വ്യാപക ക്രമക്കേട്; പാകിസ്ഥാനില്‍ 40ലധികം ഇടങ്ങളില്‍ റീ പോളിംഗ്

വ്യാപക ക്രമക്കേട്; പാകിസ്ഥാനില്‍ 40ലധികം ഇടങ്ങളില്‍ റീ പോളിംഗ്

സ്ലാമാബാദ്: പാകിസ്ഥാൻ പൊതുതെരഞ്ഞെടുപ്പ് ഫലത്തില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന ആരോപണം ഉയരുന്നതിനിടെ 40ലധികം ഇടങ്ങളില്‍ റീ പോളിംഗ് നടത്താൻ നിർദ്ദേശം.

ഈ മാസം 15ന് റീ പോളിംഗ് നടത്താനാണ് പാകിസ്ഥാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. ക്രമക്കേട് ആരോപിച്ചെത്തിയ ആളുകള്‍ റിട്ടേണിംഗ് ഓഫീസറുടെ ഓഫീസില്‍ പോളിംഗ് സാമഗ്രികള്‍ കത്തിച്ചതായി റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് എൻ-88ലെ 26 പോളിംഗ് സ്‌റ്റേഷനുകളില്‍ റീ പോളിംഗ് നടത്തുന്നത്.

അജ്ഞാതരായ ഒരു കൂട്ടം ആളുകള്‍ പോളിംഗ് സാമഗ്രികള്‍ പിടിച്ചെടുത്തതായി ആരോപണമുയർന്ന പിഎസ്-18ലും റീ പോളിംഗ് നടത്തും. അക്രമികള്‍ പോളിംഗ് സാമഗ്രികള്‍ നശിപ്പിച്ച പികെ-90ലെ 25 സ്റ്റേഷനുകളില്‍ കൂടി റീ പോളിംഗ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമെ എൻഎ-242ലെ പോളിംഗ് സ്‌റ്റേഷനിലുണ്ടായ ആക്രമണത്തില്‍ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ റീജിയണല്‍ ഓഫീസറോട് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ട് ലഭിച്ചതിന് ശേഷം ഇവിടെ റീപോളിംഗ് നടത്തണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

എട്ടാം തീയതി നടന്ന പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍  കൃത്രിമം നടന്നുവെന്ന് ആരോപിച്ച്‌ ഇമ്രാൻ ഖാന്റെ തെഹ്രീകെ-ഇ-ഇൻസാഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥികളില്‍ പലരും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ലാഹോറിലെ എൻഎ130 യില്‍ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിജയം ഉള്‍പ്പെടെ ചോദ്യം ചെയ്ത് സ്വതന്ത്ര സ്ഥാനാർത്ഥികള്‍ ഹർജി സമർപ്പിച്ചിട്ടുണ്ട്.