ഇന്ന് രബീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനം ; സൂസൻ പാലാത്ര 

ഇന്ന് രബീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനം ;  സൂസൻ പാലാത്ര 

ന്ത്യയിലെ, ഏഷ്യയിലെ ആദ്യത്തെ നോബൽ സമ്മാനജേതാവായ രവീന്ദ്രനാഥടാഗോർ എഴുതിയ, ഇന്ത്യയിലെ എല്ലാ ഭാഗങ്ങളും, പർവ്വതങ്ങളും, നദികളും  ഉൾപ്പെടുത്തിയിരിക്കുന്ന, മനോഹരമായ പദസഞ്ചയങ്ങളുള്ള നമ്മുടെ ദേശീയ ഗാനമായ ജനഗണമനയിലെ വാക്കുകളുടെ അർത്ഥസമ്പുഷ്ടി എത്ര ആഴത്തിലുള്ളതാണ് .    

ഭാരതത്തിന്റെ ദേശീയഗാനം.

ഒരു ദേശത്തിന്റെ ചരിത്രവും സംസ്കാരവും ത്യാഗവും നേട്ടങ്ങളും സ്മരണയിൽ കൊണ്ടുവരുകയും, ഇവയെയൊക്കെ പുകഴ്ത്തുകയും ചെയ്യുന്ന സംഗീതരചനയാണ് ദേശീയഗാനം. ഭാരതത്തിന്റെ ദേശീയഗാനമാണ്‌ ജന ഗണ മന. സാഹിത്യത്തിന്‌ നോബൽസമ്മാനം  നേടിയ ബംഗാളികവി രവീന്ദ്രനാഥടാഗോറിന്റെ കവിതയിലെ വരികളാണ്‌ പിന്നീട് ദേശീയഗാനമായി ഇന്ത്യൻ ജനത സ്വീകരിച്ചത്. പൂര്‍ണ്ണരൂപത്തില്‍ ഈ ഗാനത്തിന് അഞ്ചു ചരണങ്ങളുണ്ട്. അതില്‍ ആദ്യത്തെ ചരണമാണു ദേശീയ ഗാനം. ഔദ്യോഗികമായ നിർണ്ണയങ്ങൾ പ്രകാരം ദേശീയഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കൻഡുകൾ കൊണ്ടാണ്‌.

 1912 ജനുവരിയില്‍ 'തത്വബോധിനി' എന്ന പത്രികയിലാണ് 'ഭാരത് വിധാത' എന്ന ശീര്‍ഷകത്തില്‍ ഈഗാനം ആദ്യം പ്രസിദ്ധീകൃതമായത്. (തത്വബോധിനി പത്രികയുടെ പത്രാധിപര്‍ രവീന്ദ്രനാഥ ടാഗോര്‍ ആയിരുന്നു)

 1911, ഡിസംബർ 27 -ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കൽക്കത്താ സമ്മേളനത്തിലായിരുന്നു രവീന്ദ്രനാഥ ടാഗോർ ജനഗണമന ആദ്യമായി ആലപിച്ചത്. ബംഗാളിയിൽ രചിച്ച ആ ഗാനത്തിന് 'ഭാഗ്യവിധാതാ' എന്നാണ് ആദ്യം പേരിട്ടിരുന്നത്. ശങ്കരാഭരണ രാഗത്തിൽ രാംസിങ് ഠാക്കൂർ സംഗീതം നൽകിയ ഈ ഗാനം പിന്നീട് ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റി. ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യവാഹകരായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഈ ഗാനം ദേശീയഗാനമായി അംഗീകരിക്കുകയായിരുന്നു. ഇന്ത്യൻ പാർലമെന്റിൽ ഈഗാനം ആദ്യമായി അവതരിപ്പിച്ചത് 1950 ജനുവരി 24നാണ്. ഈ ദിവസമാണ്

 'ജന ഗണ മന'  ദേശീയഗാനമായി അംഗീകരിച്ചത്. ആദ്യ ഖണ്ഡികയാണ് ജന ഗണ മന. ഔപചാരികാവസരങ്ങളില്‍ ഈ ഗാനം ആലപിക്കാന്‍ 52 സെക്കന്‍റാണ് എടുക്കുന്നത്. ഔദ്യോഗികമായി നിശ്ചയിച്ചിട്ടുള്ള രീതിയില്‍ ദേശീയഗാനം ആലപിക്കണമെന്നും ആലാപനവേളയില്‍ അതിനു സാക്ഷ്യം വഹിക്കുന്നവരെല്ലാം ദേശത്തോടുളള ആദരസൂചകമായി എഴുന്നേറ്റു നില്‍ക്കണമെന്നും വ്യവസ്ഥയുണ്ട്.

  സ്വാതന്ത്ര്യദിനം, റിപ്പബ്ളിക് ദിനം എന്നിവ ആഘോഷിക്കുമ്പോഴും മറ്റ് ഔദ്യോഗിക ചടങ്ങുകളുടെ ആരംഭത്തിലും ചില നിശ്ചിത ചടങ്ങുകളുടെ അന്ത്യത്തിലും ദേശീയഗാനം ആലപിക്കണമെന്നു ചട്ടമുണ്ട്.

 വിദേശ ഭരണാധികാരികള്‍ ഭാരതം സന്ദര്‍ശിക്കുമ്പോഴുള്ള ചടങ്ങുകളിലും ഭാരതം വിദേശരാജ്യങ്ങളില്‍ വച്ച് ഔദ്യോഗികമായി പങ്കെടുക്കുന്ന ചടങ്ങുകളിലും ബന്ധപ്പെട്ട രണ്ടുരാജ്യങ്ങളുടെയും  ദേശീയഗാനങ്ങള്‍ ആലപിക്കണമെന്നാണ് വ്യവസ്ഥ.

  അന്തര്‍ദ്ദേശീയ കലാ, കായിക മേളകളിലും മറ്റും ഓരോ രാജ്യത്തിന്‍റെയും പ്രതിനിധികള്‍ സമ്മാനിതരാവുമ്പോള്‍ അതതു രാജ്യത്തിന്‍റെ ദേശീയഗാനം ആലപിക്കുന്ന സമ്പ്രദായം അന്തര്‍ദ്ദേശീയമായി അംഗീകരിച്ചിട്ടുണ്ട്.

 രബീന്ദ്രനാഥടാഗോർ, ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ദേശീയഗാന രചയിതാവാണ്. 

 ജന-ഗണ-മന അധിനായക ജയഹേ

ഭാരത-ഭാഗ്യ-വിധാതാ,

പഞ്ചാബ്-സിന്ധു-ഗുജറാത്ത്-മറാഠാ

ദ്രാവിഡ-ഉത്‌കല-ബംഗാ,

വിന്ധ്യ-ഹിമാചല-യമുനാ-ഗംഗാ,

ഉച്ഛല-ജലധി-തരംഗാ,

തവ ശുഭ നാമേ ജാഗേ,

തവ ശുഭ ആശിഷ മാഗേ,

ഗാഹേ തവജയ ഗാഥാ,

ജന-ഗണ-മംഗല-ദായക-ജയഹേ

ഭാരത-ഭാഗ്യ-വിധാതാ.

ജയഹേ, ജയഹേ, ജയഹേ

ജയ ജയ ജയ ജയ ഹേ.

 

മലയാള പരിഭാഷ:

 

സർവ്വജനങ്ങളുടെയും മനസ്സിന്റെ അധിപനും നായകനുമായവനെ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് ജയിച്ചാലും.

പഞ്ചാബ്, സിന്ധ്, ഗുജറാത്ത്, മഹാരാഷ്ട്ര, ദ്രാവിഡം, ഒറീസ്സ, ബംഗാൾ, എന്നീ പ്രദേശങ്ങളും വിന്ധ്യൻ, ഹിമാലയം എന്നീ കൊടുമുടികളും,

യമുനാ, ഗംഗാ എന്നീ നദികളും സമുദ്രത്തിൽ അലയടിച്ചുയരുന്ന തിരമാലകളും

അവിടത്തെ ശുഭനാമം കേട്ടുണർന്നു അവിടത്തെ ശുഭാശിസ്സുകൾ പ്രാർഥിക്കുന്നു; അവിടത്തെ ശുഭഗീതങ്ങൾ ആലപിക്കുന്നു.

സർവ്വ ജനങ്ങൾക്കും മംഗളം നല്കുന്നവനെ,

ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!

  കോൺഗ്രസ്സ് സമ്മേളനത്തിൽ ആദ്യമായി ടാഗോറിന്റെ കവിത ആലപിച്ചതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ബ്രിട്ടനിലെ ജോർജ്ജ് അഞ്ചാമൻ രാജാവിന് സ്വീകരണം നൽകിയത്. ഈ ഒരു കാരണം കൊണ്ടുതന്നെ പലരും ഗാനത്തിൽ ദൈവമെന്ന് വിവക്ഷിച്ചിരിക്കുന്നത് ജോർജ്ജ് രാജാവിനെയാണെന്നു കരുതിപ്പോന്നിരുന്നു. പിന്നീട് ടാഗോറിന്റെ തന്നെ വിശദീകരണത്തിൽ അദ്ദേഹം “വിധാതാവായി” കരുതുന്നത് ദൈവത് തെ തന്നെയാണെന്ന് വ്യക്ത്യമാക്കുകയുണ്ടായി. അല്ലെങ്കിൽ തന്നെയും ബ്രിട്ടീഷ് രാജാവ് സമ്മാനിക്കുകയുണ്ടായ “പ്രഭു” പദവി തന്നെ നിരാകരിച്ച ടാഗോർ എന്ന ദേശീയവാദിയിൽ നിന്ന് ജോർജ്ജ് അഞ്ചാമനെ പ്രകീർത്തിച്ചുകൊണ്ടൊരു ഗാനം ഉണ്ടാവുകയില്ലെന്ന് ഭൂരിപക്ഷവും വിശ്വസിച്ചിരുന്നു. 

 2005 -ൽ ദേശീയഗാനത്തിൽ “സിന്ധ്” എന്ന പദം ഉപയോഗിക്കുന്നതിലുള്ള അനൗചിത്യം ചൂണ്ടിക്കാണിച്ചുകൊണ്ട് വിവാദങ്ങൾ ഉണ്ടായിരുന്നു. 1947-ൽ തന്നെ ഭാരതത്തിൽനിന്നു വേർപ്പെട്ടുപോയ പാകിസ്താൻ എന്ന രാജ്യത്തിലെ ഒരു പ്രവിശ്യയാണ് സിന്ധ് എന്ന കാരണമായിരുന്നു വിവാദമൂലം. സിന്ധ് എന്ന പദത്തിനു പകരം കാശ്മീർ എന്നോ മറ്റൊരു പദമോ ഉപയോഗിക്കണമെന്ന് ഇതു സംബന്ധിച്ച് സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്ന പൊതുതാൽപര്യ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. സിന്ധ് എന്ന പദം സൂചിപ്പിക്കുന്നത് സിന്ധുനദീതട സംസ്കൃതിയെയും, സിന്ധികൾ എന്ന ജനവിഭാഗത്തെയും ആണെന്നായിരുന്നു വിവാദത്തിൽ താല്പര്യമില്ലാതിരുന്ന ഒരു വിഭാഗം കരുതിപ്പോന്നിരുന്നത്. പിന്നീട് ഇന്ത്യൻ സുപ്രീം കോടതി തന്നെ ദേശീയഗാനത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്നും സിന്ധ് എന്നതു സൂചിപ്പിക്കുന്നത് ഒരു സംസ്കാരത്തേയാണെന്നും അതല്ലാതെ ഒരു പ്രവിശ്യയെ അല്ലെന്നും അഭിപ്രായപ്പെടുകയുണ്ടായി.

       

( പകർപ്പിനു കടപ്പാട് )

അനശ്വര കവിയായ,  ദേശസ്നേഹിയായ ടാഗോറിന്റെ ഓർമ്മകൾക്ക്‌   പ്രണാമം

സൂസൻ പാലാത്ര