വൻ റോഡ് ഷോയുമായെത്തി പത്രിക സമർപ്പിച്ച് രാഹുൽ ഗാന്ധി; വയനാട്ടിലെ പ്രവർത്തകർ ആവേശത്തിൽ

വൻ റോഡ് ഷോയുമായെത്തി പത്രിക സമർപ്പിച്ച് രാഹുൽ ഗാന്ധി; വയനാട്ടിലെ പ്രവർത്തകർ ആവേശത്തിൽ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വൻ റോഡ് ഷോയുമായെത്തിയാണ് രാഹുൽ ഗാന്ധി പത്രിക സമർപ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, എംഎം ഹസന്‍, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളും രാഹുലിനൊപ്പം കല്‍പ്പറ്റയിലെത്തി.

വന്‍ സ്വീകരണമാണ് രാഹുല്‍ ഗാന്ധിക്ക് യുഡിഎഫ് പ്രവര്‍ത്തകര്‍ വയനാട്ടിലൊരുക്കിയത്. രാഹുലിന്റെ വരവോടെ കോണ്‍ഗ്രസ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലേക്ക് കൂടി കടക്കുകയാണ്. വയനാട്ടുകാരുടെ പോരാട്ടത്തിനൊപ്പമുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രളയ കാലത്തെ പ്രവര്‍ത്തനങ്ങും വന്യജീവി ആക്രമണവും രാഹുല്‍ ഗാന്ധി റോഡ് ഷോ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെതിരായ വലിയ വിമര്‍ശനങ്ങളിലേക്ക് രാഹുല്‍ ഇന്ന് കടന്നില്ല.

വയനാട് മണ്ഡലത്തിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് താൻ പ്രതിജ്ഞാബദ്ധനാണ്. വയനാട് നേരിടുന്ന ചെറുതും വലുതുമായ പ്രശ്നങ്ങൾ പാർലമെന്റിന് അകത്തും പുറത്തും ഉന്നയിക്കാൻ താൻ ഇവിടുത്തെ ജനങ്ങൾക്കൊപ്പമുണ്ടാകുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. അഞ്ച് വർഷം മുൻപ് പുതിയൊരാളായി വയനാട്ടിലെത്തിയ തന്നെ വളരെപ്പെട്ടെന്നുതന്നെ കുടുംബാംഗമായി മാറ്റിയ വയനാട്ടിലെ ജനതയ്ക്ക് രാഹുൽ നന്ദി അറിയിച്ചു.