കരയിലേക്ക് ഒഴുകിക്കയറി പൈലറ്റ് തിമിംഗലങ്ങളുടെ കൂട്ടം

കരയിലേക്ക് ഒഴുകിക്കയറി പൈലറ്റ് തിമിംഗലങ്ങളുടെ കൂട്ടം

കാൻബറ : ഓസ്‌ട്രേലിയൻ തീരത്ത് കനത്ത ആശങ്ക സൃഷ്ടിച്ച് കഴിഞ്ഞ ദിവസം അപൂർവയിനം തിമിംഗലങ്ങള്‍ കരയിലേക്ക് ഒഴുകിക്കയറി.

പൊതുവെ കൂട്ടമായി കാണപ്പെടുന്ന ഭീമൻ പൈലറ്റ് തിമിംഗലങ്ങളാണ് കൂട്ടമായി കരയിലേക്ക് ഒഴുകിക്കയറിയത്. പ്രത്യേകിച്ച്‌ കാലാവസ്ഥാ വ്യതിയാനമൊന്നും ഇല്ലാതെ സംഭവിച്ച ഈ പ്രതിഭാസം ഏറെ നേരം വന്യജീവി പ്രേമികളെ ആശങ്കയിലാഴ്‌ത്തി.

ഒരു തിമിംഗലത്തെ കൂട്ടത്തില്‍ മറ്റ് തിമിംഗലങ്ങള്‍ പിന്തുടരുന്ന രീതിയില്‍ കൂട്ടമായി നീന്തുന്ന സ്വഭാവമുള്ളവയാണ് പൈലറ്റ് തിമിംഗലങ്ങള്‍. ഇവ വംശനാശഭീഷണി നേരിടുന്ന തിമിംഗലഇനങ്ങളില്‍ ഒന്നായി കണക്കാക്കുന്നു.

ഓസ്‌ട്രേലിയയിലെ പടിഞ്ഞാറൻ പ്രവിശ്യയിലെ തീരദേശ നഗരമായ ഡൻസ്‌ബറാക്കില്‍ ഇന്നലെയാണ് പൈലറ്റ് തിമിംഗലങ്ങള്‍ കരയ്‌ക്കടിഞ്ഞത്.
ഈ വിവരം ഓസ്‌ട്രേലിയയിലെ ജൈവവൈവിധ്യ സംരക്ഷണ വകുപ്പിന്റെ അധികാരികളെ അറിയിച്ചു. മാത്രമല്ല, പ്രാദേശിക മാധ്യമങ്ങളും വാർത്ത സംപ്രേക്ഷണം ചെയ്തതോടെ വന്യജീവി പ്രേമികളും സമുദ്ര ജീവശാസ്ത്രജ്ഞരും സംഭവസ്ഥലത്തേക്ക് കുതിച്ചു.

160 പൈലറ്റ് തിമിംഗലങ്ങള്‍ തീരത്ത് കുടുങ്ങിയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. പല തിമിംഗലങ്ങളും അവശനിലയിലാണെന്ന് കണ്ടെത്തി. ഇതേത്തുടര്ന്ന് വനപാലകര്ക്കൊപ്പം പൊതുജനങ്ങളും തിമിംഗലങ്ങളെ ജീവനോടെ രക്ഷിക്കാനുള്ള ശ്രമത്തിലായി.

മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ നൂറിലധികം തിമിംഗലങ്ങളെ ബോട്ടില്‍ ആഴക്കടലിലേക്ക് തിരികെയെത്തിച്ചു. ചത്തനിലയില്‍ കരയില്‍ കണ്ടെത്തിയ 26ലധികം തിമിംഗലങ്ങളെ മണലില്‍ കുഴിച്ചിട്ടു.