മൗനപ്പക്ഷി : കവിത ,  സജി അജീഷ് 

മൗനപ്പക്ഷി : കവിത ,   സജി അജീഷ് 

 


എത്ര മനോഹരിയാണു നീയെങ്കിലും, 
ഇത്രമേൽ മൗനമിതെന്തു കൊണ്ടാം ? 


ചൊല്ലുകില്ലേ വർണ്ണക്കിളിയേ 
എന്നാത്മ സൗഗന്ധികമല്ലയോ നീ ? .
............(2) 

ആരെയോ തേടിപ്പറക്കുവതെങ്ങു നീ ? 
ഏകയായ് പ്പറന്നിടാൻ പേടിയില്ലേ ? 
നിൻ പരിദേവനം കേൾക്കുവാൻ കൂട്ടുകാരില്ലേ 
നിന്നെ മെല്ലെത്തലോടുവാൻ സഖിയുമില്ലേ ?

 (എത്ര .......... കൊണ്ടാം) 


എന്നോരോ ദിനത്തിനുമുണർത്തുപാട്ടു നീ
 എന്റെ കിനാവിൻ നൽക്കണി നീയേ 

എന്തേ വരാത്തു നീ
എന്നരികിൽ ? 
നിൻഗാന പല്ലവിപോലും 
മറന്നുവോ നീ .......?

 (എത്ര .......... കൊണ്ടാം)


 ഇണയെപ്പിരിഞ്ഞതിൻ
വേദന തിന്നു നീ 
വിരഹ ഗാനം 
മൗനമായ്പ്പാടുന്നുവോ ? 

ചൊല്ലുമോ നീ നിന്നേകാന്ത നൊമ്പരം 
പങ്കിടാനാവാത്തൊരാത്മനൊമ്പരം ? (എത്ര .......... കൊണ്ടാം) 

എന്നോട് നിൻ കഥ പങ്കിടു മെങ്കിലോ 
നിന്നിടനാഴിയിലിളവെയിലൊരുനാളം തെളിക്കില്ലേ 


നിന്നോടക്കുഴലിൽ മധുരമൊരീണവുമായ് 
എന്തേ വരാത്തു നീയീ മരച്ചില്ലയിൽ 
(എത്ര .......... കൊണ്ടാം) 

നിൻ വഴിത്താരയിൽ 
കാർമുകിൽ മാലകൾ, 
നൊമ്പരം കൊണ്ടൊരു 
വേലി തീർത്തോ ? 

ആരിലുമുണ്ടാം അജ്ഞാതമൊരു നൊമ്പരം 
മനസ്സിന്നു മാത്രം അറിയു മൊരു നൊമ്പരം
 (എത്ര .......... കൊണ്ടാം) 

നിൻ സ്വരവീചികൾ തഴുകിയ താഴ്വര, കുന്നുകൾ
കാത്തിരിയ്ക്കുന്നു നിന്നാ
ഗമനത്തിനായ്, ഗാനത്തിനായ്

 മറന്നിടല്ലേ നിൻ നാദമെൻ
 ശലഭമേ മറന്നിടല്ലേ നിൻ മധുര ഗാനം
 മറന്നിടല്ലേ നിൻ സ്വൈര വിഹാരവും
 മറന്നിടല്ലേ നിൻ ജീവിത ഗാനവും

 (എത്ര .......... കൊണ്ടാം)