വീട്ടിലേക്കുള്ള ദൂരം; കവിത , ഡോ. ജേക്കബ് സാംസൺ 

Nov 11, 2026 - 20:09
 0  6
വീട്ടിലേക്കുള്ള ദൂരം; കവിത , ഡോ. ജേക്കബ് സാംസൺ 
വീട്ടിലേക്കുള്ള
ദൂരമായിരുന്നെൻ്റെ ഭാരം
ഓരോചുവടുവയ്ക്കുമ്പോഴും
തിരിഞ്ഞൊന്നു നോക്കും ഞാൻ 
തിരിച്ചു വരാനുള്ള ദൂരം
വന്ന വഴിയിലൂടെയെന്നും
പതിവായി തിരികെ നടന്നുഞാൻ
മുന്നോട്ട് പോകാനുള്ള ദൂരമെല്ലാം പിന്നോട്ട് നടന്നുതീർത്തു ഞാൻ
വീട് മുഴുവൻ സ്നേഹം തുളുമ്പും
വിടർന്ന മുഖങ്ങളായിരുന്നല്ലോ
മുറ്റത്ത് പൂത്തുനില്ക്കും
പൂവിന് പോലുമെത്ര സുഗന്ധം
വീട്ടിലേക്കുള്ള ദൂരം കുറച്ചുകുറച്ച്
ഗേറ്റിനുള്ളിലൊതുങ്ങി
വീട്ടിനുള്ളിൽ ഒരു മുറിയിൽ
ഒരു കസേരയിലായി ഞാൻ
ഓടിവന്നവരാരുമില്ല
വീട്ടിൽ ഞാൻ മാത്രമായി
മുറ്റത്ത് പൂക്കളില്ല ഓർമ്മകൾ
ചിത്രശലഭമായ് പറന്നുപോയ്
പിന്നിടാതിരുന്ന ദൂരങ്ങൾ 
പിന്നെയും മാടി വിളിക്കവേ
മുന്നോട്ട്, മുന്നോട്ടുമാത്രമുള്ള
യാത്രക്കൊരുങ്ങിയിറങ്ങി ഞാൻ