മണിപ്പാൽ ഡേയ്‌സ്...: ലേഖനം; ഓമന ജോൺ 

മണിപ്പാൽ ഡേയ്‌സ്...: ലേഖനം; ഓമന ജോൺ 

ർഷങ്ങൾക്കു മുൻപ് മക്കളുടെ പഠനം പ്രമാണിച്ച് ഞാൻ മണിപ്പാലിൽ മൂന്നു വർഷത്തോളം താമസിച്ചിരുന്നു. സുന്ദരമായ സ്ഥലം. പ്രഭാതങ്ങളിൽ ഞാൻ നടക്കാൻ പോകുമായിരുന്നു. റോഡിനു ഇരുവശവും കശുമാവും.. മാവും.. പ്ലാവും എല്ലാം നിറഞ്ഞു നിന്നിരുന്നു. കശുമാവ് പൂക്കുമ്പോൾ ഒരു നല്ല മണമുണ്ട്. ആ പൂക്കളുടെ സൗരഭ്യം എനിക്കൊത്തിരി ഇഷ്ടം . ഞാൻ സ്ഥിരമായി നടക്കാൻ പോകുന്ന വഴിയിൽ അല്പം ഉയർന്ന ഒരു സ്ഥലമുണ്ടായിരുന്നു. അവിടെയൊരു അമ്പലവും. അമ്പലത്തിൽ പോയി ഞാൻ പ്രാർത്ഥിച്ചിരുന്നു . പോകുമ്പോഴും, തിരിച്ചു വരുമ്പോഴും ആളുകളെ കാണാം. ഇതൊക്കെ മനസ്സിനു സുഖം തരുന്ന കാര്യങ്ങൾ. ജീവിതം ഞാൻ ശരിക്കും ആസ്വദിച്ചു. 

ബസ് യാത്രകൾ എനിക്ക് വളരെ ഇഷ്ട്ടം. ട്രെയിൻ യാത്രകൾ അതിലേറെ ഇഷ്ട്ടം. സുന്ദരമായ പ്രൈവറ്റ് ബസ്സുകളിൽ ഞാൻ യാത്രകൾ ചെയ്തു. കേരളത്തിൽ നിന്നും ഉഡുപ്പിയിലേക്ക് ധാരാളം ട്രെയിൻ യാത്രകൾ... ബസ് യാത്രകൾ. ധാരാളം സഹയാത്രികരെ പരിചയപ്പെട്ടു. മണിക്കൂറുകൾ നീണ്ട യാത്രകൾ നല്ല സൗഹൃദങ്ങൾ സമ്മാനിച്ചു. 

ഉഡുപ്പി റെയിൽവേ സ്റ്റേഷൻ ഞാൻ താമസിച്ചിരുന്ന സ്ഥലത്തിനടുത്തായിരുന്നു. റെയിൽവേ സ്റ്റേഷനിൽ വേണ്ടപ്പെട്ടവർ പാതിരാക്ക് വന്നിറങ്ങുമ്പോൾ, അവരെ കൂട്ടിക്കൊണ്ടു വരാൻ ഞാൻ തനിയെ വണ്ടിയെടുത്തു ഡ്രൈവ് ചെയ്തു പോയി. എന്നെ അവിടെ പുരുഷന്മാർ ആരും ശല്യം ചെയ്തില്ല. എനിക്ക് അവിടെ ആരെയും ഭയക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. 

കഴുകന്റെ കണ്ണുകളുമായി സ്ത്രീകളെ/ പെൺകുട്ടികളെ ശല്യം ചെയ്യാനോ, ഉപദ്രവിക്കാനോ അവിടെ നിരത്തുകളിൽ...വാഹനങ്ങളിൽ, പുരുഷന്മാർ ഉണ്ടായിരുന്നില്ല. വളരെ മാന്യമായിട്ടും ബഹുമാനത്തോടെയുമാണ് അവിടെ പുരുഷന്മാർ സ്ത്രീകളോട് പെരുമാറുന്നത് ഞാൻ കണ്ടിട്ടുള്ളത്. എന്നാൽ നമ്മുടെ കേരളത്തിലോ? സന്ധ്യ മയങ്ങി കഴിഞ്ഞാൽ എത്ര സ്ത്രീകൾക്ക് റോഡിൽ തനിച്ചു നടക്കാൻ ധൈര്യമുണ്ട്? എന്താണ്‌ നമ്മുടെ കേരളത്തിലെ കുഴപ്പം? കുഴപ്പം കുടുംബങ്ങളിൽ തന്നെ. ഒരു പെൺകുട്ടി ജനിച്ചു കഴിഞ്ഞാൽ, അവളുടെ വളർച്ചയുടെ ഓരോ കാലഘട്ടത്തിലും ധാരാളം "അരുതുകൾ" ആണ് മാതാപിതാക്കളിൽ നിന്നും, ബന്ധുക്കളിൽ നിന്നും, സമൂഹത്തിൽ നിന്നും അവൾക്കു ലഭിക്കുന്നത്. പലപ്പോഴും അവളുടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു. എന്തുകൊണ്ട്? കാരണം, നമ്മുടെ സമൂഹത്തിൽ അവൾ സുരക്ഷിതയല്ല എന്നതു തന്നെ. 

കേരളത്തിൽ മാത്രമല്ല, മറ്റു പല സംസ്ഥാനങ്ങളിലും സ്ഥിതി ഇതൊക്കെ തന്നെ. അല്ലെങ്കിൽ, ഇതിൽ കൂടുതൽ. ഇതിനൊരു പരിഹാരം എന്ത്? കുടുംബങ്ങളിൽ പെൺകുട്ടികളെ മര്യാദയും, നിയമങ്ങളും, സദാചാരമൂല്യങ്ങളും പരിശീലിപ്പിക്കുന്ന മാതാപിതാക്കൾ തങ്ങളുടെ ആൺസന്തതികളെ കൂടി നന്നായി ഇതൊക്കെ പരിശീലിപ്പിക്കണം. നന്നായി വളർത്തണം. വീടിനു പുറത്ത്.... സമൂഹത്തിൽ... മറ്റുള്ളവർക്ക്... അവൻ ഉപദ്രവകാരിയോ/ശല്യക്കാരനോ/ ഗുണ്ടായോ? മാതാപിതാക്കൾ ആൺമക്കളെ ശ്രദ്ധിക്കണം. പോക്ക് ശരിയല്ല എന്നു കണ്ടാൽ വേണ്ട ശിക്ഷ കൊടുക്കണം. നാട്ടുകാരുടെയും പോലീസുകാരുടെയും തല്ലു കൊള്ളുന്നതിനേക്കാൾ അഭിമാനം, വീട്ടുകാരുടെ തല്ലു കൊള്ളുന്നതിനാണ്.

എന്റെ ചിന്തകൾ "മണിപ്പാൽ ഡേയ്‌സ് " നിന്നും അൽപ്പം മാറിപ്പോയി. നല്ല കാര്യങ്ങൾ കാണുകയും.. കേൾക്കുകയും.. അനുഭവിക്കുകയും ചെയ്യുമ്പോൾ ഞാൻ അറിയാതെ എന്റെ എഴുത്തിൽ അതൊക്കെ കടന്നു വരും. 

മൂകാംബിക ക്ഷേത്രം.. കുടജാദ്രി.. ഇവിടെയൊക്കെ പോകണം, ഇതെന്റെ വലിയ സ്വപ്നമായിരുന്നു. "തീർത്ഥാടനം" എന്ന ജയറാം സുഹാസിനി സിനിമ കണ്ട കാലം മുതൽ കുടജാദ്രി എന്നെ മാടി വിളിക്കാൻ തുടങ്ങിയതാണ്. എന്റെ ഈ യാത്രക്ക് എന്നെ സഹായിച്ചത് എന്റെ അയൽവാസികൾ ആയിരുന്ന, മണിപ്പാൽ സിൻഡിക്കേറ്റ് ബാങ്കിൽ ആ സമയം മാനേജർ ആയി ജോലി ചെയ്തിരുന്ന Mr. രാജേന്ദ്രനും അദ്ദേഹത്തിന്റെ പ്രിയ പത്നിയായ വിലാസിനി ചേച്ചിയുമാണ്. Mr. രാജേന്ദ്രൻ, അദ്ദേഹം വർഷങ്ങൾക്കു മുമ്പ് ഈ ലോകം വിട്ടു പോയി. എന്റെ മൂകാംബിക.. കുടജാദ്രി സ്വപ്നം നടപ്പിലായതിന്റെ കാരണക്കാർ നല്ലവരായ ആ അയൽക്കാർ തന്നെ. നന്ദിയോടെ അവരെ ഞാൻ ഓർമ്മിക്കുന്നു. 

2006 മാർച്ചു മാസത്തിലെ ഒരു പ്രഭാതത്തിൽ ഞങ്ങൾ കുടജാദ്രിയിലേക്ക് പുറപ്പെട്ടു. കുടജാദ്രി അമ്പലത്തിലേക്കുള്ള ജീപ്പിലെ യാത്ര വളരെ സാഹസികമായ ഒന്നായിരുന്നു. "സർവജ്ഞപീഠം" കാണാൻ ഞാൻ പോയില്ല. കൂടെയുള്ളവർ അങ്ങോട്ടേക്ക് പോയപ്പോൾ ഞാൻ അമ്പലത്തിൽ വിശ്രമിച്ചു. ചൂടു കാലം ആയിരുന്നെങ്കിലും, അമ്പലത്തിനു ചുറ്റും നല്ല തണുത്ത കാറ്റ് വീശിക്കൊണ്ടിരുന്നു. നല്ല തണുത്ത വെള്ളം കുടിച്ചു. ഉച്ചക്ക് സ്വാമിമാരുടെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചു. തിരിച്ചു വരുമ്പോൾ മൂകാംബിക ക്ഷേത്രത്തിൽ കയറി. ദേവിയെ നോക്കി ഞാൻ തൊഴുതു. മനസ്സ് നിറയെ സന്തോഷം നിറഞ്ഞു തുളുമ്പി. 

മണിപ്പാൽ ഡേയ്‌സ് എന്റെ ഓർമ്മകളിൽ എപ്പോഴും വരാറുണ്ട്. അപ്പോഴൊക്കെ മനസ്സിൽ ആരോ മന്ത്രിക്കുന്നതു പോലെ തോന്നും, "ഇനിയും പോകണം മൂകാംബികയിലേക്ക്... കുടജാദ്രിയിലേക്ക്. സർവജ്ഞപീഠത്തിലേക്ക്‌ നടക്കണം. കുടജാദ്രിയുടെ പ്രകൃതി സൗന്ദര്യം മുഴുവൻ എന്റെ ക്യാമറയിൽ പകർത്തണം." 

എന്റെ ഈ ആഗ്രഹങ്ങൾ നടക്കുമോ? കാലം തെളിയിക്കട്ടെ. 


ഓമന ജോൺ, മസ്കറ്റ്