ഭക്തലക്ഷങ്ങള്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ചു

ഭക്തലക്ഷങ്ങള്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ചു

തിരുവനന്തപുരം:  ഭക്തലക്ഷങ്ങള്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ചു. ഉച്ചയ്ക്ക് 2.30-ന് ഉച്ചപൂജയ്ക്കുശേഷം ക്ഷേത്രപൂജാരി പണ്ടാരയടുപ്പിലെ പൊങ്കാല നിവേദിച്ചു. ക്ഷേത്ര ട്രസ്റ്റ് നിയോഗിച്ച 250-ലേറെ പൂജാരിമാര്‍ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ തീര്‍ഥം വിതറി നിവേദിച്ചു. ഈ സമയത്ത് ആകാശത്തുനിന്ന് വായുസേനയുടെ ചെറുവിമാനത്തില്‍ പുഷ്പവൃഷ്ടിയുമുണ്ടായിരുന്നു.

വ്രതശുദ്ധിയോടെ ലക്ഷണക്കിന് ഭക്തരാണ് തലസ്ഥാന നഗരിയിൽ എത്തിയത്. ക്ഷേത്രത്തിൽ ഇന്നലേയും വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. 

ഞായറാഴ്ച രാവിലെ ശുദ്ധപുണ്യാഹത്തിനുശേഷമാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചത്. മുന്നിലെ പാട്ടുപരയില്‍ തോറ്റംപാട്ടുകാര്‍ കണ്ണകീചരിതത്തില്‍ പാണ്ഡ്യരാജാവിന്റെ വധം വിവരിക്കുന്ന ഭാഗം പാടി. പാട്ടുതീര്‍ന്നതോടെ ശ്രീകോവിലില്‍നിന്നു ദീപം പകരുന്ന ചടങ്ങിലേക്ക് തന്ത്രി കടന്നു. തന്ത്രി തെക്കേടത്തു പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍നിന്ന് ദീപം പകര്‍ന്ന് മേല്‍ശാന്തി ഗോശാല വിഷ്ണുവാസുദേവന്‍ നമ്പൂതിരിക്ക് നല്‍കി. മേല്‍ശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീകത്തിച്ചശേഷം അതേ ദീപം സഹമേല്‍ശാന്തിക്കു കൈമാറി. തുടര്‍ന്ന്, വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്‍വശത്തെ പണ്ടാര അടുപ്പിലും തീ പകര്‍ന്നതിനുശേഷം നഗരത്തിലും ക്ഷേത്രപരിസരത്തുമുള്ള പൊങ്കാലക്കളങ്ങളിലും അടുപ്പുകളിലേക്കും തീ പകര്‍ന്നു.