കേശുമാമൻ : ചെറുകഥ

May 13, 2026 - 12:32
May 13, 2026 - 13:22
 0  13
കേശുമാമൻ : ചെറുകഥ
  പ്രശാന്ത് പഴയിടം 
വിസിലടിയും ആർപ്പുവിളിയും… ഏതോ ടീം ക്രിക്കറ്റ് ജയിച്ചതിന്റെ ആഘോഷമാണ്. ദൂരെ നിന്ന് അതെല്ലാം സൂക്ഷ്മമായി നോക്കി കാണുകയാണ് കേശുമാമൻ.
കുട്ടികൾക്ക് കേശുമാമൻ ഒരു സ്ഥിരം പ്രതിസന്ധിയായിരുന്നു. കാരണം, കുട്ടികൾ ക്രിക്കറ്റ് കളിച്ചിരുന്നത് കേശുമാമന്റെ വീടിനോട് ചേർന്നുള്ള പറമ്പിലായിരുന്നു. ഒരിക്കൽ പന്ത് വന്നു പതിച്ച് ജനലിന്റെ ചില്ല് പൊട്ടി. അതോടെ കേശുമാമന്റെ നിയമം കർശനമായി: പന്ത് പറമ്പിൽ വീണാൽ, പിന്നെ തിരികെ കിട്ടില്ല!
അതിനുശേഷം കുട്ടികൾ ക്രിക്കറ്റ് തുടങ്ങുമ്പോൾ കേശുമാമൻ കാവൽക്കാരനായി. പന്ത് പറമ്പിൽ വീണാൽ കുട്ടികളും കേശുമാമനും ഒരുപോലെ പന്തിന്റെ പിന്നാലെ ഓട്ടം.
അങ്ങനെ ഒരുദിവസം അത് സംഭവിച്ചു.
ബാറ്റ് ചെയ്തയാൾ ആകാശം മുട്ടുന്നൊരു സിക്സ് അടിച്ചു. കൂട്ടുകാർ ആർപ്പുവിളിച്ച് തുള്ളിച്ചാടി. പക്ഷേ പന്ത് പോയി പതിച്ചത് കേശുമാമന്റെ അടുത്ത ജനലിൽ—
“ചിൽ!”
ശബ്ദം കേട്ടതും കുട്ടികൾ ചിതറി ഓടി. കേശുമാമൻ ഓടിയെത്തുമ്പോൾ അവിടെ ശേഷിച്ചത് പൊട്ടിയ ചില്ല് മാത്രം. കുട്ടികൾ രക്ഷപ്പെട്ടു. ഭയന്ന കുട്ടികൾ അടുത്ത രണ്ട് ദിവസം ആ വഴിക്ക് വന്നില്ല.
പിന്നീട് അവർ വീണ്ടും ബാറ്റും പന്തുമായി എത്തിയപ്പോൾ കണ്ട കാഴ്ച സങ്കടകരമായിരുന്നു. കളിസ്ഥലം മുഴുവൻ കുഴികൾ. കേശുമാമൻ അവിടെ റബ്ബർ മരങ്ങൾ നട്ടിരുന്നു. നിരാശരായ കുട്ടികൾ പുതിയ സ്ഥലത്തിനായി തിരഞ്ഞു. ഒടുവിൽ ഒരു ഒഴിഞ്ഞ കൃഷിസ്ഥലം കിട്ടി. അതിന്റെ ഉടമ അവിടെ കളിക്കാൻ അനുവാതവും നൽകി.
എന്നാൽ അവിടെയും വിധി വിട്ടില്ല. അതിനോട് ചേർന്ന് തന്നെയായിരുന്നു കേശുമാമന്റെ ജാതിക്ക തോട്ടം!
എന്നാലും കുട്ടികൾ കളി തുടങ്ങി.
ഒരിക്കൽ ജാതിക്ക വിളവെടുപ്പിനായി കേശുമാമൻ തോട്ടത്തിലെത്തി. കുട്ടികൾ മൈതാനത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നു. പെട്ടെന്ന് ഒരു സിക്സ്… പന്ത് നേരെ കേശുമാമന്റെ പറമ്പിലേക്ക്.
പന്തിന്റെ പിന്നാലെ മാമനും, മാമനെ കണ്ടതോടെ കുട്ടികളും ഓടി.
പക്ഷേ പന്ത് പോയി പതിച്ചത് ആഞ്ഞിലി മരത്തിലെ തേനീച്ചക്കൂട്ടിൽ!
തേനീച്ചകൾ ഇളകി. നിമിഷങ്ങൾക്കകം അവ കേശുമാമന്റെ നേരെ പാഞ്ഞു.
മൂക്കത്ത് ഒരു കുത്ത് കിട്ടി...മാമൻ ഓടി, തേനീച്ച പിന്നാലെയും!
കേശുമാമന്റെ മൂക്ക് ക്രിക്കറ്റ് പന്തുപോലെ വീർത്തു.
കയ്യിൽ കിട്ടിയ ഒരു മൺകലം തലയിൽ കമിഴ്ത്തി മാമൻ കുളത്തിലേക്ക് ചാടി. മാമൻ വെള്ളത്തിനുള്ളിൽ, തേനീച്ചകൾ മുകളിൽ വട്ടം കറങ്ങി. തലയിൽ കലം ഉണ്ടായതിനാൽ ശ്വാസം കിട്ടി. ഏറെ നേരം കഴിഞ്ഞപ്പോൾ തേനീച്ചയുടെ ശബ്ദം കേൾക്കാതെയായി.
മാമൻ പതിയെ കലം മാറ്റി നോക്കി—
ഉം…
മൂളുന്ന ശബ്ദം വീണ്ടും!  ഉടൻ കലം താഴ്ത്തി.
പതിയെ സ്ഥലം മാറി, വെള്ളത്തിലൂടെ കുറച്ച് ദൂരം നീങ്ങി. പക്ഷേ രക്ഷയില്ല. കുത്തുകൊണ്ട  ഭാഗം തൊടാൻ പോലും പറ്റാത്ത വേദന. കുളത്തിലെ വെള്ളം അധികം കുടിച്ചതിനാൽ ദാഹവും തോന്നുന്നില്ല!
പെട്ടെന്ന് ആരോ കലത്തിൽ പിടിച്ചു. കുട്ടികൾ ഓലപ്പന്തങ്ങളുമായി വന്ന് തേനീച്ചകളെ ഓടിച്ചു. കേശുമാമനെ ഉടൻ വൈദ്യന്റെ അടുത്തേക്ക് എത്തിച്ചു.
ദിവസങ്ങൾ കടന്നു.
വീണ്ടും കേശുമാമൻ ജാതിക്ക തോട്ടത്തിൽ വിളവെടുപ്പ് നടത്തുന്നു.
മൈതാനത്തിൽ നിന്ന് വീണ്ടും ഒരു സിക്സിന്റെ ആർപ്പുവിളി. പന്ത് നേരെ പറമ്പിലേക്ക്.
മാമനും കുട്ടികളും പന്തിന്റെ പിന്നാലെ ഓടി.
പന്ത് കേശുമാമന്റെ കയ്യിൽ തന്നെ വീണു. മൈതാനത്ത് പെട്ടെന്ന് നിശബ്ദത. പന്ത് പോയെന്നറിഞ്ഞ് കുട്ടികൾ കളി നിർത്താൻ തീരുമാനിച്ചു.
അപ്പോൾ..ഒരു ചിരിയോടെ ..
കേശുമാമൻ പന്ത് മൈതാനത്തേക്ക് എറിഞ്ഞു.
രണ്ട് കൈകളും ഉയർത്തി,
“സിക്സ്!” എന്ന് കാണിച്ചു.
കുട്ടികളുടെ മുഖത്ത് ചിരി വിരിഞ്ഞു.
ആർപ്പുവിളികളോടെ കളി വീണ്ടും തുടർന്നു.