ഭീകരാക്രമണ വാര്‍ഷിക ദിനത്തിലെ അക്രമത്തില്‍നടുങ്ങി രാജ്യം

ഭീകരാക്രമണ വാര്‍ഷിക ദിനത്തിലെ അക്രമത്തില്‍നടുങ്ങി രാജ്യം

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷിക ദിനത്തില്‍ പാര്‍ലമെന്റില്‍ വീണ്ടും ആക്രമണമുണ്ടായതിന്റെ നടുക്കത്തിലാണ് രാജ്യം.

ഡിസംബര്‍ 13-ന് പാര്‍ലമെന്റിന് നേര്‍ക്ക് ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഖലിസ്താൻ വിഘടനവാദി നേതാവ് ഗുര്‍പത്വന്ദ് സിങ് പന്നൂൻ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. ഇന്ന് ആ ശ്രമം നടന്നതോടെ ഇതിന്റെ ഗൗരവം വര്‍ധിക്കുന്നു

2001 ഡിസംബര്‍ 13-ന് പാര്‍ലമെന്റില്‍ ശീതകാല സമ്മേളനം നടക്കുമ്ബോഴായിരുന്നു പാര്‍ലമെന്റ് മന്ദിരത്തിനു നേരെ ആഭ്യന്തര വകുപ്പിന്റെ സ്റ്റിക്കര്‍ പതിച്ച കാറിലെത്തിയ അഞ്ചംഗ ഭീകരര്‍ ആക്രമണം നടത്തിയത്. ലഷ്കര്‍-ഇ-ത്വയിബ, ജെയ്ഷ്-ഇ-മുഹമ്മദ്, ഭീകരസംഘടനകളായിരുന്നു ആക്രമണത്തിനു പിന്നില്‍.

സംശയം തോന്നിയതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കാര്‍ തടഞ്ഞതിനു പിന്നാലെ പുറത്തിറങ്ങിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. നൂറിലധികം എം.പി.മാരാണ് ആ സമയം പാര്‍ലമെന്റിലുണ്ടായിരുന്നത്. അരമണിക്കൂറോളം നീണ്ട വെടിവെയ്പ്പിനൊടുവില്‍ ആക്രമണം നടത്തിയ അഞ്ച് ഭീകരരും എട്ട് സുരക്ഷാ ഉദ്യോഗസ്ഥരും പാര്‍ലമെന്റിലെ ഉദ്യാനപാലകനുമുള്‍പ്പടെ 15 പേരാണ് കൊല്ലപ്പെട്ടത്.

ലഷ്കര്‍-ഇ-ത്വയിബയും ജെയ്ഷ്-ഇ-മുഹമ്മദും സംയുക്തമായി ആസൂത്രണം ചെയ്ത ആക്രമണമാണെന്നും അഞ്ച് ഭീകരരും പാകിസ്താൻ പൗരന്മാരാണെന്നും പിന്നീടു നടന്ന അന്വേഷണത്തില്‍ തെളിഞ്ഞു. പിന്നാലെ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമ്മു കശ്മീര്‍ ലിബറേഷൻ ഫ്രണ്ട് നേതാവ് അഫ്സല്‍ ഗുരു, ഷൗക്കത്ത് ഹുസൈൻ, ഇയാളുടെ ഭാര്യ അഫ്സാൻ ഗുരു, എസ്.എ.ആര്‍ ജിലാനി എന്നിവര്‍ അറസ്റ്റിലായി.

അഫ്സല്‍ ഗുരുവിന്റെ പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം പുന്നൂൻ ഭീഷണി സന്ദേശം പുറത്തുവിട്ടത്. ഡല്‍ഹി ഖലിസ്താന്റെ നിയന്ത്രണത്തിലാകുമെന്നും ഭീഷണി സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഇന്ത്യൻ ഏജൻസികള്‍ തന്നെ വധിക്കാൻ ശ്രമിച്ചുവെങ്കിലും താൻ രക്ഷപ്പെട്ടുവെന്നും പന്നൂൻ അവകാശപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായി പാര്‍ലമെന്റ് ആക്രമിക്കുമെന്നായിരുന്നു ഭീഷണി.

2001-ലെ ആക്രമണത്തില്‍ ജീവൻ നഷ്ടമായവരുടെ സ്മൃതി മന്ദിരത്തില്‍ പ്രാര്‍ഥനകളര്‍പ്പിച്ചു കൊണ്ടായിരുന്നു ഇന്ന് സമ്മേളനം ആരംഭിച്ചത്. മൗനപ്രാര്‍ഥനകള്‍ക്ക് ശേഷം തുടര്‍ന്ന ലോക്സഭാ നടപടികള്‍ നടക്കുന്നതിനിടെയായിരുന്നു രണ്ട് പേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടി സ്പ്രേ പ്രയോഗിച്ചത്