ഹാട്രിക് മോഹം പൊലിഞ്ഞ് കെസിആര്‍

ഹാട്രിക് മോഹം പൊലിഞ്ഞ്  കെസിആര്‍

ഹൈദരാബാദ്: തെലങ്കാനയില്‍ അധികാരത്തില്‍ ഹാട്രിക് നേടുകയെന്ന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ സ്വപ്നം പൊലിഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ റാവുവിന്റെ ബിആര്‍എസിന് കനത്ത തിരിച്ചടി.  

തെലങ്കാന സംസ്ഥാനം രൂപീകരിച്ച ശേഷം ആദ്യമായിട്ടാണ് കോണ്‍ഗ്രസ് അധികാരത്തിലേറുന്നത്. 119 സീറ്റില്‍ 66 ഇടത്താണ് കോണ്‍ഗ്രസ് മുന്നേറുന്നത്. ബിആര്‍എസ് 39 സീറ്റുകളിലും  മുന്നിട്ടു നില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസിന്റെ കുതിപ്പ്.2014-ല്‍ സംസ്ഥാനം രൂപവത്കരിക്കപ്പെട്ടതിന് ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പിലും മൃഗീയഭൂരിപക്ഷം നേടിയാണ് കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്രസമിതി അധികാരത്തിലേറിയത്.

പിന്നീട് ദേശീയരാഷ്ട്രീയത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഭാരതീയ രാഷ്ട്ര സമിതി എന്ന് പാര്‍ട്ടിയുടെ പേര് കെസിആര്‍ മാറ്റുകയായിരുന്നു. 

തെലങ്കാന വികാരം ആളിക്കത്തിച്ചാണ് കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളില്‍ കെ ചന്ദ്രശേഖര്‍ റാവുവിന്റെ ബിആര്‍എസ് അധികാരത്തിലെത്തിയത്. എന്നാല്‍, ഇത്തവണ, 'തെലുങ്ക് ഗൗരവം' കെസിആറിനെ കൈവിട്ടു. പ്രത്യേക സംസ്ഥാനം രൂപീകരിച്ചിട്ടും വികസനമില്ലായ്മയും തൊഴിലില്ലായ്മയും മാറിയില്ലെന്ന കോണ്‍ഗ്രസ് പ്രചാരണത്തിന് മുന്നില്‍ കെസിആര്‍ വീണു. സര്‍ക്കാരിന്റെ അവസാന കാലത്ത് ഉയര്‍ന്നുവന്ന അഴിമതി ആരോപണവും കുടുംബവാഴ്ചയ്ക്ക് എതിരെയുള്ള ജനവികാരവും കെസിആറിനെ തളര്‍ത്തി.

യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് രാഷ്ട്രീയ യാത്ര ആരംഭിച്ച കെസിആര്‍, ടിഡിപിയിലൂടെയാണ് വളര്‍ന്നത്. 2001ല്‍ ആന്ധ്രാപ്രദേശ് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ആയിരിക്കവെയാണ് തെലങ്കാന പ്രക്ഷോഭത്തിന്റെ മുന്നണിയിലേക്ക് റാവു എത്തുന്നത്.