സ്വത്തുവിവരങ്ങൾ മറച്ചുവെച്ചെന്ന പരാതി; മുഹമ്മദ് റിയാസും വീണയും കോടതിയിൽ നേരിട്ട് ഹാജരാകണം

Sep 7, 2026 - 19:15
 0  4
സ്വത്തുവിവരങ്ങൾ മറച്ചുവെച്ചെന്ന പരാതി; മുഹമ്മദ് റിയാസും വീണയും കോടതിയിൽ നേരിട്ട് ഹാജരാകണം

തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ നാമനിർദ്ദേശ പത്രികയിലെ സ്വത്തുവിവരങ്ങൾ സംബന്ധിച്ച പരാതി വീണ്ടും കോടതിയിൽ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സമർപ്പിച്ച പത്രികയിൽ നിർണായക വിവരങ്ങൾ മറച്ചുവെച്ചെന്ന ഹർജിയിൽ ബേപ്പൂർ എംഎൽഎ പി. എ. മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എ. നസീറ ഉത്തരവിട്ടു. അഭിഭാഷകനായ നെയ്യാറ്റിങ്കര നാഗരാജ് നൽകിയ ഹർജി പരിഗണിച്ചാണ് നടപടി. നേരത്തെ കീഴ്ക്കോടതിയെ സമീപിച്ചെങ്കിലും കേസ് എടുക്കാനോ ഇടപെടാനോ തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ ജില്ലാ കോടതിയെ സമീപിച്ചത്.

തിരഞ്ഞെടുപ്പ് സമയത്ത് സമർപ്പിച്ച നാമനിർദ്ദേശ പത്രികയിൽ സ്വത്തുവിവരങ്ങൾ നൽകിയപ്പോൾ, ഭാര്യയ്ക്ക് ഏതെങ്കിലും കമ്പനിയുമായി ബന്ധമുണ്ടോ എന്ന കാര്യം മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നില്ലെന്നാണ് ഹർജിയിലെ ആരോപണം.

വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പത്രികയിൽ ഉൾപ്പെടുത്താതിരുന്നതെന്നാണ് പറയുന്നത്. ഇതിന് പുറമെ സി.എം.ആർ.എല്ലിൽ നിന്ന് 1.72 കോടി രൂപ ലഭിച്ചതായി വിവിധ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നെങ്കിലും, ഈ വരുമാന വിവരങ്ങളും നാമനിർദ്ദേശ പത്രികയ്ക്കൊപ്പം നൽകിയ രേഖകളിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് പ്രാഥമികമായി മനസ്സിലാകുന്നത്.

ഒരു സ്ഥാനാർഥി തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ കുടുംബത്തിന്റെ മുഴുവൻ സ്വത്തുവിവരങ്ങളും നാമനിർദ്ദേശ പത്രികയിൽ വ്യക്തമാക്കണമെന്നാണ് ചട്ടം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉയർന്നിരിക്കുന്ന ആരോപണങ്ങളിൽ തങ്ങളുടെ ഭാഗം വിശദീകരിക്കുന്നതിനായി മുഹമ്മദ് റിയാസിനെയും വീണയെയും കോടതി നേരിട്ട് വിളിപ്പിച്ചിരിക്കുന്നത്