'അത് ചാറ്റ്ജിപിടി എഴുതിയത്'; ജപ്പാനിലെ സാഹിത്യ പുരസ്‌കാര ജേതാവിന്റെ നോവലിനെ ചൊല്ലി വിവാദം

'അത് ചാറ്റ്ജിപിടി എഴുതിയത്'; ജപ്പാനിലെ സാഹിത്യ പുരസ്‌കാര ജേതാവിന്റെ നോവലിനെ ചൊല്ലി വിവാദം

ടോക്യോ: ജപ്പാനിലെ പരമോന്നത സാഹിത്യ പുരസ്‌കാരം നേടിയ നോവലിനെച്ചൊല്ലി വിവാദം. റൈ കുഡാൻ രചിച്ച സയൻസ് ഫിക്ഷൻ നോവല്‍ 'ടോക്യോ ടു ദോജോ ടൂ'(ടോക്യോ സിംപതി ടവർ) ആണു പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്.

ചാറ്റ്ജിപിടിയുടെ സഹായത്താല്‍ തയാറാക്കിയതാണ് നോവലെന്ന എഴുത്തുകാരിയുടെ വെളിപ്പെടുത്തലാണു ചര്‍ച്ചയായിരിക്കുന്നത്. ജപ്പാനിലെ ഏറ്റവും മൂല്യമേറിയ സാഹിത്യ പുരസ്‌കാരമായ അകുതാഗവയാണ് കൃതിയെ തേടിയെത്തിയിരിക്കുന്നത്.

പുരസ്‌കാര പ്രഖ്യാപനത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു 33കാരിയുടെ വെളിപ്പെടുത്തല്‍. ചാറ്റ്ജിപിടി പോലെയുള്ള ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ടൂളുകളുടെ സഹായത്തോടെയാണ് നോവല്‍ എഴുതിയതെന്നായിരുന്നു റൈ കുഡാൻ പറഞ്ഞത്. പുസ്തകത്തിന്റെ അഞ്ചു ശതമാനത്തോളം പൂർണമായും എ.ഐ ടൂള്‍ ആണ് എഴുതിയതെന്നും അവർ സമ്മതിച്ചു.

എ.ഐ സാങ്കേതികവിദ്യ തന്നെയാണ് നോവലിന്റെ പ്രമേയവും. ടോക്യോയില്‍ ഉയരമേറിയതും സൗകര്യപ്രദവുമായൊരു ജയില്‍ നിർമിക്കാനുള്ള ദൗത്യം ഏല്‍പിക്കപ്പെട്ട ആർക്കിടെക്‌ട് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളാണ് നോവല്‍ ചർച്ച ചെയ്യുന്നത്. പ്രായോഗികമായി ഒരു പിഴവുമില്ലാത്ത കൃതിയാണെന്നാണ് പുരസ്‌കാരനിർണയ സമിതി നോവലിനെക്കുറിച്ച്‌ അഭിപ്രായപ്പെട്ടിരുന്നത്. ഇനിയും എ.ഐ ഉപയോഗിച്ച്‌ നോവല്‍ എഴുത്ത് തുടരുമെന്നും റൈ കുഡാൻ വ്യക്തമാക്കിയിട്ടുണ്ട്.

എ.ഐ ഉപയോഗിച്ച്‌ നോവല്‍ എഴുതിയത് ഒരു പ്രശ്‌നമായി കാണുന്നില്ലെന്നാണു പുരസ്‌കാരനിർണയ സമിതി അംഗമായ കീച്ചിറോ ഹിറാനോ പ്രതികരിച്ചത്.