മണർകാട്, ഐരാറ്റുനട, പാലമുറി പാടശേഖരങ്ങളിൽ ഈ വർഷവും വിത്തെറിഞ്ഞു

മണർകാട്, ഐരാറ്റുനട, പാലമുറി  പാടശേഖരങ്ങളിൽ ഈ വർഷവും വിത്തെറിഞ്ഞു
മണർകാട്, ഐരാറ്റുനട, പാലമുറി പാടശേഖരങ്ങളിൽ ഈ വർഷവും വിത്തെറിഞ്ഞു. ഇരുപത്തഞ്ചോളം വർഷമായി കാടുപിടിച്ച് തരിശു കിടന്ന പാടശേഖരങ്ങളിൽ അഞ്ചു വർഷം മുൻപാണ് കൃഷിയിറക്കി തുടങ്ങിയത്. കാലാവസ്ഥാ വ്യതിയാനമുൾപ്പെടെ വലിയ പ്രതിസന്ധികൾക്കിടയിൽ ഈ വർഷം കൂടുതൽ സ്ഥലത്ത് 420 ഏക്കറിലാണ് കൃഷി തുടങ്ങുന്നത്.
 
മണർകാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്  കെ .സി .ബിജു വിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ  ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.  കൃഷി ഓഫീസർ ഗൗരി, അസിസ്റ്റൻ്റുമാരായ സന്ധ്യ, സുമിത്ര എന്നിവർ പങ്കെടുത്തു.
 
പാടശേഖര  പ്രസിഡൻ്റ് ഡോ.പുന്നൻ കുര്യൻ വേങ്കടത്തും സെക്രട്ടറി   ഒ .എ .ഏബ്രഹാമും പമ്പിംഗ് സമിതി കൺവീനർ  ബിജു കന്നുകുഴിയും ചേർന്ന് കഴിഞ്ഞ ഏറെ നാളുകളായി നടത്തി വരുന്ന  ശ്രമകരമായ പ്രർത്തനങ്ങളാണ് വിതയിൽ എത്തിച്ചത്. ഒപ്പം നിന്ന വിവിധ സർക്കാർ ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥരെയും നന്ദിയോടെ ഓർക്കേണ്ടതുണ്ട്.
 
മലിനമായി കിടന്ന കോട്ടയം ജില്ലയിലെ മൂന്നു ആറുകളും കൈത്തോടുകളും ശുചിയാക്കുന്നതിന് വേണ്ടിരൂപം കൊടുത്ത മീനച്ചിലാർ -മീനന്തറയാർ -കൊടൂരാർ നദീ പുനർ സംയോജന ജനകീയ കൂട്ടായ്മ പുഴകളും തോടുകളും തെളിച്ചുതുടങ്ങിയപ്പോഴാണ് തരിശുനിലങ്ങളിലെ കൃഷിയെക്കുറിച്ചും ചിന്തിച്ചു തുടങ്ങിയത്.
അഡ്വ.കെ.അനിൽകുമാറിൻ്റെ  നേതൃത്വത്തിലാണ് ജില്ലയിലെ നൂറോളം ഇടങ്ങളിൽ കൃഷിയും പുഴ ശുചിയാക്കലും നടന്നു വരുന്നത്.
 
വിവിധ സർക്കാർ ഡിപ്പാർട്ട്മെൻറുകളുടെയും പ്രാദേശിക ഭരണകൂടങ്ങളുടെയും ജനപ്രതിനിധികളുടെയും സഹായത്തോടെ കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് 5000 ഏക്കർ തരിശുനിലത്ത് കൃഷി തുടങ്ങി. 3000 കിലോമീറ്റർ നീളത്തിൽ തോടുകൾ വൃത്തിയാക്കി.
പേരുകേട്ട മലരിക്കൽ പോലെ 5 പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ ആരംഭിച്ചു. പുഴകളും തോടുകളും ശുചിയായി നിലനിറുത്തുന്നതിൽ തുടർമാനമായ വലിയ പരിശ്രമങ്ങൾ ഇനിയും ഉണ്ടാകേണ്ടതുണ്ട്.
 
കാലാവസ്ഥാ വ്യതിയാനം കൃഷിയെ ഗൗരവതരത്തിൽ ബാധിച്ചു കഴിഞ്ഞു. പുതിയ കൃഷി കലണ്ടർ രൂപപ്പെടുത്തേണ്ട സമയമായി. പുഴയുടെയും കൃഷിയുടെയും നിലനിൽപ്പിനുള്ള കൃഷി മാനേജ്മെൻറ് പുതിയ കാലത്തിന് അനുയോജ്യമായി രൂപപ്പെടണം.
 
 കേരളമാകെ പുഴകൾ  ഒഴുകട്ടെ...കൃഷി നിറയട്ടെ