മോദി-മാക്രോൺ കൂടിക്കാഴ്ചയിൽ 21 സുപ്രധാന കരാറുകൾ ഒപ്പുവെച്ചു

Feb 17, 2026 - 19:40
 0  7
മോദി-മാക്രോൺ കൂടിക്കാഴ്ചയിൽ 21 സുപ്രധാന കരാറുകൾ ഒപ്പുവെച്ചു

മുംബൈ: ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ പുതിയ അധ്യായം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും. മുംബൈയിൽ നടന്ന നിർണ്ണായക ചർച്ചകൾക്കൊടുവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സവിശേഷ ആഗോള തന്ത്രപ്രധാന പങ്കാളിത്ത തലത്തിലേക്ക് ഉയർത്തി. പ്രതിരോധം, സാങ്കേതികവിദ്യ, സ്റ്റാർട്ടപ്പുകൾ, നിർണ്ണായക ധാതുക്കൾ തുടങ്ങി വിവിധ മേഖലകളിലായി 21 സുപ്രധാന കരാറുകളിലാണ് ഇരുനേതാക്കളും ഒപ്പുവെച്ചു.

കൂടിക്കാഴ്ചയിലെ ഏറ്റവും പ്രധാന പ്രഖ്യാപനം പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ടതായിരുന്നു. ടാറ്റയും എയർബസ്സും ചേർന്ന് കർണാടകയിൽ സ്ഥാപിക്കുന്ന H125 ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റർ അസംബ്ലി ലൈനിന്റെ ഉദ്ഘാടനം മോദിയും മാക്രോണും സംയുക്തമായി നിർവ്വഹിച്ചു. 'ഇന്ത്യയും ഫ്രാൻസും ചേർന്ന് എവറസ്റ്റിന്റെ ഉയരങ്ങളിലേക്ക് പറക്കാൻ കഴിവുള്ള ലോകത്തിലെ ഏക ഹെലികോപ്റ്റർ ഇന്ത്യയിൽ നിർമ്മിക്കുകയും ലോകമെമ്പാടും കയറ്റുമതി ചെയ്യുകയും ചെയ്യുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്ന്,' പ്രധാനമന്ത്രി മോദി പറഞ്ഞു.

ഇന്ത്യ-ഫ്രാൻസ് ബന്ധത്തെ നിർണായകം എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി മോദി, ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ഏറ്റവും പഴക്കമുള്ള ഒന്നാണെന്നും പ്രസിഡന്റ് മാക്രോണിന്റെ സഹായത്തോടെ, ഞങ്ങൾ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുകയും സമീപകാലത്ത് അതിന് കൂടുതൽ ഊർജ്ജം നൽകുകയും ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.

വിശ്വാസത്തിന്റെയും കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തിൽ, ഞങ്ങളുടെ ബന്ധത്തെ ഒരു പ്രത്യേക ആഗോള തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തുകയാണ്. ഈ പങ്കാളിത്തം വെറും തന്ത്രപരമല്ല. പ്രവചനാതീതമായ ആഗോള ചലനാത്മകതയുടെ ഈ കാലഘട്ടത്തിൽ, ഈ പങ്കാളിത്തം ആഗോള സ്ഥിരതയും പുരോഗതിയും നൽകമെന്നും അദ്ദേഹം പറഞ്ഞു.