വിഴിഞ്ഞം വഴി കോട്ടയം പോർട്ടിൽനിന്ന് ആദ്യ കണ്ടെയ്‌നർ പുറപ്പെട്ടു

Sep 12, 2026 - 12:30
 0  5
വിഴിഞ്ഞം വഴി  കോട്ടയം പോർട്ടിൽനിന്ന് ആദ്യ കണ്ടെയ്‌നർ പുറപ്പെട്ടു

കോട്ടയം: ഇന്ത്യയിൽനിന്ന് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് നേരിട്ട് ചരക്ക് കയറ്റുമതി ചെയ്യാൻ സൗകര്യമൊരുങ്ങിയതോടെ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള കോട്ടയം പോർട്ടിൽനിന്നുള്ള ആദ്യ കണ്ടെയ്‌നർ പുറപ്പെട്ടു. കസ്റ്റംസ് അസിസ്റ്റൻ്റ് കമ്മിഷണർ വി ആർ വിജയകുമാർ ആദ്യ ചരക്കുനീക്കം ഫ്ലാഗ് ഓഫ് ചെയ്തു.

കോട്ടയത്തിൻ്റെ തനത് ഉത്പന്നമായ റബർ മാറ്റുകളാണ് കയറ്റുമതിക്കായി വിഴിഞ്ഞം തുറമുഖത്തേക്ക് അയച്ചത്. കാനഡയിലെ ടൊറൻ്റോ പോർട്ടിലേക്കാണ് ഇവ കയറ്റുമതി ചെയ്യുന്നത്. കെ പി ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസാണ് റബറിൽ നിർമിച്ച മാറ്റുകൾ കാനഡയിലേക്ക് അയക്കുന്നത്. കൊച്ചി പോർട്ടിൽനിന്ന് അയക്കുന്നതിനേക്കാൾ മൂവായിരം ഡോളർ കുറവാണ് വിഴിഞ്ഞം വഴിയുള്ള ചരക്കുനീക്കത്തിനെന്ന് കയറ്റുമതിക്കാർ വ്യക്തമാക്കി. മുംബൈ ആസ്ഥാനമായ ടീം വേൾഡ് ലോജിസ്റ്റിക്സാണ് ഫോർവേഡർ. കൊച്ചിയിലെ പ്രമുഖ കസ്റ്റംസ് ഹൗസ് ഏജൻ്റായ അഞ്ചേരിൽ ഏജൻസിസാണ് ക്ലിയറൻസ് കൈകാര്യം ചെയ്തത്.

ചെലവ് കുറഞ്ഞ രീതിയിൽ കോട്ടയത്തെ കയറ്റുമതി ഇറക്കുമതിക്കാർക്ക് വിഴിഞ്ഞം വഴി സാധനങ്ങൾ കടത്തിവിടാൻ സാധിക്കുമെന്ന് കോട്ടയം പോർട്ട് മാനേജിങ് ഡയറക്ടർ എബ്രഹാം വർഗീസ് പറഞ്ഞു. കേരളത്തിൽനിന്ന് മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽനിന്ന് പോലും വരും ദിവസങ്ങളിൽ കയറ്റുമതി ഇറക്കുമതി സേവനങ്ങൾക്കായി കോട്ടയം പോർട്ടിനെ സമീപിച്ചുതുടങ്ങിയെന്ന് ജനറൽ മാനേജർ രൂപേഷ് ബാബു അറിയിച്ചു. ഫ്ലാഗ് ഓഫ് ചടങ്ങിൽ പോർട്ട്‌ സൂപ്രണ്ട് റെജി, ഇൻസ്പെക്ടർ ടിറ്റിൽ മാത്യു എന്നിവർ പങ്കെടുത്തു.