മരണത്തിലും തനിച്ചാക്കിയില്ല, ദയാ വധത്തിലൂടെ നെതര്‍ലന്‍ഡ്‌സ് മുന്‍ പ്രധാനമന്ത്രിയും ഭാര്യയും ഒന്നിച്ച് മരണത്തിലേക്ക്

മരണത്തിലും തനിച്ചാക്കിയില്ല,  ദയാ  വധത്തിലൂടെ   നെതര്‍ലന്‍ഡ്‌സ് മുന്‍ പ്രധാനമന്ത്രിയും ഭാര്യയും ഒന്നിച്ച് മരണത്തിലേക്ക്

ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡ്‌സ് മുന്‍ പ്രധാനമന്ത്രി ഡ്രിസ് ഫന്‍ അഹ്ത് മരണത്തിലും ഭാര്യ യൂജീനിയെ ഒപ്പം കൂട്ടി.

രണ്ടുപേരും കൈകോര്‍ത്തുപിടിച്ച്‌ ഈമാസം അഞ്ചിന് ദയാവധം സ്വീകരിച്ചു. 93 വയസ്സായിരുന്നു ഇരുവര്‍ക്കും. ഫന്‍ അഹ്ത് സ്ഥാപിച്ച പലസ്തീന്‍ അനുകൂലസംഘടനയായ റൈറ്റ്‌സ് ഫോറമാണ് ഇരുവരുടെയും മരണവിവരം പുറത്തുവിട്ടത്.

70 വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. ജീവിതത്തിലുടനീളം നിഴല്‍ പോലെ കൂടെ ഉണ്ടായിരുന്ന ജീവിതപങ്കാളിയെ മരണത്തിലും തനിച്ചാക്കില്ല എന്ന് തീരുമാനിച്ചാണ് ഡ്രിസ് ഫന്‍ അഹ്ത് ഒപ്പം കൂട്ടിയത്. 1977 മുതല്‍ 82 വരെ നെതര്‍ലന്‍ഡ്‌സിന്റെ പ്രധാനമന്ത്രിയായിരുന്നു ഫന്‍ അഹ്ത്. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് അപ്പീല്‍ പാര്‍ട്ടിനേതാവായിരുന്ന അദ്ദേഹം പിന്നീട് കൂടുതല്‍ ഇടതുപക്ഷ മനസ്സുപുലര്‍ത്തി. ഇസ്രയേല്‍-പലസ്തീന്‍ പ്രശ്‌നത്തിലെ നിലപാടിന്റെ പേരില്‍ തെറ്റി 2017-ല്‍ അദ്ദേഹം പാര്‍ട്ടിവിട്ടു.

2019ലെ മസ്തിഷ്‌ക രക്തസ്രാവത്തില്‍നിന്ന് അദ്ദേഹം പൂര്‍ണമുക്തനായില്ല. യൂജീനിയും തീരെ അവശയായിരുന്നുവെന്നും പരസ്പരം പിരിയാന്‍ രണ്ടുപേര്‍ക്കുമാകില്ലായിരുന്നുവെന്നും റൈറ്റ്‌സ് ഫോറം ഡയറക്ടര്‍ ജെറാര്‍ദ് യോങ്ക്മാന്‍ പറഞ്ഞു.

ദയാവധത്തിന് 2002-ല്‍ നിയമപരമായി അനുമതിനല്‍കിയ രാജ്യമാണ് നെതര്‍ലന്‍ഡ്‌സ്. അസഹനീയമായ യാതന, രോഗമുക്തിക്ക് ഒട്ടുംസാധ്യതയില്ലാത്ത അവസ്ഥ തുടങ്ങിയ ആറുസാഹചര്യങ്ങളില്‍ ദയാമരണമാകാം എന്നാണു നിയമം.