പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ നിര്‍ബന്ധിച്ച്‌ തൊഴില്‍ ചെയ്യിപ്പിച്ചു; ഇന്ത്യൻ ദമ്ബതികള്‍ക്ക് 20 വര്‍ഷം തടവ് വിധിച്ച്‌ യു.എസ് കോടതി

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ നിര്‍ബന്ധിച്ച്‌ തൊഴില്‍ ചെയ്യിപ്പിച്ചു;   ഇന്ത്യൻ ദമ്ബതികള്‍ക്ക് 20 വര്‍ഷം തടവ് വിധിച്ച്‌ യു.എസ് കോടതി

വാഷിങ്ടണ്‍: പ്രായപൂർത്തിയാകാത്ത കുട്ടിയെ നിർബന്ധിച്ച്‌ ഗ്യാസ് സ്റ്റേഷനിലും കടയിലും ജോലി ചെയ്യിപ്പിച്ച കുറ്റത്തിന് ബന്ധുക്കളായ ഇന്ത്യൻ ദമ്ബതികള്‍ കുറ്റക്കാരെന്ന് വിധിച്ച്‌ വിർജീനിയ ഫെഡറല്‍ കോടതി.

രണ്ടാഴ്ച നീണ്ട വിചാരണക്ക് ശേഷമാണ് ഹർമൻപ്രീത് സിങ്(30), കുല്‍ബീർ കൗർ(43)എന്നിവരെ 20 വർഷം തടവിന് കോടതി ശിക്ഷിച്ചിരിക്കുന്നത്. ബന്ധുവിനെ ഇവരുടെ കടകളില്‍ കാഷ്യറായും ഭക്ഷണം പാചകം ചെയ്യാനും നിയോഗിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ മേയ് എട്ടിനാണ് സംഭവം. നിർബന്ധിച്ച്‌ തൊഴില്‍ ചെയ്യിപ്പിച്ചതിന് ഏതാണ്ട് 250,000 യു.എസ് ഡോളർ പിഴയടക്കേണ്ടിയും വരും.

യു.എസ് സ്കൂളില്‍ പഠിക്കാനുള്ള ബന്ധുവിന്റെ ആഗ്രഹം മുതലെടുത്താണ് ദമ്ബതികളുടെ നടപടിയെന്ന് കോടതി നിരീക്ഷിച്ചു. അവന്റെ വിശ്വാസം പിടിച്ചുപറ്റിയാണ് നിർബന്ധിച്ച്‌ ജോലി ചെയ്യിച്ചത്. അതിനു ശേഷം മാനസികമായും ശാരീരികമായും ഇവർ കുട്ടിയെ ഉപദ്രവിക്കുകയും ചെയ്തു. ദമ്ബതികള്‍ തങ്ങളുടെ സാമ്ബത്തിക ലാഭത്തിനായി കുട്ടിയെ ജോലിക്കാരനാക്കി മാറ്റുകയായിരുന്നുവെന്നും കോടതി കണ്ടെത്തി. കൂടുതല്‍ സമയം കുട്ടിയെ ഇവർ പണിയെടുപ്പിച്ചു. എന്നാല്‍ വളരെ തുച്ഛമായ വേതനമാണ് നല്‍കിയത്. രക്ഷപ്പെടാതിരിക്കാൻ കുട്ടിയുടെ കുടിയേറ്റ രേഖകളും ഇവർ കൈവശപ്പെടുത്തി.

നിർബന്ധിച്ച്‌ തൊഴില്‍ ചെയ്യിപ്പിക്കുന്നതും മനുഷ്യക്കടത്തും ഹീനമായ കുറ്റകൃത്യങ്ങളാണെന്നും അവ നമ്മുടെ സമൂഹത്തില്‍ നിന്ന് തുടച്ചുമാറ്റണമെന്നും കോടതി വ്യക്തമാക്കി.

2018ലാണ് യു.എസിലെ സ്കൂളില്‍ പഠിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി കുട്ടിയെ ദമ്ബതികള്‍ യു.എസിലേക്ക് കൊണ്ടുവന്നത്. അന്നവന് പ്രായപൂർത്തിയായിരുന്നില്ല. എത്തിയ ഉടൻ അവന്റെ കുടിയേറ്റ രേഖകളെല്ലാം വാങ്ങിവെച്ച്‌ നിർബന്ധിച്ച്‌ ജോലിക്ക് അയക്കുകയായിരുന്നു. ഓഫിസില്‍ നിന്ന് ഉറങ്ങാനായി വീട്ടിലേക്ക് പോരുമ്ബോള്‍ ദമ്ബതികള്‍ കുട്ടിയെ കടയില്‍ തന്നെ നിർത്തി. നിരവധി തവണ ഇത്തരത്തിലുള്ള പീഡനം തുടർന്നു.

അവന് മതിയായ ഭക്ഷണമോ ചികിത്സയോ വിദ്യാഭ്യാസമോ നല്‍കിയില്ല. അവൻ വീട്ടിലായിരിക്കുമ്ബോള്‍ ഭക്ഷണം പാചകം ചെയ്യിപ്പിച്ചു. വീട്ടിലും ഓഫിസിലും കുട്ടിയെ നിരീക്ഷിക്കാൻ കാമറകള്‍ സ്ഥാപിച്ചു. ഇന്ത്യയിലേക്ക് തന്നെ മടക്കി അയക്കണമെന്ന അവന്റെ അഭ്യർഥനയും മാനിച്ചില്ല. കോടതി കണ്ടെത്തി.