സി.ബി.ഐ റെയ്ഡിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി മഹുവ മൊയ്ത്ര

സി.ബി.ഐ റെയ്ഡിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി മഹുവ മൊയ്ത്ര

ന്യൂഡല്‍ഹി: സി.ബി.ഐ റെയ്ഡിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി മഹുവ മൊയ്ത്ര. ചോദ്യത്തിന് കോഴ വാങ്ങിയെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം മഹുവയുടെ ബംഗാളിലെ വസതിയില്‍ സി.ബി.ഐ റെയ്ഡ് നടന്നിരുന്നു.

കേന്ദ്ര ഏജൻസികളുടെ നടപടികള്‍ക്ക് മാർഗരേഖ വേണമെന്ന് അവർ പരാതിയില്‍ ആവശ്യപ്പെട്ടു. സ്ഥാനാർഥികളുടെ പ്രചാരണം തടസപ്പെടുത്തുന്ന കടുത്ത നടപടികള്‍ സ്വീകരിക്കരുതെന്നും മഹുവ ആവശ്യപ്പെട്ടു.

രാജ്യവ്യാപകമായി പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ടുള്ള കേന്ദ്ര ഏജൻസികളുടെ നടപടികള്‍ക്കിടെയായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വസതിയിലും സി.ബി.ഐ എത്തിയത്. വ്യാഴാഴ്ച മഹുവയ്ക്കെതിരെ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ലോക്പാല്‍ നിർദേശപ്രകാരമാണു നടപടിയെന്നാണ് റിപ്പോർട്ട്. ബി.ജെ.പി എം.പി നിഷികാന്ത് ദുബേ മഹുവയ്ക്കെതിരെ ഉയർത്തിയ ആരോപണങ്ങളില്‍ സി.ബി.ഐ നടത്തിയ പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തലുകള്‍ വിലയിരുത്തിയ ശേഷമാണ് ലോക്പാല്‍ നിർദേശമിറക്കിയത്. തൃണമൂല്‍ നേതാവിനെതിരെ ഉയർന്ന ആരോപണങ്ങള്‍ ആറു മാസത്തിനിടെ സമഗ്രമായി അന്വേഷിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ലോക്സഭയില്‍ ചോദ്യങ്ങള്‍ ചോദിക്കാൻ ദുബൈ കേന്ദ്രമായുള്ള വ്യവസായിയായ ദർശൻ ഹീരനന്ദാനിയില്‍നിന്നു പണവും പാരിതോഷികങ്ങളും സ്വീകരിച്ചെന്നാണ് ആരോപണം. ഗൗതം അദാനിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ചോദ്യങ്ങളുയർത്താനായിരുന്നു ആവശ്യമെന്നാണ് റിപ്പോർട്ട്. ആരോപണങ്ങള്‍ മഹുവ ശക്തമായി നിഷേധിച്ചിരുന്നു.