സസ്പെൻഷനിൽ നിലപാട് കടുപ്പിച്ച് കാലടി സർവകലാശാല; വിദ്യാർഥികൾ മാപ്പ് പറയണമെന്ന് ഹൈക്കോടതിയിൽ

Nov 12, 2026 - 19:59
 0  1
സസ്പെൻഷനിൽ നിലപാട് കടുപ്പിച്ച് കാലടി സർവകലാശാല; വിദ്യാർഥികൾ മാപ്പ് പറയണമെന്ന് ഹൈക്കോടതിയിൽ

വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കുന്നതിൽ നിലപാട് കടുപ്പിച്ച് കാലടി സർവകലാശാല. ചെയ്ത തെറ്റിന് വിദ്യാർഥികൾ മാപ്പ് പറയണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകണമെന്നും സർവകലാശാല ഹൈക്കോടതിയെ അറിയിച്ചു. സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിൽ 44 പേജുള്ള വിശദമായ എതിർസത്യവാങ്മൂലമാണ് സർവകലാശാല സമർപ്പിച്ചത്. ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.

സിൻഡിക്കേറ്റിന്റെ തീരുമാനപ്രകാരം വിദ്യാർഥികൾ മാപ്പ് പറയുകയും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകുന്ന സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്യാതെ നടപടി പിൻവലിക്കില്ലെന്നാണ് സർവകലാശാലയുടെ നിലപാട്. സസ്പെൻഷൻ ശിക്ഷാനടപടിയല്ലെന്നും വൈസ് ചാൻസലറെ ആക്രമിക്കാൻ ശ്രമിച്ച 16 വിദ്യാർഥികളുടെ കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി.

വിദ്യാർഥികൾ സ്വയം സൃഷ്ടിച്ച പ്രശ്നങ്ങൾ കാരണമാണ് ഹാജരും പരീക്ഷ എഴുതാനുള്ള അവസരവും നഷ്ടമായതെന്നാണ് സർവകലാശാലയുടെ വാദം. അക്കാദമിക് അന്തരീക്ഷം തകർക്കുന്ന രീതിയിൽ പ്രവർത്തിച്ചതിനാലാണ് നടപടിയെടുത്തത്. സസ്പെൻഷനിലായ വിദ്യാർഥികൾക്കെതിരെ നേരത്തെയും അച്ചടക്കനടപടികളും പൊലീസ് കേസുകളും ഉണ്ടായിട്ടുണ്ടെന്നും ഇതുസംബന്ധിച്ച പരാതികളും കേസ് വിവരങ്ങളും ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും സർവകലാശാല വ്യക്തമാക്കി.