പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യു.എ.ഇയില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യു.എ.ഇയില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യു.എ.ഇയിലെത്തും. യു.എ.ഇയില്‍ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആല്‍ നഹ്യാനുമായി ഉഭയകക്ഷി സംഭാഷണം നടത്തും. വൈസ് പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആല്‍ മഖ്തൂമിനെയും കാണുന്നുണ്ട്.

 നാളെ   അബൂദബിയിലെ ആദ്യ ഹിന്ദുക്ഷേത്രമായ ബി.എ.പി.എസ് മന്ദിർ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും .അബൂദബി സായിദ് സ്പോർട്സ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും.  അഹ് ലൻ മോദിയെന്ന പേരിലാണ് അബൂദബി സായിദ് സ്പോർട്സ് സ്റ്റേഡിയത്തിൽ പ്രധാനമന്ത്രിക്ക് വൻസ്വീകരണ പരിപാടിയൊരുക്കുന്നത്.

അബൂദബിയിലെ ഇന്ത്യൻ എംബസി, ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് എന്നിവ വിവിധ പ്രവാസി കൂട്ടായ്മകളുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ അമ്പതിനായിരത്തിലധികം പേർ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ദുബൈയില്‍ വേള്‍ഡ് ഗവണ്‍മെന്‍റ് ഉച്ചകോടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. എട്ടു മാസങ്ങള്‍ക്കിടയില്‍ മോദി നടത്തുന്ന മൂന്നാമത്തെ യു.എ.ഇ സന്ദർശനമാണിത്.

ഇന്ത്യയുടെ എട്ട് മുൻ നാവിക ഉദ്യോഗസ്ഥരെ ഖത്തർ മോചിപ്പിച്ചതിനു പിന്നാലെയാണ് മോദിയുടെ ദോഹ സന്ദർശനം പ്രഖ്യാപിച്ചത്. യു.എ.ഇയില്‍നിന്ന് 14ന് ഉച്ചതിരിഞ്ഞ് ദോഹയിലെത്തുന്ന മോദി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആല്‍ഥാനിയുമായി ഉഭയകക്ഷി ചർച്ച നടത്തും.