കറുപ്പ് ഉത്പാദനത്തില്‍ അഫ്ഗാനെ മറികടന്ന് മ്യാൻമര്‍ ഒന്നാമത്

കറുപ്പ്   ഉത്പാദനത്തില്‍ അഫ്ഗാനെ മറികടന്ന് മ്യാൻമര്‍ ഒന്നാമത്
യാങ്കോണ്‍: ലഹരിപദാര്‍ഥമായ കറുപ്പിന്‍റെ ഉത്പാദനത്തില്‍ അഫ്ഗാനിസ്ഥാനെ മറികടന്ന് മ്യാൻമര്‍ ഒന്നാമതെത്തി. ഈ വര്‍ഷം മ്യാൻമറില്‍ 1,080 ടണ്‍ കറുപ്പ് ഉത്പാദിപ്പിച്ചതായി ഐക്യരാഷ്‌ട്രസഭയുടെ മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുന്ന ഓഫീസ് (യുഎൻഒഡിസി) റിപ്പോര്‍ട്ടില്‍ പറയുന്നു.
താലിബാൻ ഭരണകൂടത്തിന്‍റെ കര്‍ശന നിലപാടുകളാണ് അഫ്ഗാനിസ്ഥാനിലെ മയക്കുമരുന്ന് വ്യവസായത്തെ തളര്‍ത്തിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഈ വര്‍ഷം അഫ്ഗാനിസ്ഥാനിലെ കറുപ്പ് ഉത്പാദനം 95 ശതമാനം ഇടിഞ്ഞ് 330 ടണ്ണിലെത്തി.

മ്യാൻമറിലെ കറുപ്പ് വ്യവസായത്തിന്‍റെ മൊത്തം മൂല്യം നൂറു മുതല്‍ 240 വരെ കോടി ഡോളര്‍ വരും. മ്യാൻമര്‍, ലാവോസ്, തായ്‌ലൻഡ് രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സംഗമിക്കുന്ന 'സുവര്‍ണ ത്രികോണം' എന്ന മേഖല കറുപ്പ്, മെത്താംഫിറ്റമൈൻ തുടങ്ങിയ മയക്കുമരുന്നുകളുടെ ഉത്പാദന, കച്ചവട കേന്ദ്രമാണെന്നും ചൂണ്ടിക്കാട്ടുന്നു.

2021 മുതല്‍ പട്ടാളം ഭരിക്കുന്ന മ്യാൻമറില്‍ കറുപ്പു വ്യവസായം തഴച്ചുവളരുകയാണ്. കറുപ്പ് ശേഖരിക്കുന്ന പോപ്പി ചെടിയുടെ കൃഷിയില്‍ വൻതോതില്‍ നിക്ഷേപം നടക്കുന്നു