177 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനത്തിന്റെ ജനല്‍ അടര്‍ന്നുവീണു; ഒഴിവായത് വന്‍ദുരന്തം

177 യാത്രക്കാരുമായി  പറന്നുയര്‍ന്ന വിമാനത്തിന്റെ ജനല്‍ അടര്‍ന്നുവീണു; ഒഴിവായത് വന്‍ദുരന്തം

പോര്‍ട്ലാൻഡില്‍ നിന്ന് കാലിഫോര്‍ണിയയിലേയ്ക്ക് പുറപ്പെട്ട വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ അടര്‍ന്നുവീണു. വിമാനം അടിയന്തരമായി നിലത്തിറക്കിയതോടെ ഒഴിവായത് വന്‍ ദുരന്തം. ടേക്ക് ഓഫ് ചെയ്ത നിമിഷങ്ങള്‍ക്ക് ശേഷം വിമാനത്തിന്റെ ഒരു ജനല്‍ ഉള്‍പ്പടെയുള്ള ഫ്യൂസ്‌ലേജിന്റെ ഒരു ഭാഗം അടര്‍ന്നു പോവുകയായിരുന്നു.

അലാസ്ക എയര്‍ലൈൻസിന്റെ ബോയിംഗ് 737-9 മാക്‌സ് വിമാനത്തിന്റെ വാതിലാണ് വായുവില്‍ തുറന്ന് വന്നത്. വിമാനത്തിന്റെ മിഡ് ക്യാബിൻ എക്സിറ്റ് ഡോര്‍ വിമാനത്തില്‍ നിന്ന് പൂര്‍ണ്ണമായും വേര്‍പെട്ടു. ഒരു ഭാഗം അടര്‍ന്ന് പോയതിന് പിന്നാലെ യുഎസ് സംസ്ഥാനമായ ഒറിഗോണിലാണ് ലാൻഡിംഗ് നടത്തിയത്.

177 യാത്രക്കാരും ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നുവെന്നും ലാൻഡിംഗ് സുരക്ഷിതമായി നടത്തിയെന്നും അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ ചിത്രീകരിച്ച വിഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.