നവകേരള സദസിന് നാളെ തുടക്കം

നവകേരള സദസിന് നാളെ തുടക്കം

തിരുവനന്തപുരം: മുഖ്യമന്ത്രിയും ഇരുപത് മന്ത്രിമാരും സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നാളെ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തിൽ. വൈകീട്ട് 3.30ന് മഞ്ചേശ്വരം പൈവളിഗെ സർക്കാർ ഹയർ സെക്കന്‍ഡറി സ്കൂളിലാണ് ഉദ്ഘാടനം.

ഡിസംബർ 18 മുതൽ 24 വരെ നടക്കുന്ന നവകേരള സദസ് ഓരോ മണ്ഡലങ്ങളിലും മൂന്ന് മണിക്കൂർ നീളും. 19ന് രാവിലെ ഒമ്പത് മണിക്ക് കാസർഗോഡ് സന്ധ്യാരാഗം ഓഡിറ്റോറിയത്തിൽ ജില്ലയിലെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രഭാത യോഗം നടക്കും. തുടർന്ന് കാസർഗോഡ് മണ്ഡലം നവകേരള സദസിനു രാവിലെ 10ന് ചെങ്കള പഞ്ചായത്ത് സ്റ്റേഡിയം വേദിയാവും. നവകേരള സദസിന്‍റെ എല്ലാവേദികളിലും പ്രത്യേകം സജ്ജീകരിക്കുന്ന കൗണ്ടറുകളിൽ പൊതുജനങ്ങളിൽ നിന്ന് പരാതികളും സ്വീകരിക്കുക.

കാത്തിരിപ്പ് കൂടാതെ പരാതി നല്‍കാനാവശ്യമായ കൗണ്ടറുകള്‍ പ്രധാന വേദിയില്‍ നിന്ന് മാറി സ്ഥാപിക്കും. പരാതി നല്‍കേണ്ട രീതി കൗണ്ടറുകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കും. നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് തന്നെ പരാതി നല്‍കാം. പൊതുജനങ്ങളില്‍ നിന്ന് സ്വീകരിക്കുന്ന പരാതികളില്‍ ഒരു മാസത്തിനുള്ളില്‍ പരിഹാരമുണ്ടാകുമെന്നാണ് സർക്കാരിന്‍റെ അവകാശവാദം. സംസ്ഥാനതലത്തിലുള്ള പരാതികള്‍ ഒന്നരമാസത്തിനുള്ളിലും പരിഹരിക്കും. പരാതികളില്‍ പൂര്‍ണമായ മേല്‍വിലാസവും ഫോണ്‍ നമ്പറും ഇ മെയില്‍ ഐഡി ഉണ്ടെങ്കില്‍ അതും നിര്‍ബന്ധമായും രേഖപ്പെടുത്തണം. ഓരോ പരാതിക്കും രസീത് നല്‍കും. സംസ്ഥാനതലത്തില്‍ പരിഹരിക്കേണ്ട പ്രശ്നങ്ങള്‍ക്ക് പരിഹാരത്തിന് കൂടുതല്‍ സമയമെടുത്താല്‍ പരാതിക്കാരന് ഇടക്കാല റിപ്പോര്‍ട്ട് നല്‍കണം.