ്രാന്ത് പിടിപ്പിക്കും.
രേഖീയമല്ലാത്ത കഥകളിലൂടെയും ഫ്ലാഷ്ബാക്കുകളിലൂടെയും ഫിലോസഫിക്കലായ ഒരു ട്രീറ്റ്മെൻ്റാണ് തിരക്കഥയിലൂടെ ബാഹുൽ രമേഷ് സൃഷ്ടിച്ചിരിക്കുന്നത്.ഈ സിനിമയുടെ കരുത്തും മികവും പ്ലസ് പോയിൻ്റും തിരക്കഥയാണ്.
തിരക്കഥയുടെ മൂഡിന് അനുസരിച്ച് ചിത്രീകരണം നിർവഹിച്ചതും ബാഹുൽ തന്നെ.
അപ്പുപിള്ള രണ്ടു വർഷം മുൻപ് വിറ്റ പറമ്പിൽ ഒരു അസ്ഥികൂടം. പോലീസ്.. ഫോറസ്റ്റ് ഓഫീസർമാർ .. പോലീസ് നായ്.. ഫോറൻസിക് ഉദ്യോഗസ്ഥർ.. അന്വേഷണം.. ആൾക്കൂട്ടം ..
കാടിൻ്റെ വന്യത..
ശണ്ഠ..
ഉയരുന്ന സംഗീതത്തിനൊപ്പം കുഴിയിലെ അസ്ഥികൂടത്തിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥരേയും ജനക്കൂട്ടത്തേയും ചുറ്റി അജയനും അപർണ്ണയും ക്യാമറയും വീടിൻ്റെ രണ്ടാം നിലയിൽ വരിഞ്ഞുമുറുകി നിൽക്കുന്ന അപ്പുപിള്ളയുടെ മുഖത്തേക്ക് എത്തുമ്പോൾ ബാഹുലിന് ഒരു സല്യൂട്ട് നൽകും, തീർച്ച!
തിരുനെല്ലിയിലെ കാട്ടിലും വീട്ടിലും പോലീസ് സ്റ്റേഷനിലും ഫോറസ്റ്റ് ഓഫീസിലുമായി പ്രേക്ഷകനെ തളച്ചിട്ടിരിക്കുകയാണീ സിനിമ.
ഈ സിനിമയുടെ ചുറ്റുവലയത്തിനൊപ്പം നമ്മുടെ തലച്ചോറിനെ ചേർത്ത് വെക്കണം.
അതിവികാരങ്ങൾ കൊണ്ട് പതിയിരുന്ന് നമ്മളെ വീഴ്ത്തുകയോ സസ്പെൻസ് കൂട്ടാൻ എളുപ്പപ്പണികൾ ചെയ്യുകയോ ചെയ്യുന്നില്ല. കാണാനും ചിന്തിക്കാനും അടരുകൾക്കിടയിൽ പരതാനും കഴിഞ്ഞാലേ ഈ ചിത്രം നമ്മുടെ വരുതിയിൽ വരൂ.
ഈ ചിത്രത്തെ ഒരു പൂർണ്ണ സിനിമയാക്കുന്നതിൽ സൂരജ് ഇ.എസ്. എന്ന എഡിറ്റർ വഹിച്ച പങ്ക് വളരെ വലുതാണ്. പ്രേക്ഷകനെ അംഗീകരിക്കുന്നതോടൊപ്പം കഥയുടെ മൂഡിലേക്ക് വേഗം കയറുന്നതിന് സഹായിക്കുന്ന കൊതിപ്പിക്കുന്ന എഡിറ്റിംഗ്.ഒരു തെരഞ്ഞെടുപ്പ് കാലത്ത് തോക്ക് സറണ്ടർ ചെയ്യുന്നിടത്തു നിന്നാണ് ദിൻ ജിത്ത് അയ്യത്താൻ്റെ സിനിമ തുടങ്ങുന്നത്. മാന്ത്രികമായൊരു കഥപറച്ചിൽ രീതി.
വളരെ ഹെവിയായ ഒരു തിരക്കഥയെ സ്ലോപേസിൽ തുടങ്ങി അടരുകളിൽ നിന്ന് അരുകളിലേക്ക് അയ്യത്താൻ കൊണ്ടു പോകുകയാണ്. പ്രേക്ഷകനും സിനിമയ്ക്ക് ഒപ്പമിരുന്ന് ചുരുളഴിക്കുകയാണ്.
മലയാള സിനിമയിലെ കുട്ടൻ എന്ന വിജയരാഘവൻ ഇതു വരെ ചെയ്ത കഥാപാത്രങ്ങളിലെ ഏറ്റവും മികച്ച കഥാപാത്രമാണ് അപ്പുപിള്ള. ആത്മാവറിഞ്ഞ അഭിനയം. കൂളായ നടനം.വിജയരാഘവന് മാത്രം ചെയ്യാൻ കഴിയുന്ന അപ്പുപിള്ള.
വിജയരാഘവനെ ഇനി എന്നും അടയാളപ്പെടുത്തുന്നത് അപ്പുപിളളയാവും.
ആസിഫ് അലി നടന്നു കയറുന്നത് മോഹൻലാലിൻ്റെ എൺപതുകളിലെ അഭിനയ വഴികളിലേക്കാണ്. നന്നായി ഹോം വർക്ക് ചെയ്യുന്നുണ്ട്.ഒരു മരണകൊക്കയിലേക്ക് വീഴാനൊരുങ്ങുന്നവൻ്റെ വേദന നിറഞ്ഞ മുഖം ആസിഫിൽ സുരക്ഷിതമാണ്.
അപർണ്ണ ബാലമുരളി ഈ സിനിമയിൽ നൂറു ശതമാനം ഫിറ്റാണ്.
പെർഫെക്ട് ആക്ടിംഗ് പ്രേക്ഷകൻ്റെ പ്രതിനിധിയായ ഒരു കഥാപാത്രം.
ഒരു പെണ്ണ് കഥയെ മുന്നോട്ട് കൊണ്ടു പോകുകയാണ്.
ഈ സിനിമ അപർണ്ണയ്ക്ക് സമ്മാനിക്കുന്നത് ഒരു ഏ.പ്ലസ്സാണ്.
വിവാഹപ്പിറ്റേന്ന് മൊബൈലുമായി വീടിന് പുറത്തിറങ്ങുന്ന അപർണ്ണ
ഒടുവിൽ ട്രെയിനിൽ നാഗ്പൂരിലേക്ക് പോകുന്നതുവരെ അപർണ്ണ നിറഞ്ഞു കത്തുകയാണ്.
ജഗദീഷിൻ്റ പഴയ കാല നക്സലൈറ്റ് സുമ ദത്തനും നിഴൽകൾ രവിയുടെ ഡോ.അമൃത് ലാലും നിഷാൻ്റെ ഫോറസ്റ്റ് ഓഫീസർ സുധീറും...
പിന്നെ, അശോകനും കോട്ടയം രമേശും
ഉൾപ്പെടെ ഈ ചിത്രത്തിലെ മുഴുവൻ നടീനടൻമാരും നിറഞ്ഞാടുന്നു.
ഊഷ്മളമായ മനുഷ്യബന്ധങ്ങളുടെ ഇഴയടുപ്പം.
സ്നേഹിച്ചു ചേർത്തു നിറുത്തുന്നവരെ വിട്ടുകൊടുക്കാൻ മടിക്കുന്ന കാർക്കശ്യമാർന്ന കരുതൽ.ഹൃദയത്തോട് ചേർത്ത് കൈകോർക്കാൻ നാട്ടു നിയമങ്ങളോട് പോലും തിരിഞ്ഞു നിൽക്കാൻ മടി കാട്ടാത്ത മനുഷ്യബന്ധങ്ങളെ അടയാളപ്പെടുത്തുന്ന ലോക സിനിമകളുടെ ഒപ്പം ചേർത്തുവെയ്ക്കാം കിഷ്ക്കിന്ധാകാണ്ഡത്തെ.
അടുത്ത ലെവൽ കഴിഞ്ഞാൽ
'ട്രഷർ' കിട്ടുന്ന ചച്ചുവിൻ്റെ ഗെയിമിൻ്റെ പേരെന്തായിരുന്നു?
നമുക്ക് ഇഷ്ടമുള്ള റിയാലിറ്റിയിൽ നമുക്ക് ജീവിക്കാനാവുമോ?
ക്യാൻവാസില്ലാതെ ദിൻ ജിത്ത് അയ്യത്താൻ ഒരു ഊരാക്കുടുക്കിൻ്റെ ചിത്രം നമുക്ക് നേരെ എറിയുന്നു.
സത്യത്തിൽ ആസിഫ് അലി അവസാനം പറഞ്ഞ കഥ നേരോ അതോ നുണയോ?
ആസിഫ് അലി പറഞ്ഞ സംഭവ കഥ
നുണയാണങ്കിലോ?
Actual reality-യിൽ നിന്നുള്ള എസ്കേപ്പായിരുന്നോ?
എങ്കിൽ ശരിക്കും എന്താണ് സംഭവിച്ചത്?
Abraham Kurien,
Living leaf views paper.
Tel.9447703408.