മുസ്ലീം ലീഗിന് ആദ്യ വനിതാ എംഎല്‍എ; കന്നി പോരാട്ടത്തില്‍ കരുത്തനെ വീഴ്ത്തി ഫാത്തിമ തഹ്ലിയ

May 4, 2026 - 13:30
 0  3
മുസ്ലീം ലീഗിന് ആദ്യ വനിതാ എംഎല്‍എ; കന്നി പോരാട്ടത്തില്‍ കരുത്തനെ വീഴ്ത്തി ഫാത്തിമ തഹ്ലിയ

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കി, മത്സരിച്ച 26 സീറ്റില്‍ 22 ഇടത്തും വിജയിച്ചാണ് മുസ്ലീം ലീഗ് വരുന്നത്. സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ തന്നെ എക്കാലത്തേയും ഉയര്‍ന്ന ഭൂരിപക്ഷവും മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയ്ക്കാണ് (പികെ കുഞ്ഞാലിക്കുട്ടി). മാത്രമല്ല ആദ്യമായി ഒരു വനിതാ എംഎല്‍എ മുസ്ലീം ലീഗില്‍ നിന്നുണ്ടാകുന്നു എന്ന സവിശേഷതയും ഉണ്ട്.

പേരാമ്പ്ര എന്ന ഉറച്ച ഇടതുകോട്ടയില്‍ മുന്‍മന്ത്രിയും എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ ടിപി രാമകൃഷ്ണനെ 5000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് ഫാത്തിമ തഹ്ലിയ എന്ന യുവ വനിത നേതാവ് നിയമസഭയിലേക്ക് എത്തുന്നത്. ഇത്തവണ രണ്ട് വനിതകളെയാണ് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളാക്കിയിരുന്നത്. ഫാത്തിമ തഹ്ലിയയെ കൂടാതെ കൂത്തുപറമ്പില്‍ ജയന്തി രാജനും മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം നേടിയിരുന്നു

ജയന്തി തോറ്റെങ്കിലും ലീഗില്‍ നിന്ന് മത്സരിക്കുന്ന ആദ്യ മുസ്ലിം ഇതര വനിത എന്ന വിശേഷണം കൂടി ആ സ്ഥാനാര്‍ത്ഥിയ്ക്കുണ്ടായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കുറ്റിച്ചിറ ഡിവിഷനില്‍ നിന്ന് ഫാത്തിമ തഹ്ലിയ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലേക്കും തഹ്ലിയയെ പരിഗണിക്കുന്നത് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ തീരുമാനമായിരുന്നു.

ആ തീരുമാനം തെറ്റിയില്ല എന്ന് പേരാമ്പ്രയില്‍ പ്രചരണത്തിനായി എത്തിയ ആദ്യ നാള്‍തൊട്ട് തഹ്ലിയ തെളിയിച്ചു. ശക്തനായ എതിരാളിക്കെതിരെ പ്രചരണത്തില്‍ ഒപ്പത്തിനൊപ്പം തഹ്ലിയ കുതിച്ചു. അതാണ് വോട്ടായത്.

1999 ഖമറുന്നിസ അന്‍വറാണ് മുസ്ലിം ലീഗിന്റെ ആദ്യ വനിതാ സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്ക് മത്സരിച്ചത്. പിന്നീട് 2021 ല്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്ന് വനിതാ ലീഗ് നേതാവായ നൂര്‍ബീന റഷീദ് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.