ഒരു ഡ്രൈവിംഗ് ടെസ്റ്റിന്റെ ഓർമ്മക്ക് : ഓർമ ; ഓമന ജോൺ
![ഒരു ഡ്രൈവിംഗ് ടെസ്റ്റിന്റെ ഓർമ്മക്ക് : ഓർമ ; ഓമന ജോൺ](https://worldmalayaleevoice.com/uploads/images/image_750x_5f8fdb8c57fb2.jpg)
1992 വർഷാരംഭത്തിൽ, എന്റെ ഭർത്താവിനു ദുബായിൽ ജോലി കിട്ടിയതു മൂലം ഞാനും കുടുംബവും മസ്‌ക്കറ്റിൽ നിന്നും ദുബായിലേക്ക് ചേക്കേറി. അവിടെയെത്തി കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ Tiffany Foods (Allana group, Sharjah) ഞാനും ജോലിക്കു കയറി. അങ്ങനെ Tiffany യിൽ ഞാൻ ജോലി ചെയ്യുന്ന കാലം.
അങ്ങനെയിരിക്കെ, എന്നിൽ ഒരു മോഹം ഉണർന്നു. ഡ്രൈവിംഗ് പഠിക്കണം. അങ്ങനെ ഐശ്വര്യമായി ഞാൻ ഡ്രൈവിംഗ് പഠനം തുടങ്ങി.
പഠനം ഒരു മാതിരി നല്ല രീതിയിൽ നടന്നു. നന്നായി ഡ്രൈവ് ചെയ്യാം എന്ന ആൽമവിശ്വാസം കൈവന്നു. ഇനി ടെസ്റ്റുകൾക്കു പോകണം. ജോലി സമയത്ത് ടെസ്റ്റിനു പോകാൻ എന്റെ ബോസ്സിന്റെ അനുവാദം വാങ്ങി.
പാർക്കിംഗ് ടെസ്റ്റ് പെട്ടെന്ന് പാസ്സായി.
ഷാർജയിൽ രണ്ടു റോഡ് ടെസ്റ്റ് ഉണ്ട്.
ആദ്യത്തെ പ്രാവശ്യം റോഡ് ടെസ്റ്റിനു പോയപ്പോൾ ഞാൻ എല്ലാ സഹപ്രവർത്തകരോടും, കമ്പനിയുടെ മറ്റു ഓഫീസുകളിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കളോടും ടെസ്റ്റിന് പോകുന്ന കാര്യം അല്പം അഭിമാനത്തോടെ അറിയിച്ചു. എല്ലാവരും എന്നെ അനുഗ്രഹിച്ചു. "വിജയിച്ചു ലൈസൻസുമായി വരൂ," എല്ലാവരും ആശംസകൾ ചൊരിഞ്ഞു. അങ്ങനെ ആദ്യത്തെ റോഡ് ടെസ്റ്റ് പോയി. പരാജയപ്പെട്ടു.
ടെസ്റ്റ് കഴിഞ്ഞു തിരിച്ചു ഓഫീസിൽ എത്തിയപ്പോഴാണ്, ഡ്രൈവിംഗ് ടെസ്റ്റ് തോറ്റതിനെക്കാൾ വിഷമം തോന്നിയത്.
"ഓമനേ, കിട്ടിയോ?
"ഓമനേ, പാസ്സായോ?" - ചോദ്യങ്ങളുടെ ബഹളം. സഹപ്രവർത്തകരാണ്. കമ്പനിയുടെ മറ്റു ഓഫീസുകളിൽ നിന്നും അവിടെയുള്ള സുഹൃത്തുക്കളും ഫോണിലൂടെ അന്വേഷണമായി.
ഒന്നാമത്, തോറ്റതിലുള്ള വിഷമം. പിന്നെ, മനുഷ്യനെ തളർത്തുന്ന ഈ ചോദ്യങ്ങളും. പക്ഷെ, ആരോടും ദേഷ്യപ്പെടാനും പറ്റില്ലാ.
"എന്ത് ചെയ്യാം, പൊട്ടി. വന്ന പോലീസുകാരൻ ശരിയായിരുന്നില്ല." - കുറ്റം ഞാൻ പോലീസുകാരന്റെ മണ്ടക്കിട്ടു. ഏതായാലും ഇവർ ആരും പോലീസുകാരനോട് പോയി ചോദിക്കാൻ പോകുന്നില്ല.
"പരാജയം, വിജയത്തിലേക്കുള്ള ചവിട്ടുപടി എന്നല്ലേ?" ഞാൻ കൂട്ടിചേർത്തു. എന്നിലെ ശുഭാപ്‌തി വിശ്വാസം ഉണർന്നു.
അന്നു ഞാൻ എന്നോടു തന്നെ ഒരു ശപഥം ചെയ്തു. ഭാവിയിൽ ഇനി ടെസ്റ്റുകൾക്കു പോകുമ്പോൾ ഓഫീസിൽ എന്റെ ബോസ്സ് അല്ലാതെ (കാരണം, ഓഫീസിൽ നിന്നും പുറത്തു പോകണമെങ്കിൽ അങ്ങേരുടെ അനുവാദം വേണമല്ലോ) ഒരു മനുഷ്യനോടും പറയുകയില്ലാ.
അങ്ങനെ അടുത്ത ടെസ്റ്റുകൾക്കു അല്പം വാശിയോടെ ഞാൻ തയ്യാറെടുപ്പു നടത്തി.
സഹപ്രവർത്തകർ അറിയാതെ പോകുന്നതു കാരണം, ഡ്രൈവിംഗ് ടെസ്റ്റിനു പോകുന്ന കാറിൽ, പോലീസ് സാന്നിധ്യത്തിൽ പോകുമ്പോൾ, റോഡിൽ കൂടി പോകുന്ന മറ്റു വണ്ടികൾ ഞാൻ ശ്രദ്ധിക്കും. കാരണം, UAE യിലെ അറിയപ്പെടുന്ന കമ്പനി ആയതുകൊണ്ട് കമ്പനി വണ്ടികൾ റോഡിൽ കാണും. പരിചയമുള്ള ഡ്രൈവർമാരെ കാണുമ്പോൾ ഞാൻ ദുപ്പട്ട കൊണ്ട് തല മൂടും. മുഖം വലത്തോട്ടും... ഇടത്തോട്ടും...കീഴോട്ടും തിരിക്കും. കമ്പനി വണ്ടികൾ ഏത് ദിശയിൽ നിന്നും വരുന്നു, അതിനനുസരിച്ചു എന്റെ മുഖം തിരിയും. ഇല്ലെങ്കിൽ, എന്നെ കാറിൽ കണ്ടാൽ, അവന്മാർ UAE മുഴുവൻ ഓഫീസുകളിലും എന്നെ റോഡിൽ കണ്ട കാര്യം പറയും. തോറ്റിട്ടു എനിക്ക് പിന്നെ ഓഫീസിലോട്ടു ചെല്ലാൻ പറ്റില്ലാ.
എന്തായാലും ആദ്യത്തെ റോഡ് ടെസ്റ്റ് അധികം പോകാതെ മൂന്നാമത്തെ പ്രാവശ്യം കിട്ടി.
അങ്ങനെ ഫൈനൽ ടെസ്റ്റിനുള്ള ഡേറ്റ് കിട്ടി. ടെസ്റ്റിനു പോകുന്ന അന്നു രാവിലെ പതിവില്ലാതെ എന്റെ ജീവിതപങ്കാളിയോട് ചില tips & advice ചോദിച്ചു. കക്ഷി ഒറ്റ കാര്യമേ പറഞ്ഞുള്ളു, " നീ speed limit നോക്കിക്കോണം. പോലീസുകാരൻ നിന്നോട് സ്പീഡിൽ ഓടിക്കാൻ പറയും. പക്ഷെ, നീ അപ്പോൾ റോഡിൽ speed limit എത്രയെന്നു നോക്കണം. കൂടുതൽ സ്പീഡിൽ ഓടിക്കാൻ അയാൾ പറഞ്ഞാൽ നീ ഓടിക്കരുത്. അയാൾ നിന്നെ തോൽപ്പിക്കും."
"കണവൻ, കൺകണ്ട ദൈവം" എന്നാണല്ലോ. ആ ഉപദേശം മനസ്സിൽ ഞാൻ വളരെ ശക്തമായി കുറിച്ചു വെച്ചു.
അങ്ങനെ ഞാൻ ടെസ്റ്റിനു പോയി. മുൻപ് വന്ന പോലീസുകാരൻ തന്നെയാണ് ഇതിനും വന്നത്. നല്ലൊരു ചെറുപ്പക്കാരൻ. എന്നെ കൂടാതെ, മറ്റു രണ്ടു വനിതകളും ഉണ്ട്. മറ്റു രണ്ടു സ്ത്രീകളും ഓടിച്ചതിനു ശേഷമാണ് എന്റെ ഊഴം വന്നത്. അങ്ങനെ ഞാൻ വണ്ടിയോടിക്കാൻ തുടങ്ങി. വളരെ നന്നായിട്ടു തന്നെ ഓടിച്ചു കൊണ്ടിരിക്കുന്ന സമയം. പെട്ടെന്ന് പോലീസുകാരൻ എന്നോടു 100 നു മുകളിൽ പോകാൻ പറഞ്ഞു. റോഡിൽ speed limit നോക്കിയപ്പോൾ 60 ആണെന്ന് കണ്ടു.
"നിങ്ങൾ പറഞ്ഞ സ്പീഡിൽ ഞാൻ പോവില്ലാ. എന്നെ തോൽപ്പിക്കാനല്ലേ?" ഞാൻ അയാളോട് പറഞ്ഞു. എന്നിട്ട് മനസ്സിൽ പറഞ്ഞു, "എടാ അറബി മോനെ, എന്നോടാ നിന്റെ വേല...
പോലീസ്‌കാരൻ വീണ്ടും " നീ ധൈര്യമായി വണ്ടി സ്പീഡിൽ വിട്ടോ.. ഞാനാ പറയുന്നത്"
"ഇല്ലാ, നീയെന്നെ തോപ്പിക്കാനാ.. ഞാൻ സ്പീഡിൽ പോകില്ലാ" ഞാൻ കട്ടായം മൊഴിഞ്ഞു.
എന്തായാലും പിന്നീട് അയാൾ എന്നെ നിർബന്ധിച്ചില്ലാ.
ടെസ്റ്റ് കഴിഞ്ഞു. എന്റെ കൂടെയുള്ള സ്ത്രീകളെക്കാളും ഞാൻ നന്നായി ഡ്രൈവ് ചെയ്തു എന്ന സന്തോഷവും, കൂടാതെ, ഡ്രൈവിംഗ് ലൈസൻസ് ഉടനെ എനിക്ക് ലഭിക്കാൻ പോകുന്നു എന്നുള്ള ചിന്തയിലും ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി.
പക്ഷെ, നിമിഷനേരം കൊണ്ട് എന്റെ സന്തോഷമെല്ലാം എട്ടു നിലയിൽ പൊട്ടി. റിസൾട്ട് വന്നപ്പോൾ ഞാൻ തോറ്റു.
"അയാളെന്തിനാ എന്നെ തോൽപ്പിച്ചത്?" കൂടെയുണ്ടായിരുന്ന പോലീസുകാരിയോട് ഞാൻ ചോദിച്ചു.
"നീയെന്താ അയാൾ പറഞ്ഞപ്പോൾ സ്പീഡിൽ വണ്ടി ഓടിക്കാഞ്ഞത്? നീ നന്നായി ഡ്രൈവ് ചെയ്തു." ഇതും കൂടി കേട്ടു കഴിഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ലാ.
പോലീസുകാരന്റെ പുറകെ ഞാൻ ചെന്നു. ദൈവംതമ്പുരാൻ ആണെങ്കിൽ പോലും അന്യായങ്ങൾ എനിക്കു നേരെ വന്നാൽ ഞാൻ ചോദിക്കും. എനിക്ക് ഉത്തരങ്ങൾ കിട്ടിയേ പറ്റൂ.
"നിങ്ങളെന്തിനാ എന്നെ തോൽപ്പിച്ചത്? ഞാൻ നന്നായിട്ടാണല്ലോ വണ്ടി ഓടിച്ചത്?" ഞാൻ അയാളോട് ചോദിച്ചു.
"നീ നന്നായിട്ടാണ് ഓടിച്ചത്. പക്ഷെ, നീ നല്ല വേഗതയിൽ എങ്ങിനെ ഓടിക്കുന്നു, നിന്റെ സ്റ്റിയറിങ്ങ് കൺട്രോൾ എങ്ങിനെയുണ്ട് എന്ന് അറിയാൻ വേണ്ടിയാണ് നിന്നോട് ഞാൻ 100നു മുകളിൽ വണ്ടി വിടാൻ പറഞ്ഞത്. പക്ഷെ, നീയത് കേട്ടില്ലാ." പോലീസുകാരൻ തന്റെ നിലപാട് വ്യക്തമാക്കി.
ഒന്നാമത്തെ പ്രാവശ്യം ലൈസൻസ് കിട്ടേണ്ട ഞാൻ പിന്നെ ആറു പ്രാവശ്യം പോകേണ്ടി വന്നു ഡ്രൈവിംഗ് ലൈസൻസ് കിട്ടുവാൻ.
അതോടെ ഞാൻ ഒരു കാര്യം തീരുമാനിച്ചു. ഏതെങ്കിലും ഒരു നല്ല കാര്യത്തിന് ഇറങ്ങുമ്പോൾ ആരോടും tips & advice ജീവിതത്തിൽ ചോദിക്കരുതെന്ന്.
ഓമന ജോൺ, മസ്കറ്റ്