കീം പരീക്ഷാ വിവാദം; സ്റ്റേറ്റ് സിലബസ് വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി

Jul 13, 2025 - 11:48
 0  5
കീം പരീക്ഷാ വിവാദം; സ്റ്റേറ്റ് സിലബസ് വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി

കീം പരീക്ഷാ വിവാദത്തിൽ സ്റ്റേറ്റ് സിലബസ് വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. പുനഃക്രമീകരിച്ച റാങ്ക് പട്ടിക റദ്ദാക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ ഒരു അവകാശവും നഷ്ടപ്പെടില്ലെന്ന് അഭിഭാഷകന്‍ സുല്‍ഫിക്കര്‍ അലി പറഞ്ഞു. പക്ഷെ അനര്‍ഹമായി അവര്‍ നേടിക്കൊണ്ടിരുന്ന അവകാശം ഇല്ലാതാക്കുകയാണ് വേണ്ടതെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റേറ്റ് സിലബസ് വിദ്യാര്‍ത്ഥികള്‍ക്കും തുല്യനീതി എന്നതാണ് വാദമെന്നും സുല്‍ഫിക്കര്‍ അലി വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ് കേസില്‍ ഹാജരാകുന്നത്. കേരളത്തിലെ എന്‍ജിനീയറിംഗ് പ്രവേശനത്തിനായി ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച കീം റാങ്ക് ലിസ്റ്റ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ റദ്ദാക്കിയിരുന്നു.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് പ്രോസ്പെക്ടസില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റം നിയമവിരുദ്ധവും നീതികരിക്കാനാവാത്തതും ഏകപക്ഷീയവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് ഡി കെ സിംഗിന്റെ ഉത്തരവ്.

ഫെബ്രുവരി 19ന് പുറത്തിറക്കിയ പ്രോസ്പെക്ടസ് പ്രകാരം പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു