സംസ്ഥാനത്ത് ഇന്ന് കടയടപ്പ് സമരം

സംസ്ഥാനത്ത് ഇന്ന് കടയടപ്പ് സമരം

കൊച്ചി: സംസ്ഥാനത്തെ എല്ലാ കടകളും ഇന്ന് അടച്ചിടും. വ്യാപാരികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന വ്യാപാര സംരക്ഷണയാത്രയുടെ സമാപനത്തോട് അനുബന്ധിച്ചാണ് ഇന്ന് കടകള്‍ അടച്ചിട്ട് സമരം നടത്തുന്നത്.

രാവിലെ മുതല്‍ രാത്രി 8 വരെയാണു സമരം. സംസ്ഥാനത്തെ മിക്ക കടകളും അടഞ്ഞ് കിടക്കുകയാണ്. വാഹനങ്ങള്‍ ഓടുന്നത് ഒഴിച്ചാല്‍ സംസ്ഥാനത്ത് പൊതുവില്‍ ഹർത്താല്‍ പ്രതീയാണ് രാവിലെ മുതല്‍ കാണുന്നത്.

സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര നയിക്കുന്ന യാത്ര ഇന്നു തിരുവനന്തപുരത്താണു സമാപിക്കുന്നത്. കാസർഗോഡ് നിന്നാണ് യാത്ര ആരംഭിച്ചത്. യാത്രയുടെ സമാപനത്തില്‍ അഞ്ചുലക്ഷം വ്യാപാരികള്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. ഇതോട് അനുബന്ധിച്ചാണ് ഇന്നു സംസ്ഥാന വ്യാപകമായി കടയടപ്പു സമരം നടത്തുന്നത്. ഹോട്ടലുകള്‍ പലചരക്ക് കടകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുന്നതോടെ സമരം ജനത്തെ സാരമായി ബാധിക്കും. നിരവധി തൊഴിലാളികള്‍ക്ക് ഒരു ദിവസത്തെ തൊഴിലും നഷ്ടമാകും.

വര്‍ധിപ്പിച്ച ട്രേഡ് ലൈസന്‍സ് കുറക്കുക, വർധിപ്പിച്ച ലീഗല്‍ മെട്രോളജി ഫീസ് പിന്‍വലിക്കുക, അശാസ്ത്രീയമായ പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികളെ വേട്ടയാടുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വ്യാപാരിസമരം.