ദൂസരാ ഔരത് : നോവലെറ്റ്, സൂസൻ പാലാത്ര

ദൂസരാ ഔരത് : നോവലെറ്റ്,  സൂസൻ പാലാത്ര

  ഈയ്യിടെയായി  ആ പഴയ നൊമ്പരം .... പെറ്റമ്മയോടുപോലും  പങ്കുവച്ചിട്ടില്ലാത്ത ആ ഹൃദയവേദന ലാലിയെ പിടികൂടിയിരിക്കുകയാണ്. ഇനിയും  പൂരിപ്പിച്ചിട്ടില്ലാത്ത സമസ്യയുടെ ഈരടികൾ പോലെ അതവളിൽ തുടിതാളം കൊട്ടുകയാണ്. 

    പ്രഭേട്ടനെ താൻ എത്രയധികം സ്നേഹിക്കുന്നു. അത് വിവരിക്കുവാൻ വാക്കുകളാൽ അസാധ്യമാണ്. അദ്ദേഹത്തോടുള്ള വർദ്ധിച്ച സ്നേഹം നിമിത്തം കുടുംബഭാരം മുഴുവൻ ലാലി സ്വന്തം തോളിൽ വഹിച്ചു. സാമ്പത്തികത്തിനു പോലും പ്രഭാതിനെ ബുദ്ധിമുട്ടിച്ചില്ല. 

     സാധാരണ ഭാര്യമാർ, പുതിയ സാരിവേണം, ആഭരണം വേണം, അതു വേണം ഇതു വേണം എന്നൊക്കെ പ്റഞ്ഞ്  ഭർത്താക്കന്മാരെ അലട്ടാറുള്ളതുപോലെ ലാലി ഒന്നും തന്നെ അയാളെ ചുമതലപ്പെടുത്തിയില്ല. അയാൾ ഒന്നും അറിഞ്ഞു ചെയ്തതുമില്ല. 

      ഒരു പ്രൈവറ്റ് സ്ഥാപനത്തിലെ അക്കൗണ്ടൻ്റായ അവൾ കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് എത്ര മെച്ചമായി തൻ്റെ കുടുംബം നടത്താമോ അത്ര ഭംഗിയായി നടത്തി.  അദ്ദേഹത്തിന് കിട്ടുന്ന വരുമാനത്തിൻ്റെ കണക്കു ചോദിച്ചില്ല, അയാളൊട്ട് പറഞ്ഞുമില്ല. 

      കുടുംബത്തിലെ അനുദിനച്ചെലവുകൾ കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചും നടത്താൻ സാധിച്ചെങ്കിലും, മക്കൾ ഉന്നതസ്ഥാനീയരായി  വിവാഹിതരായി ഭേദപ്പെട്ട ജീവിതങ്ങൾ നയിക്കുന്നുവെങ്കിലും  അത്ര തന്നെ  ലാഘവത്തോടെ തൻ്റെ ജീവിത കണക്കുകൾ  കൂട്ടിയും കിഴിച്ചും ചെയ്യാനാകാഞ്ഞതിൽ അവൾക്കു് തെല്ലല്ലാത്ത അസ്വസ്ഥതയുണ്ടായി.

        എന്തിനാണ് താൻ പ്രഭേട്ടനെ ഇത്രയധികം സ്നേഹിച്ചത്.  എന്തു ഗുണമാടീ നീ അവനിൽ കാണുന്നത് എന്ന് മനസ്സ് പലതവണ അവളോട് ചോദിച്ചതാണ്. സ്വന്തം മനസ്സിനു പോലും ശരിയായ ഒരുത്തരം നല്കാൻ അവൾക്കായില്ല. 

       ഇല്ല തൻ്റെ പ്രഭേട്ടനെ താൻ സ്നേഹിച്ചതിൻ്റെ നൂറിലൊരംശം അയാൾ തന്നെ സ്നേഹിച്ചിരുന്നെങ്കിൽ... പോട്ടെ, ഈ ദു:ഖങ്ങൾ താൻ മരിച്ച് തന്നെ കുഴിയിലടക്കുന്നതു വരെ തൻ്റെ കൂടപ്പിറപ്പായി തുടരട്ടെ. പിന്നീട്, തന്നോടൊപ്പം അവയും ആ  കുഴിയിൽ അടക്കപ്പെടട്ടെ. ആരും കാണാതെ മണ്ണിൽ കുഴിച്ചുമൂടപ്പെടട്ടെ.

         പെറ്റമ്മ എല്ലാവർക്കും ഉത്തമ സുഹൃത്താണ്. തനിക്കും അങ്ങനെയായിരുന്നു. മറ്റു പെണ്മക്കൾ ഭർത്താക്കന്മാരുടെ ഗുണദോഷങ്ങൾ കലർപ്പില്ലാതെ അമ്മയെ പറഞ്ഞു കേൾപ്പിച്ചപ്പോൾ,  താൻ മാത്രം തൻ്റെ ആകുലതകളും താൻ തിന്നുന്ന തീയുടെചൂടും അമ്മയെ അറിയിച്ചില്ല.  അന്നൊക്കെ കൊതിച്ചു മക്കളോടു പറയണം... മക്കൾ അറിയട്ടെ. ഇല്ല അവരോടും പറഞ്ഞില്ല. മനസ്സ്  പങ്കിടാൻ ഒരു മകൾ ജനിക്കാതെ പോയതിൽ അസ്വസ്ഥയായിട്ടുണ്ടു്. 

       ഒരു മോളില്ലാത്തതിൻ്റെ സങ്കടം പറഞ്ഞപ്പോൾ ഒപ്പം ജോലി ചെയ്യുന്ന ജഗദമ്മ പറഞ്ഞു: "എന്തിനാടീ ലാലീ ... പെമ്മക്കള്... ആമ്പിള്ളേരുതന്നാ നല്ലത്. കുടുംബംനോക്കാത്ത, മക്കളെനോക്കാത്ത, കെട്ടിയോൻ്റെ കൂടെയുള്ള കയ്പുനിറഞ്ഞ ജീവിതത്തിൽ ഒരുപാടു ത്യാഗങ്ങൾ സഹിച്ച് രണ്ടു പെണ്മക്കളേം  പഠിപ്പിച്ച് മിടുക്കരാക്കി ഒള്ളതു വിറ്റു പെറുക്കി കല്യാണോം കഴിപ്പിച്ചു. ഇപ്പം അവരായി അവരുടെ പാടായി. എഴുന്നേറ്റ് നടക്കാവുന്ന കാലം വരെ ഈ ജോലി ചെയ്യാം... അത്രതന്നെ. ഒള്ള കെടപ്പാടോം കൂടി വിറ്റിട്ട് രണ്ടു മക്കടേം വീട്ടിൽ മാറിമാറി നിയ്ക്കാമെന്നാ അവളുമാരു പറയുന്നത്. സ്വത്തിനു വേണ്ടി എൻ്റെ കാലശേഷം കടിപിടി കൂട്ടണ്ടല്ലോന്ന് " അതു പറഞ്ഞ് ഗദ്ഗദമടക്കാൻ പാടുപെട്ട ജഗദമ്മയെ താൻ എങ്ങനെയാണ് സാന്ത്വനിപ്പിച്ചത്. പാവം... അതോടെ മകളില്ലാത്ത വേദന ഓടിയകന്നു. 

     വാർദ്ധക്യത്തിലെത്തുമ്പോൾ ജഗദമ്മയെ മക്കൾ  അഗതിമന്ദിരത്തിൽ ആക്കാതിരിക്കാൻ പ്രാർത്ഥിക്കണമെന്ന് അവൾ  പലപ്പോഴും പറഞ്ഞിട്ടുണ്ട്. താൻ അവൾക്കു വേണ്ടി പ്രാർത്ഥിച്ചിട്ടുമുണ്ട്. 

       എന്നാൽ തൻ്റെ വ്യാകുലതകൾ.... ഹൃദയത്തിൻ്റെ നീറ്റൽ... യൗവ്വനത്തിലെന്നപോലെ ഇന്നും തന്നെ പിടികൂടിയിരിക്കുകയാണ്. ആരോടും പങ്കുവയ്ക്കാത്ത, ഉണങ്ങാത്ത മുറിവുകൾ. 

       കാണുന്ന സ്വപ്നങ്ങളിലെല്ലാം അവ്യക്തമായ ഒരു സ്ത്രീരൂപം കടന്നുവരുന്നു. തൻ്റെ ഭർത്താവിൻ്റെയടുത്ത് അവർ എടുക്കുന്ന സ്വാതന്ത്ര്യം. പുറം തിരിഞ്ഞു നില്ക്കുന്ന ആ സ്ത്രീ പറയുന്നത് പലപ്പോഴും കേൾക്കാനാവുന്നില്ല ... അത്ര നേർത്തസ്വരം.. അവരുടെ കയ്യിൽ തൻ്റെ പ്രഭേട്ടൻ ഒരിക്കൽ  സ്വർണ്ണക്കാപ്പുവള അണിയിക്കുന്നു. മറ്റൊരിക്കൽ     ഭർത്താവിൻ്റെ എ.ടി. എം. കാർഡ് അവരുടെകയ്യിൽ. 

        അന്ന് ഉച്ചത്തിൽ... ഉച്ചമയക്കത്തിൽ അവൾ  വിളിച്ചു കാറി. എടീ നായിൻ്റെ മോളെ, നീയെല്ലാം എടുത്തോടീ... എന്നാലും എൻ്റെ ഭർത്താവിനെ തിരിച്ചുതാടീ പങ്കിടാതെടീ... 

          എൻ്റെ മക്കൾക്കവരുടെയച്ഛനെ വേണം..

ക്ർ... ർ.... ർ....ർ... നിർത്താതെയടിക്കുന്ന കാളിംഗ് ബെല്ലിൻ്റെ ശബ്ദം.  അവൾ ഞെട്ടിത്തരിച്ച് ഉണർന്നു. 

 

 

            ( തുടരും...)