ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്; കൊല്ലപ്പെട്ട വിനോദ് കലാകാരൻ , 40 ഓളം സിനിമകളിൽ വേഷമിട്ടു

ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്; കൊല്ലപ്പെട്ട വിനോദ് കലാകാരൻ , 40 ഓളം സിനിമകളിൽ വേഷമിട്ടു

തൃശൂർ: വെളപ്പായയിൽ ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി. എറണാകുളം സ്വദേശിയായ ടിടിഇ വിനോദിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി ഒഡിഷ സ്വദേശി രജനീകാന്ത തള്ളിയിട്ടതെന്ന് എഫ്ഐആറിൽ പറയുന്നു. എസ്11കോച്ചിന്റെ പിന്നിൽ ഡോറിന് അഭിമുഖമായി നിന്നിരുന്ന ടി ടി ഇയെ ഇരു കൈകൾ കൊണ്ടും പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്. റെയിൽവേ ട്രാക്കിൽ വീണ വിനോദിന്റെ ദേഹത്ത് കൂടി മറ്റൊരു ട്രെയിൻ കയറിയിറങ്ങി. വിനോദിന്റെ മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ പലയിടങ്ങളിൽ നിന്നുമാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിക്കാണ് ക്രൂര കൊലപാതകം നടന്നത്.

എറണാകുളം-പട്ന എക്സ്പ്രസിലാണ് സംഭവം നടന്നത്. ടിക്കറ്റ് ചോദിച്ചതിന്റെ പകയിലാണ് ഒഡിഷ സ്വദേശിയായ യാത്രക്കാരൻ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടതെന്ന് പോലീസ് വ്യക്തമാക്കി. രജനികാന്തക്കെതിരെ ഐപിസി 1860,302 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ചോദ്യം ചെയ്യലില്‍ കൂസലില്ലാതെയായിരുന്നു പ്രതിയുടെ പ്രതികരണം. ‘ഞാന്‍ തള്ളി, അവന്‍ വീണു’ എന്നാണ് ആര്‍പിഎഫ് ചോദ്യം ചെയ്യലിനിടെ പ്രതി പറഞ്ഞത്. രജനീകാന്തയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയതായി പോലീസ് അറിയിച്ചു. ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നെന്നും പോലീസ് പറഞ്ഞു.

ഇതേ സമയം  ട്രെയിനിൽനിന്ന് അന്തർസംസ്ഥാന തൊഴിലാളി തള്ളിയിട്ട് കൊലപ്പെടുത്തിയ ടി.ടി.ഇ കെ. വിനോദ് കണ്ണന് എന്നും താല്പര്യം കലയോടായിരുന്നു. സ്കൂൾ തലം മുതലേ കലാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു വിനോദ്. നാടകവും  മിമിക്രിയുമായിരുന്നു ഇഷ്ടം . ജീവിത വഴിയിൽ റെയിൽവേയിൽ ഉദ്യോഗസ്ഥനായെങ്കിലും വിനോദ് കലാമോഹം കൈവെടിഞ്ഞില്ല. അതാണ് സിനിമയിലേക്ക് വഴിതുറന്നത്. സിനിമയിൽ അവസരങ്ങൾ തേടിപോയവരുടെ കൂട്ടത്തിൽ സംവിധായകൻ ആഷിഖ് അബുവുമുണ്ടായിരുന്നു. ആഷിഖ് വിനോദി​െൻറ സഹപാഠികൂടിയാണ്. എറണാകുളം എസ്.ആർ.വി സ്കൂളിൽ എട്ടു മുതൽ പത്താം ക്ലാസുവരെ അവർ ഒരുമിച്ചാണ് പഠിച്ചത്.അങ്ങനെ ആഷിഖ് അബുവിന്റെ ചിത്രത്തിലൂടെ വിനോദ് സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ചിത്രം ഗ്യാങ്സ്റ്റർ, അതിൽ മമ്മൂട്ടിയുടെ ഗുണ്ടാസംഘത്തിലെ പ്രധാനിയായിരുന്നു . തുടർന്ന്, തുടരെ ചിത്രങ്ങൾ ലഭിച്ചു. വില്ലാളിവീരൻ, മംഗ്ലീഷ്, ഹൗ ഓൾഡ് ആർ യു, അച്ഛാദിൻ, എന്നും എപ്പോഴും, വിശ്വാസം അതല്ലേ എല്ലാം, രാജമ്മയോഹു, പെരുച്ചാഴി, മിസ്റ്റർ ഫ്രോഡ്, കസിൻസ്,വിക്രമാദിത്യൻ, പുലിമുരുകൻ, ലൗ 24x7, ഒപ്പം എന്നിങ്ങനെ 40 ചിത്രങ്ങളിൽ വേഷമിട്ടു