സസ്പെൻഷനിലായ പാളയം പ്രദീപിനെ അഡീഷണൽ പിഎ ആക്കണം; കത്ത് നൽകി രമ്യ ഹരിദാസ്

Sep 7, 2026 - 19:30
 0  4
സസ്പെൻഷനിലായ പാളയം പ്രദീപിനെ അഡീഷണൽ പിഎ ആക്കണം; കത്ത് നൽകി രമ്യ ഹരിദാസ്

തിരുവനന്തപുരം: ചിറയിൻകീഴിലെ തമ്മിലടിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ തന്റെ അഡീഷണൽ പിഎ ആയി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ രമ്യ ഹരിദാസ്. മുൻകാല പ്രാബല്യത്തോടെ നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് രമ്യ ഹരിദാസ് നിയമസഭ സെക്രട്ടറിക്ക് ഇന്ന് കത്ത് നൽകിയതായാണ് റിപ്പോർട്ട്.

2026 മെയ് 21 മുതൽ മുൻകാല പ്രാബല്യത്തോടെ നിയമനം നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അന്ന് മുതൽ പാളയം പ്രദീപ് തന്റെ കൂടെയുണ്ടെന്നാണ് വിശദീകരണം. ആദ്യം സ്പീക്കറുടെ ഓഫീസിലാണ് രമ്യ കത്ത് നൽകിയത്. എന്നാൽ നിയമസഭ സെക്രട്ടറിക്കാണ് കത്ത് നൽകേണ്ടതെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കിയതോടെയാണ് സെക്രട്ടറിയുടെ ഓഫീസിനെ സമീപിച്ചത്.

കഴിഞ്ഞ ദിവസമാണ് ചിറയിൻകീഴ് സംഭവത്തിന്റെ പേരിൽ പാളയം പ്രദീപിനെയും പ്രാദേശിക നേതാവ് എസ്. സജാദിനെയും കെപിസിസി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്. പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന എം.എം ഹസന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.