ബ്രിക്സ് ഉച്ചകോടിയ്ക്കിടെ ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി മോദി
ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങും കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ചൈനയും തമ്മിൽ സ്ഥിരതയുള്ള ബന്ധവും തന്ത്രപ്രധാനമായ പങ്കാളിത്തവും കെട്ടിപ്പടുക്കണമെന്ന് ഇരുനേതാക്കളും യോഗത്തിൽ ഊന്നിപ്പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതിന് അതിർത്തിയിൽ സമാധാനവും ശാന്തതയും നിലനിൽക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടി. പരസ്പര ബഹുമാനം, പരസ്പര സംവേദനക്ഷമത, പരസ്പര താല്പര്യം എന്നീ മൂന്ന് തത്വങ്ങളിൽ ഊന്നിയായിരിക്കണം ഇരുരാജ്യങ്ങളുടെയും മുന്നോട്ടുള്ള പ്രവർത്തനം എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ചൈന ഇന്ത്യയുമായുള്ള ബന്ധത്തെ തന്ത്രപരവും ദീർഘകാല കാഴ്ചപ്പാടോടെയുമാണ് കാണുന്നതെന്ന് ഷീ ജിൻപിങ് പറഞ്ഞു. ഇരുരാജ്യങ്ങളും പരസ്പര ശേഷികൾ മനസ്സിലാക്കി പിന്തുണയ്ക്കണമെന്നും പൊതുവായ വികസനത്തിനായി ഒന്നിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഗ്ലോബൽ സൗത്തിന്റെ പ്രധാന പ്രതിനിധികളായ ചൈനയും ഇന്ത്യയും ഒരു ബഹുമുഖ ലോക ക്രമം പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സംഭാവന നൽകുന്നതിനുമായി ഉയർന്ന നിലവാരമുള്ള സഹകരണത്തിലേക്ക് നീങ്ങണമെന്ന് ചൈനീസ് പ്രസിഡന്റ് അഭ്യർത്ഥിച്ചു. ഉച്ചകോടി വിജയകരമായി സംഘടിപ്പിക്കുന്നതിൽ ചൈന നൽകിയ സഹകരണത്തിന് ഷീ ജിൻപിങിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു. അടുത്ത വർഷത്തെ ബ്രിക്സ് ഉച്ചകോടിക്ക് ചൈനയാണ് ആതിഥേയത്വം വഹിക്കുന്നത്.