ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം': പിണറായിയുടെ ഗൺമാനെതിരെ പുനരന്വേഷണം നടത്തുമെന്ന് സതീശൻ
തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ 'രക്ഷാപ്രവർത്തനം' സംബന്ധിച്ച് നിർണായക നടപടിയുമായി മുഖ്യമന്ത്രി വിഡി സതീശൻ. സംഭവം പുനരന്വേഷിക്കാൻ മുഖ്യമന്ത്രി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുനേരെ ആലപ്പുഴയിൽ കരിങ്കൊടി കാണിച്ച കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവമാണ് 'ആലപ്പുഴ രക്ഷാ പ്രവർത്തനം' എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. 2023-ൽ നവകേരള യാത്രയ്ക്കിടെയായിരുന്നു ഇത്. ഈ മർദ്ദനത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ രക്ഷാപ്രവർത്തനം എന്നാണ് വിശേഷിപ്പിച്ചത്. സിപിഎമ്മിന്റെ സൈബർ പോരാളികൾ ഈ പ്രയോഗം ആഘോഷമാക്കുകയും ചെയ്തു.
2023 ഡിസംബർ 15-നായിരുന്നു ഈ സംഭവം. റോഡരികിൽ യൂത്ത് കോൺഗ്രസുകാർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. ഇക്കൂട്ടത്തില്‍ രണ്ടുപേരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാരായ ആളുകൾ വളഞ്ഞിട്ട് ആക്രമിച്ചു. ഈ കേസിൽ പുനരന്വേഷണം നടത്താൻ ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതി 2024 നവംബർ എട്ടിന് ഉത്തരവിട്ടിരുന്ന കാര്യം മുഖ്യമന്ത്രി വിഡി സതീശൻ ഇന്നത്തെ വാർത്താ സമ്മേളനത്തിൽ ഓർമിപ്പിച്ചു. എന്നാൽ, ഈ സംഭവത്തിന് ഒരു തെളിവുമില്ലെന്നായിരുന്നു സർക്കാർ അന്നെടുത്ത നിലപാട്. പിന്നീട് ദൃശ്യങ്ങൾ ഹാജരാക്കിയപ്പോൾ കോടതിക്ക് അത് ബോധ്യപ്പെടുകയും പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. കോടതിയുടെ ഉത്തരവുണ്ടായിട്ടും അന്വേഷണം നടന്നില്ലെന്ന് വിഡി സതീശൻ പറഞ്ഞു. ഇതൊരു പ്രതികാരനടപടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.